Follow KVARTHA on Google news Follow Us!
ad

Parenting Tips | രക്ഷിതാക്കളുടെ അടിയന്തര ശ്രദ്ധയ്ക്ക്: മക്കളുടെ മനസറിയുന്ന മാതാപിതാക്കളാവാം നമുക്ക്; പരീക്ഷാക്കാലത്തും തുടർന്നും അവർക്കു താങ്ങാവാം!

പരീക്ഷകള്‍ ജീവിതത്തിന്റെ അവസാനമല്ല Parenting, Exam Tips, Education, Lifestyle
/ മുജീബുല്ല കെ എം

(KVARTHA) മക്കളുടെ മനസ്സറിയുന്ന മാതാപിതാക്കൾ അവരുടെ കുട്ടികളുടെ വികാരങ്ങൾ, ആഗ്രഹങ്ങൾ, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കുന്നവരാണ്. അവർ തങ്ങളുടെ കുട്ടികളുമായി തുറന്ന സംഭാഷണങ്ങൾ നടത്തുകയും അവരുടെ വികാരങ്ങൾ പങ്കിടാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർ തങ്ങളുടെ കുട്ടികൾക്ക് സ്നേഹവും പിന്തുണയും നൽകുന്നു, അവരുടെ വിജയങ്ങളിൽ സന്തോഷിക്കുകയും അവരുടെ പരാജയങ്ങളിൽ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Parenting tips dring exam time

പരീക്ഷക്കാലം മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇന്ന് ഒരുപോലെ ‘ടെന്‍ഷന്‍’ നല്‍കുന്നു. പരീക്ഷയ്ക്ക് തന്റെ കുട്ടി മുഴുവന്‍ മാര്‍ക്കും മേടിക്കണമെന്ന വാശിയിലാണ് പല മാതാപിതാക്കളും. അന്‍പതില്‍ നാല്‍പത്തെട്ടു മാര്‍ക്കുവാങ്ങി സ്‌കൂളില്‍ അധ്യാപകരുടേയും സഹപാഠികളുടെയും പ്രശംസയും മറ്റും വാങ്ങി വീട്ടില്‍ സന്തോഷത്തോടെ ചെല്ലുന്ന കുട്ടി തന്റെ മാതാപിതാക്കളില്‍ നിന്നു കേള്‍ക്കുന്ന ചോദ്യം ‘ബാക്കി രണ്ടു മാര്‍ക്ക് എവിടെപ്പോയി’ എന്നതാണെങ്കില്‍, അതു കേള്‍ക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും? തങ്ങളുടെ സ്‌കൂള്‍ പഠനകാലത്ത് ഈ കുട്ടികളുടെ അത്രപോലും തങ്ങള്‍ മെച്ചമായിരുന്നില്ലെന്ന് പല മാതാപിതാക്കളും മറന്നുപോകുന്നു. തങ്ങളില്‍ നിന്നു പിറന്ന മക്കള്‍ തങ്ങളുടെ തന്നെ കഴിവിന്‍റെയും ഗുണങ്ങളുടെയും തുടര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന സമാന്യതത്വം എല്ലാ മാതാപിതാക്കളും ഓര്‍മ്മിക്കണം. സമൂഹത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ ആളാകാനുള്ള പശ്ചാത്തലമായി കുട്ടികളുടെ ജീവിതവും അവരുടെ പരീക്ഷയിലെ മാര്‍ക്കും ഒരിക്കലും അളക്കപ്പെടരുത്.

മക്കളുടെ അഭിരുചിയും കഴിവുമനുസരിച്ചാണ് അവരുടെ വിദ്യാഭ്യാസവഴി മാതാപിതാക്കള്‍ തിരിച്ചുവിടേണ്ടത്. അടിസ്ഥാന വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധപൂര്‍വ്വം നല്‍കിയിരിക്കണം എന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ ഭാവി നിര്‍ണയിക്കേണ്ടുന്ന പഠന തീരുമാനങ്ങള്‍ വരുമ്പോള്‍ മക്കളുടെ താല്‍പര്യം തീര്‍ച്ചയായും കണക്കിലെടുക്കപ്പെടേണ്ടതാണ്. ഇന്നു പല മാതാപിതാക്കളും തങ്ങളുടെ മക്കള്‍ ഡോക്ടറോ, എഞ്ചനീയറോ, ബിസിനസുകാരനോ ഒക്കെ ആകണമെന്നു തീരുമാനിക്കുന്നു – മക്കളോടു ചോദിക്കാതെ തന്നെ. മക്കളുടെ വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷന്റെയും പേരിലായിരിക്കരുത് ഒരിക്കലും കുടുംബത്തിന്റെ അന്തസ് ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത്. ജോലിയില്‍ നിന്നു കിട്ടുന്ന സംതൃപ്തി (Job Satisfaction) ഇന്ന് ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടുന്ന ഒരു കാര്യമാണ്. മാതാപിതാക്കളുടെ പിടിവാശിക്കു മുമ്പില്‍ ഇഷ്ടമില്ലാത്തൊരു കരിയറും ജോലിയും തിരഞ്ഞെടുക്കേണ്ടി വന്നിട്ട് ജീവിതകാലം മുഴുവന്‍ മനസന്തോഷമില്ലാതെ വിഷമിച്ചു കഴിയേണ്ടി വരുന്നത് ദുരിതമാണ്.

പഠിച്ചു നേടുന്ന ഡിഗ്രികള്‍ക്കു മാത്രമേ ലോകത്തില്‍ വിലയുള്ളൂ എന്ന പഴയ ചിന്താഗതിയുടെ കാലമൊക്കെ കഴിഞ്ഞുപോയി. യേശുദാസിന്റെ വിദ്യാഭ്യാസയോഗ്യതയെന്തെന്ന് ആരും അന്വേഷിക്കാറില്ല, സച്ചിന്‍ തെണ്ടുല്‍ക്കറുടെയോ മോഹന്‍ ലാലിന്റെയോ സിറാജുദ്ദീന്റെയോ പഠന സാമര്‍ത്ഥ്യവും ആരും ചോദിക്കാറില്ല. ദൈവം ഇവരിലൊക്കെ നിക്ഷേപിച്ചിരിക്കുന്ന വ്യത്യസ്ഥങ്ങളായ കഴിവുകളെ വളര്‍ത്താന്‍ അവര്‍ അത്യദ്ധ്വാനം ചെയ്തു, ആ ടാലന്റുകളെ (Talents) ഗൗരവമായി എടുത്തു, അതില്‍ത്തന്നെ ശ്രദ്ധ പതിപ്പിച്ചു, അങ്ങനെ ജീവിതത്തില്‍ ഉയര്‍ന്നവരും സമൂഹത്തില്‍ നല്ല രീതിയില്‍ അറിയപ്പെടുന്നവരുമായി മാറി. തനിക്കു ലഭിച്ചിരിക്കുന്ന പ്രത്യേകമായ സിദ്ധിയെ അതീവ പ്രാധാന്യത്തോടെ കണ്ട്, അത് വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത് അതില്‍തന്നെ ശ്രദ്ധപതിപ്പിക്കുന്നവര്‍ക്കു മാത്രമാണ് ജീവിതത്തില്‍ വിജയം വരിക്കാനാവുന്നത്. പഠനത്തില്‍ മാര്‍ക്ക് കുറഞ്ഞുപോയതിനു കുറ്റപ്പെടുത്താതെ മക്കളുടെ ഇത്തരം കഴിവുകളെ വളര്‍ത്താനും അതുവഴി ജീവിത വിജയം നേടാനുമുള്ള അവസരം ഒരുക്കുമ്പോഴാണ് അച്ഛനും അമ്മയും നല്ല മാതാപിതാക്കളായി മാറുന്നത്.

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു; ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ പലരും തോറ്റുപോകുന്നത്? ഗുരു മറുപടി പറഞ്ഞു; ”ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത് വ്യത്യസ്തങ്ങളായ ചോദ്യങ്ങളാണ്. പലരും മറ്റു പലരുടെയും ജീവിതമാകുന്ന ഉത്തരം കോപ്പിയടിക്കാന്‍ നോക്കുന്നതുകൊണ്ടാണ് ജീവിത പരീക്ഷയില്‍ തോറ്റുപോകുന്നത്”. പരീക്ഷക്കാലം അടുക്കുമ്പോള്‍ പലപ്പോഴും കുട്ടികളെക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാണ്. അവര്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം കുട്ടികളുടെ പരീക്ഷയിലെ പ്രകടനത്തെപ്പോലും ബാധിക്കാം. ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന’ ചിന്താഗതിക്കു പകരം സ്വാതന്ത്ര്യത്തിന്റെ ആകാശത്തു പറക്കുന്ന തുമ്പികളായി നമ്മുടെ കുഞ്ഞുങ്ങള്‍ മാറട്ടെ.

Article, Editor’s-Pick, Parenting, Exam Tips, Education, Lifestyle, Parents, Childrens, Parenting tips dring exam time.

പരീക്ഷകള്‍ ജീവിതത്തിന്റെ അവസാനമല്ലെന്നും ജീവിതം നീണ്ടു കിടക്കുന്നതാണെന്നുമുള്ള അവബോധത്തോടെ, മുന്നേറാനുള്ള മനക്കരുത്തും ദൃഢനിശ്ചയവുമാണ് ഏതൊരു വിജയത്തിന്‍റെയും ആണിക്കല്ല് എന്ന് മനസ്സിലാക്കികൊടുത്ത് മക്കളുടെ പ്രിയപ്പെട്ട രക്ഷിതാക്കളാകാം നമുക്ക്.

Keywords: Article, Editor’s-Pick, Parenting, Exam Tips, Education, Lifestyle, Parents, Childrens, Parenting tips dring exam time.

< !- START disable copy paste -->

Post a Comment