Chalakudy 2024 | ചാലക്കുടിയിൽ സീനിയർ നേതാവും മുൻ നേതാവും ഏറ്റുമുട്ടും; ബെന്നി ബെഹനാൻ - പി സി ചാക്കോ അങ്കം തീപാറും

 


_സോണൽ മൂവാറ്റുപുഴ_

ചാലക്കുടി: (KVARTHA) നടൻ ഇന്നസെൻ്റ് എം പി ആയിരുന്ന ചാലക്കുടി മണ്ഡലത്തിൽ ഈ പ്രാവശ്യം മത്സരം തീപാറുമെന്നാണ് വിവരം. നിലവിലെ സിറ്റിംഗ് എം.പി ബെന്നി ബെഹനാൻ തന്നെ ആയിരിക്കും ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. സിറ്റിംഗ് എം.പിമാരെല്ലാം മത്സരിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻ്റിൽ നിന്ന് നിർദേശവും ഉണ്ട്. അതുകൊണ്ട് ബെന്നി ബഹനാന് തന്നെയാണ് ചാലക്കുടിയിൽ ഏറെ സാധ്യത. പൊതുവിൽ ഒരു യു.ഡി.എഫ് അനുകൂല മണ്ഡലമാണ് ചാലക്കുടി. എന്നാൽ പോലും ചില അവസരങ്ങളിൽ യു.ഡി.എഫിനെ കൈവിട്ടിട്ടുമുണ്ട്.

Chalakudy 2024 | ചാലക്കുടിയിൽ സീനിയർ നേതാവും മുൻ നേതാവും ഏറ്റുമുട്ടും; ബെന്നി ബെഹനാൻ - പി സി ചാക്കോ അങ്കം തീപാറും

ഇവിടെ പാർട്ടി ചിഹ്നത്തിൽ അല്ലാതെ സ്വതന്ത്രരെ നിർത്തിയുള്ള പരീക്ഷണത്തിൽ സി.പി.എം പലപ്പോഴും വിജയിച്ചിട്ടുമുണ്ട്. മുകുന്ദപുരം പാർലമെൻ്റ് മണ്ഡലത്തിൻ്റെ പേരു മാറി പിന്നീട് ചാലക്കുടി ആയതാണ്. മുകുന്ദപുരം ആയിരുന്നപ്പോൾ ലോനപ്പൻ നമ്പാടൻ ഇടതു സ്വതന്ത്രനായി ഇവിടെ മത്സരിച്ചു വിജയിച്ചിരുന്നു. അന്ന് അദ്ദേഹം തോൽപ്പിച്ചത് സാക്ഷാൽ ലീഡറുടെ മകൾ പത്മജാ വേണുഗോപാലിനെ ആയിരുന്നു. പിന്നീട് ചാലക്കുടി മണ്ഡലം ആയപ്പോൾ നടൻ ഇന്നസെൻ്റിനെ ഇറക്കിയാണ് എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തത്. അന്ന് കോൺഗ്രസിലായിരുന്ന ഇന്നത്തെ എൻ.സി.പി പ്രസിഡൻ്റ് പി.സി.ചാക്കോയെയാണ് അന്ന് ഇന്നസെൻ്റ് ചാലക്കുടിയിൽ പരാജയപ്പെടുത്തിയത്.

Chalakudy 2024 | ചാലക്കുടിയിൽ സീനിയർ നേതാവും മുൻ നേതാവും ഏറ്റുമുട്ടും; ബെന്നി ബെഹനാൻ - പി സി ചാക്കോ അങ്കം തീപാറും

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ബെന്നി ബഹനാനെ കളത്തിലിറക്കി ഇന്നസെൻ്റിനെ പരാജയപ്പെടുത്തുക ആയിരുന്നു. വൻ ഭൂരിപക്ഷത്തിൽ ആണ് ബെന്നി ബെഹനാൻ ഇവിടെ വിജയിച്ചത്. ഇക്കുറി സ്വതന്ത്രനെയല്ല ഇടതുമുന്നണി ബെന്നിയ്ക്ക് എതിരെ നിർത്തുന്നതെന്നാണ് വിവരം. വളരെക്കാലം കോൺഗ്രസ് പാളയത്തിലൂടെ നടന്ന് എം.പി യൊക്കെ ആയി ദേശീയ രാഷ്ട്രീയത്തിൽ വിലസി ഇപ്പോൾ എൻ.സി.പി യുടെ സംസ്ഥാന ഘടകം പ്രസിഡൻ്റ് ആയിരിക്കുന്ന പി.സി.ചാക്കോയെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിർത്താനാണ് ഇപ്പോൾ എൽ.ഡി.എഫിൽ നടക്കുന്ന ആലോചന.

ചാക്കോയ്ക്ക് ഈ മണ്ഡലം മുഴവൻ സുപരിചിതമാണ്. മുൻപ് നടൻ ഇന്നസെൻ്റിനോട് ഇവിടെ
മത്സരിച്ചുള്ള അനുഭവ സമ്പത്തുണ്ട്. ഇവിടെയുള്ള യു.ഡി.എഫ് നേതാക്കളെ പേരെടുത്തു വിളിക്കാനുള്ള പരിചയം പോലും പി.സി.ചാക്കോ എന്ന മുൻകാല കോൺഗ്രസ് നേതാവിന് ഉണ്ടെന്ന് വ്യക്തം. മാത്രമല്ല, പി.സി.ചാക്കോ ഇടുക്കിയിൽ നിന്നും തൃശൂരിൽ നിന്നും മുകുന്ദപുരത്തു നിന്നും വളരെക്കാലം എം.പി ആയി ഇരുന്നിട്ടുമുണ്ട്. കോട്ടയത്തു നിന്ന് പാർലമെൻ്റിലേയ്ക്ക് മത്സരിച്ചിട്ടുമുണ്ട്. അന്ന് കോട്ടയത്ത് സുരേഷ് കുറുപ്പ് ആയിരുന്നു ചാക്കോയെ പരാജയപ്പെടുത്തിയത്. കൂടാതെ മികച്ച ഒരു സംഘാടകനുമാണ് ചാക്കോ.

യു.ഡി.എഫ് വോട്ടിൽ വിള്ളൽ വീഴ്ത്താൻ ചാക്കോയ്ക്ക് പറ്റുമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടുന്നത്. അങ്ങനെ വന്നാൽ പി.സി.ചാക്കോയ്ക്ക് ഇവിടെ അനായാസം വിജയിച്ചു കയറാമെന്നും ഇടതുമുന്നണി കരുതുന്നു. ഇതിന് പ്രേരണയാകുന്നത് ചാലക്കുടിയിൽ ഇടതു സ്വതന്ത്രനായി നിന്ന സിനിമ താര സംഘടനയായിരുന്ന അമ്മയുടെ പ്രസിഡൻ്റ് കൂടിയായിരുന്ന അന്തരിച്ച നടൻ ഇന്നസെൻ്റ് തന്നെയാണ്. ശരിക്കും യു.ഡി.എഫ് കോട്ടയിൽ വിള്ളൽ വീഴ്ത്തി തന്നെയാണ് അന്ന് പി.സി.ചാക്കോയ്ക്ക് എതിരെ നടൻ
ഇന്നസെൻ്റ് പൊരുതി ജയിച്ചത്. അത് ഇക്കുറി ചാക്കോയിലൂടെയും ആവർത്തിക്കപ്പെടുമെന്ന് എൽ.ഡി.എഫ് വിചാരിക്കുന്നു.

