Obituary | പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

 


മുംബൈ: (KVARTHA) പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ്(73) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മകള്‍ നയാബ് ഉദാസ് പങ്കജ് ഉദാസിന്റെ മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. 2006 ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 'ചിട്ടി ആയി ഹേ' പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ ആരാധക ഹൃദയങ്ങളില്‍ ചേക്കേറിയ ഗായകനാണ് പങ്കജ്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ.

ഗുജറാതിലെ ജറ്റ്പുര്‍ ഗ്രാമത്തിലാണ് പങ്കജ് ഉദാസിന്റെ ജനനം. സംഗീത താല്‍പര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ജ്യേഷ്ഠന്മാര്‍ മന്‍ഹറും നിര്‍മലും സംഗീതത്തില്‍ താല്‍പര്യം കാണിച്ചിരുന്നു. മൂത്ത് സഹോദരന്‍ മന്‍ഹര്‍ ഉദാസ് നേരത്തെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചയാളാണ്. കല്യാണ്‍ജി ആനന്ദ് ജിമാരുടെ സഹായിയായി മുകേഷിനുവേണ്ടി ട്രാക് പാടിയിരുന്ന മന്‍ഹറിന് ഗുജറാതിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുമായി മുന്നൂറിലേറെ ഗാനങ്ങള്‍ ആലപിച്ചെങ്കിലും അര്‍ഹിക്കുന്ന പ്രശസ്തി നേടിയെടുക്കാനായില്ല.

Obituary | പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു


അതുകൊണ്ടു തന്നെ ചേട്ടന്റെ പാത പിന്തുടര്‍ന്നുവന്ന പങ്കജ് പിന്നണി ഗാനരംഗത്തേക്കാള്‍ ഗസലുകള്‍ക്ക് പ്രാധാന്യം കൊടുത്തു. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്.

മുംബൈയില്‍ സെന്റ് സേവിയേഴ്സ് കോളജില്‍ പഠിക്കാനെത്തിയതോടെയാണ് ആ പ്രതിഭയ്ക്ക് വളരാനുള്ള വളക്കൂറുളള മണ്ണായത്. രാജകോട്ട് സംഗീത നാടക അകാഡമിയില്‍ നിന്ന് തബല അഭ്യസിച്ചു. പിന്നീട് മാസ്റ്റര്‍ നവരംഗിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഉഷ ഖന്ന ഈണമിട്ട കാംനയിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ചിത്രം പരാജയമായതോടെ ഗസലാണ് തന്റെ ലോകമെന്ന് പങ്കജ് തിരിച്ചറിഞ്ഞു. ഗസലിനെ ജീവിതവഴിയായി തിരഞ്ഞെടുക്കുന്നതും കാംനയുടെ പരാജയത്തോടെയാണ്.

ഗസല്‍ ജീവിതവഴിയായി തിരഞ്ഞെടുത്ത പങ്കജ് ആദ്യം ചെയ്തത് ഉറുദു പഠിക്കുകയാണ്. പിന്നീട് കാനഡയിലേയ്ക്ക് പറന്നു. പത്ത് മാസം കാനഡയിലും യു. എസിലും ഗസലുമായി അലഞ്ഞശേഷമാണ് പിന്നീട് ഇന്‍ഡ്യയിലേയ്ക്ക് തിരിച്ചുവരുന്നത്.

1986ല്‍ പുറത്തിറങ്ങിയ 'നാം' എന്ന ചിത്രത്തിലൂടെയാണ് പങ്കജ് പിന്നണി ഗാനരംഗത്ത് ബോളിവുഡില്‍ ചുവടുറപ്പിച്ചത്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് പുതിയൊരു പാത തന്നെ അദ്ദഹം വെട്ടിത്തുറന്നു. അപ്പോഴും ഗസലിനോടു തന്നെയായിരുന്നു ഉദാസിന്റെ ആദ്യ പ്രണയം. 1980ലാണ് പങ്കജിന്റെ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറങ്ങിയത്. 'ആഹട്' എന്നായിരുന്നു ഇതിന്റെ പേര്. 1990ല്‍ വെല്‍വെറ്റ് വോയ്സ് പുറത്തിറക്കിയ 'റൂബായി' ഗസല്‍ പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായി.

പങ്കജിന്റെ സംഗീതയാത്രകള്‍ വിദേശരാജ്യങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'ചിട്ടി ആയി ഹേ' എന്ന ഗസല്‍ മറുനാടുകളിലുള്ള ഇന്‍ഡ്യക്കാരെ ഏറെ ആകര്‍ഷിച്ചു. ഇന്‍ഡ്യന്‍ ജീവിതത്തെക്കുറിച്ച് ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തിയ ഗസലായിരുന്നു അത്.

ചുപ്കെ ചുപ്കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്തെ ടൂതെ, ആന്‍സു തുടങ്ങിയ ഇന്നും ഗസല്‍പ്രേമികള്‍ക്ക് ഒരു ഗാനമെന്നതിലേറെ ഒരു വികാരമാണ്.

Keywords: Legendary Ghazal singer Pankaj Udhas Passed Away, Mumbai, News, Legend Pankaj Udhas, Ghazal, Dead, Obituary, Hospital, Treatment, Social Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia