Vaccination Guidelines | സംസ്ഥാനത്ത് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാക്സിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പല വാക്സിനുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്സിനേഷന്‍ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Vaccination Guidelines | സംസ്ഥാനത്ത് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പ്രധാന വാക്സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

* ഒരു മെഡിക്കല്‍ ഓഫീസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമേ വാക്സിനേഷന്‍ ക്ലിനിക്കോ സെഷനോ നടത്താവൂ. വാക്സിനേഷന് മുമ്പ് എല്ലാ കുട്ടികളുടെയും ആരോഗ്യനില പരിശോധിക്കണം.

*ആ സ്ഥാപനത്തിലെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ മേല്‍നോട്ടം വഹിക്കണം.

* പരിശീലനം നേടിയ ജിവനക്കാരെ മാത്രമേ വാക്സിനേഷനായി നിയോഗിക്കാവൂ.

* പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററില്‍ നിന്ന് വാക്സിന്‍ പുറത്തെടുത്ത് കാരിയറില്‍ വയ്ക്കുമ്പോള്‍ വാക്‌സിന്റെ പേര്, ബാച്ച് നമ്പര്‍, കാലഹരണ തീയതി, വിവിഎം, വാക്സിന്‍ വയല്‍ എന്നിവ പരിശോധിക്കണം.

* വാക്സിനേഷന് മുമ്പ് കുട്ടിയുടെ പ്രായവും വാക്സിനും പരിശോധിച്ചുറപ്പിക്കണം.

* കുത്തിവയ്പ്പിന് മുമ്പും വാക്‌സിന്റെ പേര്, ബാച്ച് നമ്പര്‍, കാലഹരണപ്പെടുന്ന തീയതി, വിവിഎം എന്നിവ ഉറപ്പാക്കണം.

* വാക്സിനേഷന്‍ എടുത്ത എല്ലാ കുട്ടികളും ഗര്‍ഭിണികളും വാക്സിനേഷന്‍ കഴിഞ്ഞ് 30 മിനിറ്റെങ്കിലും നിരീക്ഷണത്തില്‍ കഴിയണം.

* സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പാലിക്കണം.

* അഴുക്ക് പുരണ്ട ചര്‍മ്മമാണെങ്കില്‍ കുത്തിവയ്പ്പിന് മുമ്പ് ആ ഭാഗം വൃത്തിയായി കഴുകണം.

* മുറിവുള്ള ചര്‍മ്മ ഭാഗം ഒഴിവാക്കി അണുബാധയില്ലാത്ത സ്ഥലത്ത് കുത്തിവയ്ക്കണം.

* കുത്തിവയ്പ്പിന് ശേഷം ആ ഭാഗത്ത് തടവരുത്.

* വാക്സിനേഷനായി സിറിഞ്ചുകള്‍ മുന്‍കൂട്ടി നിറച്ച് വയ്ക്കരുത്.

* വാക്സിനേഷന്‍ സെഷനില്‍ അണുബാധ നിയന്ത്രണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.

*വാക്സിന് ശേഷം എഇഎഫ്ഐ (Adverse Event Following Immunization) കേസുണ്ടായാല്‍ മെഡിക്കല്‍ ഓഫീസര്‍ മുഖേന ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.

* ഈ കേസുകള്‍ ബന്ധപ്പെട്ട JPHN, PHN, PHNS, മെഡിക്കല്‍ ഓഫീസര്‍ തുടര്‍ നിരീക്ഷണം നടത്തണം. സിവിയര്‍, സീരിയസ് കേസുകള്‍ ജില്ലാതല എ ഇ എഫ് ഐ കമ്മിറ്റി പരിശോധിച്ച് സംസ്ഥാന തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

* ഇതുസംബന്ധിച്ച പരിശീലനം എല്ലാ വാക്സിനേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം.

Keywords: Guidelines issued to strengthen vaccination in the state, Thiruvananthapuram, News, Guidelines, Vaccination, Health, Health Minister, Veena Vijayan, Child, Pregnant Women, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia