Naresh Goyal | ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു, ഈ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നത്; ജഡ്ജിക്കുമുന്നില്‍ കണ്ണീരണിഞ്ഞ് കൈകള്‍ കൂപ്പി ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍

 


മുംബൈ: (KVARTHA) പ്രത്യേക കോടതിയിലെ ജഡ്ജിക്കുമുന്നില്‍ കണ്ണീരണിഞ്ഞ് വികാരാധീനനായി വായ്പാത്തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ശനിയാഴ്ച ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനായി കോടതിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം വികാരാധിനനായത്. തന്റെ രോഗാവാസ്ഥയും ഒപ്പം ഭാര്യയേയും മകളെയും കുറിച്ചുമുള്ള ആവലാതികളുമാണ് അദ്ദേഹത്തെ അലട്ടുന്നത്. Naresh Goyal | ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു, ഈ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നത്; ജഡ്ജിക്കുമുന്നില്‍ കണ്ണീരണിഞ്ഞ് കൈകള്‍ കൂപ്പി ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നതാണെന്നും നരേഷ് ഗോയല്‍ പ്രത്യേക കോടതിയില്‍ പറഞ്ഞു. ജഡ്ജിക്കുമുന്നില്‍ കണ്ണീരണിഞ്ഞ് കൈകള്‍ കൂപ്പിയായിരുന്നു നരേഷ് ഗോയലിന്റെ വാക്കുകള്‍.

കാന്‍സര്‍ രോഗത്തിന് ചികിത്സയിലുള്ള ഭാര്യയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ നരേഷ് ഗോയല്‍ തന്റെ ആരോഗ്യനില വളരെ അപകടകരമാണെന്നും എന്നാല്‍ ഭാര്യയുടെയും ഏക മകളുടേയും അവസ്ഥയും മോശമാണെന്നും കോടതിയെ ബോധിപ്പിച്ചു. തന്നെ സഹായിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാല്‍മുട്ടുകള്‍ക്ക് നീരുവെച്ചു. വേദനകൊണ്ട് മടക്കാന്‍ സാധിക്കുന്നില്ല. മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദന അനുഭവപ്പെടുന്നുണ്ട്.

ചില സമയത്ത് മൂത്രത്തിനൊപ്പം രക്തവും പുറത്തുപോവുന്നു. ജെ ജെ ആശുപത്രിയിലേക്ക് തന്നെ മാറ്റിയതുകൊണ്ട് ഒരു കാര്യവുമില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ ജോലി സൗകര്യം കണക്കിലെടുത്ത് സഹതടവുകാര്‍ക്കൊപ്പമാണ് ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്. ഈ യാത്ര ബുദ്ധിമുട്ടുള്ളതും മടുപ്പിക്കുന്നതും സഹിക്കാന്‍ കഴിയാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ രോഗികളുടെ തിരക്കുകാരണം ആവശ്യമുള്ള സമയത്ത് ഡോക്ടറെ കാണാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ഇതെല്ലാം തന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ജെ ജെ ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാള്‍ ജയിലില്‍ മരിക്കുന്നതാണ് ഭേദമെന്നും നരേഷ് ഗോയല്‍ ജഡ്ജിക്കുമുമ്പാകെ പറഞ്ഞു.

കനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാത്തട്ടിപ്പുകേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജ് എം ജി ദേശ്പാണ്ഡെക്ക് മുമ്പാകെ ശനിയാഴ്ച നേരിട്ട് ഹാജരായാണ് നരേഷ് ഗോയല്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഗോയലിനെ താന്‍ സസൂക്ഷ്മം കേട്ടുവെന്നും സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ദേഹം മുഴുവന്‍ വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും കോടതി രേഖകളില്‍ ജഡ്ജ് കുറിച്ചു. മാനസികമായും ശാരീരികമായും എല്ലാ തരത്തിലുമുള്ള ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗോയലിനെ അറിയിച്ചതായും ജഡ്ജ് അറിയിച്ചു. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗോയലിന്റെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു.

Keywords: ‘No hope, better to die in jail’: Jet Airways founder Naresh Goyal breaks down in court, Mumbai, News, Naresh Goyal, Jet Airways Founder, Prison, Cheating Case, Judge, Business Man, Hospital, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia