Periods Pain | ആര്‍ത്തവ സമയത്തെ വേദനയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ! ഇവ പരീക്ഷിച്ചുനോക്കൂ

 


കൊച്ചി: (KVARTHA) ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. വയറുവേദന, നീര്‍വീക്കം, ഓക്കാനം, തലവേദന തുടങ്ങിയവയെ കൊണ്ട് പല ബുദ്ധിമുട്ടുകളാണ് ഈ സമയത്ത് സ്ത്രീകള്‍ അനുഭവിക്കാറുള്ളത്. ചില സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് കടുത്ത വയറുവേദനയും അനുഭവപ്പെടാറുണ്ട്. പലപ്പോഴും വേദന അസഹനീയമാകുന്നതോടെ പലരും ആശ്വാസം എന്ന നിലയ്ക്ക് വേദനസംഹാരികളെ ആശ്രയിക്കാറുണ്ട്.

എന്നാല്‍ ഇവ ശരീരത്തിന് പല വിധത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യം അറിഞ്ഞിട്ടും കുറച്ചുസമയമെങ്കിലും ആശ്വാസം കിട്ടുമല്ലോ എന്നുകരുതിയാണ് പലരും ഇത്തരം വേദന സംഹാരികളില്‍ അഭയം തേടുന്നത്. എന്നാല്‍ ആര്‍ത്തവ വേദനയില്‍ നിന്ന് മുക്തി നേടാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍ പരീക്ഷിക്കാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. അവയെ കുറിച്ച് അറിയാം.

Periods Pain | ആര്‍ത്തവ സമയത്തെ വേദനയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ! ഇവ പരീക്ഷിച്ചുനോക്കൂ


ജലാംശം നിലനിര്‍ത്തുക

ആര്‍ത്തവസമയത്ത് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. കാരണം അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. നന്നായി ജലാംശം നിലനിര്‍ത്തുന്നത് ആര്‍ത്തവത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ഇഞ്ചിയിട്ട ചായ കുടിക്കുക, അയമോദക ചായ കുടിക്കുക, എന്നിവ ആര്‍ത്തവ വേദനയ്ക്ക് പരിഹാരമാകുന്നു. ദിവസം മുഴുവന്‍ പുതിന വെള്ളം കുടിക്കുന്നതും നല്ലതാണ്.

യോഗ പരിശീലിക്കുക

ആര്‍ത്തവ വേദന ശമിപ്പിക്കാന്‍ യോഗയാണ് ഉത്തമമായ പരിഹാരം. പ്രാണായാമം, ശവാസനം തുടങ്ങിയ ആസനങ്ങള്‍ അനുയോജ്യമാണ്. കാരണം അവ ശരീരത്തിന് വിശ്രമം നല്‍കുന്നതും ചെയ്യാന്‍ എളുപ്പവുമാണ്.
പെല്‍വിക് മേഖലയ്ക്ക് ചുറ്റുമുള്ള രക്തചംക്രമണം വര്‍ധിപ്പിക്കാനും പ്രോസ്റ്റാഗ്ലാന്‍ഡിനുകളെ (ആര്‍ത്തവസമയത്ത് ഗര്‍ഭാശയ പേശികള്‍ ചുരുങ്ങാന്‍ കാരണമാകുന്ന ഹോര്‍മോണ്‍ പോലുള്ള വസ്തുക്കള്‍) പ്രതിരോധിക്കാനും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടാനും യോഗയ്ക്ക് കഴിയും.

സൂര്യപ്രകാശം

ആര്‍ത്തവ വേദനയ്ക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിന്റെ ഉത്പാദനം കുറയ്ക്കാന്‍ വിറ്റാമിന്‍ ഡി പ്രധാനമാണ്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടമായി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ആര്‍ത്തവസമയത്ത് ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തില്‍ തട്ടുന്നത് നല്ലതാണ്.

ചൂട് പ്രയോഗിക്കുക

ഒരു ചൂടുവെള്ളത്തിന്റെ കുപ്പി ദേഹത്ത് തട്ടിക്കുന്നത് ഏറ്റവും അറിയപ്പെടുന്ന ആര്‍ത്തവ-സുഖ പ്രതിവിധിയാണ്. ആര്‍ത്തവസമയത്ത് അടിവയറ്റില്‍ ചൂട് പിടിപ്പിക്കുന്നത് ഗര്‍ഭാശയത്തിലെ സങ്കോചമുള്ള പേശികളെ വിശ്രമിക്കാന്‍ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ വേദന കൈകാര്യം ചെയ്യാന്‍ കാലാകാലമായി ഉപയോഗിക്കുന്ന ഒരു പ്രതിവിധിയാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അയമോദകം

ഈ ലളിതമായ സസ്യം ആര്‍ത്തവം മൂലമോ ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ മൂലമോ ഉണ്ടാകുന്ന പേശി, വയറുവേദന എന്നിവയെ അകറ്റാന്‍ വളരെ ഫലപ്രദമാണ്. പേശീവലിവിനുള്ള ആശ്വാസത്തിന് അയമോദക ചായ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. 2 കപ്പ് വെള്ളത്തില്‍ 2 നുള്ള് അയമോദകം ചേര്‍ത്ത് പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക. തേന്‍ ചേര്‍ത്ത് ദിവസവും രണ്ടോ മൂന്നോ തവണ കുടിക്കുക. നല്ല ഫലം കിട്ടും.