മറിച്ച് മറുവശത്ത് കരുത്തനായ സ്ഥാനാർത്ഥി തന്നെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരുന്ന നിലവിലെ സിറ്റിംഗ് എം.പി ബെന്നി ബെഹനാൻ. അദ്ദേഹം ഇന്ന് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവ് തന്നെയാണ്. ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം കോൺഗ്രസിലെ എ ഗ്രൂപ്പിൻ്റെ ശക്തനായ വക്താവും ജനകീയനും ആണ് ബെന്നി ബഹനാൻ. മുൻ യു.ഡി.എഫ് കൺവീനറർ കൂടിയായിരുന്നു. കോൺഗ്രസിൽ നിന്ന് കിട്ടാവുന്ന എല്ലാ സ്ഥാനങ്ങളും നേടി ചതിച്ചു പുറത്തുചാടി അധികാരത്തിനു വേണ്ടി എൽ.ഡി.എഫിൽ ചെക്കേറിയ പി.സി.ചാക്കോയെ എന്ത് വിലകൊടുത്തും തോൽപ്പിക്കുക എന്നുള്ളത് കോൺഗ്രസ് നേതാക്കളുടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ചാലക്കുടിയിൽ ബെന്നി ജയിക്കുക എന്നുള്ളത് ബെന്നി ബഹനാനെക്കാളും ആവശ്യം കെ.പി.സി.സിയ്ക്കും കോൺഗ്രസ് ഹൈക്കമാൻ്റിനും പ്രതിപക്ഷത്തിനും ഒക്കെ ഉണ്ടാകുമെന്ന് വ്യക്തം.

തിരിച്ച് കോൺഗ്രസിന് ഒരടികൊടുക്കുക എന്ന ഉദ്ദേശം പി.സി.ചാക്കോയ്ക്കും ഉണ്ടാവും. ആ നിലയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിൽ മത്സരം തീ പാറുമെന്ന് തീർച്ച. ബി.ജെ.പി സ്ഥാനാർത്ഥി ഇവിടെ ഉണ്ടെങ്കിലും അതിൽ വലിയ കാര്യമില്ലെന്ന് വിചാരിക്കുന്നവരാണ് ഏറെയും. പ്രധാന മത്സരം എൽ.ഡി.എഫും യു.ഡി.എഫും തന്നെ ആയിരിക്കും. ബെന്നി ബഹനാൻ യു ഡി എഫ് കൺവീനറായിരുന്ന കാലത്താണ് കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ടുപോയത്. ജോസ്.കെ.മാണി വിഭാഗത്തിന് നിർണ്ണായക സ്വാധീനമുള്ള മേഖലകളാണ് പെരുമ്പാവൂരും ചാലക്കുടിയും. ഇവരുടെ വോട്ട് ചാക്കോയ്ക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു.

മണ്ഡലം പൊതുവേ നോക്കിയാൽ യാക്കോബായ വിഭാഗങ്ങൾക്ക് വലിയ മുൻ തൂക്കം ഉള്ള മേഖലയാണ്. ഇവർ
രണ്ടുപേരും ആണ് സ്ഥാനാർത്ഥികളായി വരുന്നതെങ്കിൽ രണ്ടുപേരും ആ വിഭാഗത്തിലെ ആളുകളാണെന്ന പ്രത്യേകതയുമുണ്ട്. ബെന്നി ബെഹനാൻ പിറവത്തുനിന്നും തൃക്കാക്കരയിൽ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോളാർ വിഷയം ഇവിടെ കത്തിപ്പടർന്നപ്പോൾ ബെന്നിയ്ക്ക് കോൺഗ്രസ് പാർട്ടി തൃക്കാക്കര സീറ്റ് നിഷേധിക്കുകയായിരുന്നു. തുടർന്നാണ് അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് പി.ടി.തോമസ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി വരുന്നത്. കക്ഷിരാഷ്ട്രിയ ഭേദമെന്യേ ഡൽഹിയിലും മറ്റും നല്ല സുഹൃദ് വലയങ്ങളുള്ള പി.സി.ചാക്കോ മുൻപ് സംസ്ഥാന മന്ത്രിയും ആയിരുന്നു.

Keywords: News, News-Malayalam-News, Kerala, Politics, Chalakudy,  CPM, Congress, Politics, Senior, Senior leader and former leader will fight in Chalakudy.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia