Follow KVARTHA on Google news Follow Us!
ad

Prem Nazir | ആരെ കൊത്തിയാലും ചോര കാണണമെന്ന ഒടിടിക്കാലത്ത് പ്രേം നസീറിനെ പുനര്‍വായിക്കുമ്പോള്‍; മനുഷ്യ സ്‌നേഹം മലയാള സിനിമയെ പഠിപ്പിച്ച നിത്യ ഹരിത നായകന്‍ വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

സിനിമയും മലയാളം ഇന്‍ഡസ്ട്രിയും തമ്മിലുള്ള മാറ്റവും ആശ്ചര്യപ്പെടുത്തുന്നു Remembering, Prem Nazir, Death Anniversary, Actor, OTT, Cinema, Film, Direct
/നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA) മലയാളത്തിലെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ ഓര്‍മ്മയായിട്ട് 35 വര്‍ഷം തികയുമ്പോള്‍ നസീര്‍ കാലത്തെ സിനിമയും ഇന്നത്തെ മലയാളം ഇന്‍ഡസ്ട്രിയും തമ്മിലുള്ള മാറ്റവും ആശ്ചര്യപ്പെടുത്തുന്നതാണ്. സാറ്റ്‌ലൈറ്റ്, ഒ ടി ടി വരുമാനത്തില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ നിര്‍മ്മാതാക്കള്‍ ത്രിശങ്കുവിലായിരിക്കുകയാണ്.

തീയേറ്ററുകളില്‍ നിന്നും മാനം ലഭിക്കുന്ന വരുമാനം മാത്രമാണ് ഇവര്‍ക്ക് ഏക ആശ്രയം. ഈ സാഹചര്യത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ 12 എണ്ണം മാത്രമാണ് ഹിറ്റോ, സൂപ്പര്‍ ഹിറ്റോയായത്. ബാക്കി സിനിമകളെല്ലാം നിര്‍മ്മാതക്കളുടെ കൈ പൊള്ളിച്ചു. എന്നാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെയാണ് ഇല്ലാത്ത മാര്‍ക്കറ്റ് വാല്യു പറഞ്ഞ് ഒന്നോ, രണ്ടോ ഹിറ്റുകള്‍ മാത്രം അകൗണ്ടിലുള്ള നവാഗത നടന്‍മാര്‍ പോലും കോടികള്‍ പ്രതിഫലം വാങ്ങുന്നത്.

പൊന്‍മുട്ടയിടുന്ന താറാവിനെ കഴുത്തു ഞെരിച്ചു കൊല്ലുന്ന പരിപാടി സിനിമാ രംഗത്തെ തകര്‍ത്തു കൊണ്ടിരിക്കുന്ന കാലയളവിലാണ് പ്രേംനസീറിന്റെ മുപ്പത്തിയഞ്ചാം ചരമ വാര്‍ഷികദിനാചരണം ജനുവരി പതിനാറിന് എത്തുന്നത്. എന്നും നിര്‍മ്മാതാക്കളെ സഹായിക്കുകയും അവരോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്ത മഹാപ്രതിഭയായിരുന്നു പ്രേം നസീര്‍.

തന്നെ നായകനാക്കി ചെയ്ത ഒരു ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടാല്‍ പ്രതിഫലം വാങ്ങാതെ മറ്റൊരു ചിത്രം കൂടി ചെയ്തു അദ്ദേഹം നിര്‍മ്മാതാവിനെ രക്ഷിച്ചു. തുടര്‍ച്ചയായി രണ്ടും മൂന്നും സിനിമകള്‍ വരെ പ്രേം നസീര്‍ ഇങ്ങനെ ചെയ്തതിന്റെ അനുഭവങ്ങള്‍ പഴയ കാല നിര്‍മ്മാതക്കള്‍ പലയിടങ്ങളിലും എഴുതിയിട്ടും പറഞ്ഞിട്ടുണ്ട്.

ആരെ കൊത്തിയാലും ചോര കാണണമെന്ന ഇന്നത്തെ ചില താരാ രാജാക്കന്‍മാരുടെ ലൈനില്‍ ജീവിച്ച സൂപ്പര്‍ സ്റ്റാറായിരുന്നില്ല പ്രേം നസീര്‍. ചലച്ചിത്ര നടനായി തിളങ്ങി നില്‍ക്കുമ്പോഴും മനുഷ്യ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര പുറത്തെ സൗന്ദര്യം ഉള്ളിലും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
നിത്യ ഹരിത നായകന്‍

വെള്ളിത്തിരയിലെ നിത്യ ഹരിത സൗന്ദര്യമാണ് പ്രേം നസീറെന്ന നടന്‍. നടനം കൊണ്ടും യഥാര്‍ഥ ജീവിത്തിലെ പച്ചയായ മനുഷ്യനായും മലയാളികളുടെ സ്‌നേഹം ആവോളം നേടിയ അബ്ദുല്‍ ഖാദര്‍ എന്ന പ്രേം നസീര്‍ മലയാളികളുടെ മുഴുവന്‍ സ്‌നേഹവും നേടിയാണ് യവനികയ്ക്കുള്ളില്‍ മറഞ്ഞത്. ധ്വനി എന്ന അവസാന ചിത്രത്തിലൂടെ തന്റെ അഭിനയ പാരമ്പര്യം അടുത്ത തലമുറയ്ക്ക് കൈമാറിയാണ് അദ്ദേഹം തിരശീലയ്ക്കപ്പുറത്തേക്ക് മറഞ്ഞത്.


 
പ്രണയവും ഹാസ്യവും വൈകാരികതയുമെല്ലാം നസീറിന്റെ കൈകളില്‍ ഭദ്രമായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും ആ അതുല്യ പ്രതിഭ തന്റെ സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇന്നും ജീവിക്കുകയാണ്. കാലം മാറുകയും മനുഷ്യര്‍ അതിനെക്കാള്‍ മാറുകയും ചെയ്തപ്പോഴും പ്രേം നസീര്‍ മാത്രം മാറ്റമില്ലാതെ നിത്യഹരിത നായകനായി സിനിമ ആസ്വാദകരില്‍ ജീവിക്കുന്നു. അത്രമേല്‍ സ്വാധീനം ഏവരിലും ഉളവാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1989 ജനുവരി 16 ന് അദ്ദേഹത്തിന്റെ അറുപത്തി രണ്ടാമത്തെ വയസ്സിലുണ്ടായ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമായി മാറി. 38 വര്‍ഷം ചലച്ചിത്ര ലോകത്ത് തിളങ്ങിയ അദ്ദേഹം 725 സിനിമകളിലാണ് നായക വേഷത്തിലെത്തിയത്. ഇതിലൂടെ ഈ അതുല്യ കലാകാരനെത്തേടിയെത്തിയത് ലോക റെക്കോഡ് എന്ന അപൂര്‍വ നേട്ടവും.

സുവര്‍ണ ഗീതങ്ങളുടെ രാജകുമാരന്‍

യേശുദാസിന്റെ സ്വരമാധുരിക്കനുസരിച്ച് ഇത്രയും ആയാസമായി ചുണ്ടു ചലിപ്പിച്ചു അഭിനയിച്ച മറ്റൊരു നടന്‍ മലയാളത്തിലില്ല. പിന്നണിയില്‍ നിന്നും പാടുന്നത് യേശുദാസാണെങ്കിലും അഭ്രപാളികളില്‍ പ്രേം നസീര്‍ തന്നെയാണ് പാടുന്നതെന്ന് സംഗീത പ്രേമികള്‍ വിശ്വസിച്ചു. അത്ര സ്വാഭാവികമായിരുന്നു ആ സംഗീതാനുഭവം. ആയിരം പാദസരങ്ങള്‍ കിലുങ്ങി, നിന്‍ പദങ്ങളില്‍ നൃത്തമാടിടും, മനോഹരി നിന്‍ മനോരഥത്തില്‍ തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് ജീവന്‍ പകരാന്‍ പ്രേം നസീറിന്റെ അഭിനയ മികവിലൂടെ കഴിഞ്ഞു.

നാടക നടനായി തുടക്കം

നാടക നടനായിട്ടായിരുന്നു നസീര്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1951 ല്‍ ത്യാഗസീമ എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ചിത്രം പുറത്തിറങ്ങിയില്ല. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളി എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നസീര്‍ എന്ന പേര് സ്വീകരിച്ചു. 1950 മുതല്‍ 1989 ല്‍ മരണം അദ്ദേഹത്തെ കീഴടക്കുന്നത് വരെയുള്ള വര്‍ഷങ്ങള്‍ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങള്‍ പാളിച്ചകള്‍ (1971), അഴകുള്ള സെലീന (1973), വിട പറയും മുന്‍പേ (1981) ), പടയോട്ടം (1982), ധ്വനി (1988) തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയത് എണ്ണിയാല്‍ ഒടുങ്ങാത്തത്ര ആരാധകരെയാണ്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (പ്രത്യേക ജൂറി അവാര്‍ഡ്), കലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവണ്‍മെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയന്‍ ബഹുമതികളായ പത്മഭൂഷന്‍, പത്മശ്രീ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നസീറിന്റെ സിനിമകളിലെ ഏറ്റവും വലിയ പ്രത്യേകത ഒരേ നായിക(ഷീല)യോടൊത്ത് 130 സിനിമകളില്‍ അഭിനയിച്ചു എന്നതാണ്. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തേടിയെത്തിയത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡാണ്. 93 നായികമാര്‍ക്കൊപ്പം അഭിനയിച്ചതിനും 1973ലും 77ലും 30 സിനിമകളില്‍ വീതം അഭിനയിച്ചതിനും മറ്റ് രണ്ടു റെക്കോഡുകളും അദ്ദേഹം സ്വന്തമാക്കി.

ചിറയന്‍കീഴില്‍ നിന്നും അഭ്രപാളിയിലേക്ക്

1926 ഏപ്രില്‍ 7 ന് തിരുവിതാംകൂറിലെ ചിറയന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായിട്ടായിരുന്നു പ്രേം നസീറിന്റെ ജനനം. കഠിനംകുളം ലോവര്‍ പ്രൈമറി സ്‌കൂള്‍, ശ്രീ ചിത്തിരവിലാസം സ്‌കൂള്‍, എസ് ഡി കോളേജ് (ആലപ്പുഴ), സെയിന്റ് ബെര്‍ക്കുമാന്‍സ് കോളേജ്, ചങ്ങനാശ്ശേരി തുടങ്ങിയ ഇടങ്ങളില്‍ ആയിരുന്നു പഠനം. ഈ കാലയളവില്‍ തന്നെ ഒരു നാടക കലാകാരനായി അദ്ദേഹം മാറിയിരുന്നു. പിന്നീട് സിനിമ രംഗത്തേക്കും എത്തിയ പ്രേം നസീര്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തുകയായിരുന്നു.

കേരളവും മലയാളികളും ഉള്ളിടത്തോളം കാലം നിത്യ ഹരിത നായകന്‍ എന്ന പദവി പ്രേം നസീര്‍ എന്ന അതുല്യ പ്രതിഭയ്ക്ക് സ്വന്തമാണ് എത്ര തലമുറകള്‍ കഴിഞ്ഞാലും അദ്ദേഹം പ്രേക്ഷക മനസില്‍ ജീവിക്കുക തന്നെ ചെയ്യും.

Keywords: News, Kerala, Kerala-News, Kannur-News, Kannur, Remembering, Director, Prem Nazir, Death Anniversary, Actor, OTT, Cinema, Film, Remembering Prem Nazir on his death anniversary.

Post a Comment