ഉലുവ

ആര്‍ത്തവ വേദനയില്‍ നിന്ന് മോചനം നേടുന്നതിന് ഉലുവ കഴിക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ ഉലുവ ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ക്കുക. അടുത്ത ദിവസം രാവിലെ, കഴിയുമെങ്കില്‍ ഇത് മുഴുവന്‍ കുടിക്കുക, അല്ലെങ്കില്‍ ഉലുവ അരിച്ച് മാറ്റി വെള്ളം മാത്രം കുടിക്കാം. ഇതിലേക്ക് വേണമെങ്കില്‍ ഒരു നുള്ള് കറുത്ത ഉപ്പും ചേര്‍ക്കാം. ഫലം ഉറപ്പ്.

കറ്റാര്‍ വാഴ


കറ്റാര്‍ വാഴയുടെ ഏറ്റവും വലിയ ആരോഗ്യ ഗുണങ്ങളിലൊന്ന് ആര്‍ത്തവ വേദന പരിഹരിക്കലാണ്. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുക, വളരെ ഉന്‍മേശം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് ദിവസവും കഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആര്‍ത്തവത്തിന് 3-5 ദിവസം മുമ്പ് കുടിക്കാന്‍ ശ്രമിക്കുക.

എള്ളെണ്ണ

ആര്‍ത്തവ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ എള്ളെണ്ണ ഉപയോഗിക്കാം. എള്ളെണ്ണയ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവസമയത്ത് കടുത്ത വയറുവേദനയുണ്ടെങ്കില്‍, എള്ളെണ്ണ ഉപയോഗിച്ച് വയറിന്റെ താഴത്തെ ഭാഗം മസാജ് ചെയ്യുക. ഇത് ആര്‍ത്തവ വേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കും.

തുളസി

ഏറെ ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ഒരു സസ്യമാണ് തുളസി. തുളസിയിലടങ്ങിയിരിക്കുന്ന കഫീക് ആസിഡ് ആര്‍ത്തവ വേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. ആര്‍ത്തവ വേദനയെ നേരിടാന്‍ തുളസിയിലയുടെ ചായയുണ്ടാക്കി കുടിക്കാം. ഇതിനായി ഒരു കപ്പ് വെള്ളത്തില്‍ 6-7 തുളസി ഇലകള്‍ ചേര്‍ത്ത് തിളപ്പിക്കുക. എന്നിട്ട് അത് ഫില്‍ടര്‍ ചെയ്ത് കുടിക്കുക. തുളസിയിലയുടെ ചായ കുടിക്കുന്നത് ആര്‍ത്തവ വേദനയില്‍ നിന്ന് വലിയ ആശ്വാസം നല്‍കുന്നു.

പെരുംജീരകം

പെരുംജീരകം കഴിക്കുന്നത് ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവ സമയത്ത് വേദനയോ കനത്ത രക്തസ്രാവമോ ഉണ്ടെങ്കില്‍ പെരുംജീരക വെള്ളം കുടിക്കുക. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ പെരുംജീരകം ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം ദിവസം 2-3 തവണ കുടിക്കുക. വളരെയേറെ ആശ്വാസം നല്‍കും.

മഞ്ഞള്‍, ജാതിക്ക

മഞ്ഞളിന് ആന്റി-ഇന്‍ഫ്ളമേറ്ററി, രോഗശാന്തി ഗുണങ്ങളുണ്ട്. അതേസമയം ജാതിക്ക പേശി വേദന, മലബന്ധം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. ഈ രണ്ട് ചേരുവയും ഒരുമിച്ച് ഉപയോഗിക്കുന്നത് ആര്‍ത്തവ വേദനയില്‍ നിന്ന് ഗണ്യമായ ആശ്വാസം നല്‍കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനായി ചൂടുള്ള പാലില്‍ അല്‍പം മഞ്ഞളും ജാതിക്കയും ചേര്‍ത്ത് ഉറങ്ങുന്നതിന് മുമ്പ് കുടിക്കുക. ആര്‍ത്തവ വേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനൊപ്പം നല്ല ഉറക്കത്തിനും ഇത് സഹായിക്കുന്നു.

Keywords: Effective Ayurvedic tips to ease period pain, Kochi, News, Ayurvedic Tips, Period Pain, Health Tips, Health, Drinking Water, Doctors, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia