Follow KVARTHA on Google news Follow Us!
ad

Nitish Kumar | ഓന്തിന്റെ പുറകെ പോകേണ്ടി വന്നത് ബി ജെ പിയുടെ ഗതികേട്, ഇത് കോൺഗ്രസിൻ്റെ നാശവും! ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പാർട്ടി മറ്റൊരു സിപിഎം ആകുമോ?

അവസരവാദ രാഷ്ട്രീയത്തിൻ്റെ മകുടോദാഹരണം Bihar Politics, ദേശീയ വാർത്തകൾ, Nitish Kumar, BJP
/ സോണി കല്ലറയ്ക്കൽ

(KVARTHA)
പണ്ട് ഒരു ട്രോജൻ കുതിരയുടെ കഥ ഉണ്ട്. ബീഹാർ രാഷ്ട്രീയം കാണുമ്പോ അതാണ് മനസിൽ വരുന്നത്. മുൻപ് എൻഡിഎ സഖ്യകക്ഷിയായിരുന്ന നിതീഷ് കുമാർ പെട്ടെന്ന് സഖ്യത്തെ ഉപേക്ഷിച്ചു, ലാലൂ പ്രസാദ് യാദവുമായി ചേർന്ന് കോൺഗ്രസ് പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രി ആകുന്നു. ഇൻഡ്യ മുന്നണി രൂപീകരിക്കാൻ മുൻപിൽ നിക്കുന്നു. ലോക്സഭാ ഇലക്ഷൻ അടുത്തപ്പോൾ വീണ്ടും എൻഡിഎ മുന്നണിയിലേക്ക്. കേൾക്കുന്ന വാർത്ത ശരിയാണെങ്കിൽ, കോൺഗ്രസിന്റെ ആകെയുള്ള 19 നിയമസഭാ അംഗങ്ങളിൽ 10 അംഗങ്ങൾ കാലുമാറും. അതായതു കോൺഗ്രസിനെ അവിടെ നിർവീര്യമാക്കും. ലാലുവിന്റെ ജനത പാർട്ടിയെ പിളർത്താൻ ശ്രമിക്കുകയും ചെയുന്നു. ഒന്ന് ആലോചിച്ചാൽ മോദി - അമിത്ഷാ, ഇതിനു വേണ്ടി ഇദ്ദേഹത്തെ അങ്ങോട്ട് വിട്ടതാണോ എന്ന് സംശയിക്കാം.

Nitish Kumar changes colour again

പിന്നെ 20 കൊല്ലത്തിന് ഇടയിൽ അഞ്ചു തവണ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയ നിതീഷിനെ വിശ്വസിച്ച രാഹുലിനെ പറഞ്ഞാൽ മതി! പണ്ട് ഇങ്ങനെ ചെയ്യുന്ന കാലുമാറ്റത്തിനെ കുതിര കച്ചവടം എന്നായിരുന്നു മീഡിയ റിപ്പോർട്ട് ചെയ്തിരുന്നത്. പക്ഷേ, ഇപ്പോൾ അത് മാറി, മോഡി മീഡിയ കാലത്തു, മാസ്റ്റർ സ്ട്രോക്ക്, ചാണക്യ തന്ത്രം എന്നൊക്കെ പറഞ്ഞ് തെറ്റുകൾ ശരിയാക്കുന്ന കാലം ആയിരിക്കുന്നു. ഏത് വില്ലനും നായകനാകാം എന്നർത്ഥം. ഇങ്ങനെ ഉള്ള ഓന്തുകളെ കൂടെ ചേർക്കുന്നത് കോൺഗ്രസ് തന്നെ അല്ലെ. അധികാര മോഹികളെ മനസിലാക്കി വേണം ഒപ്പം കൂട്ടേണ്ടത്.

ഇതിപ്പോൾ ചാട്ടം ഒമ്പതാമത്തെ തവണയാണെന്ന് പറയുന്നു, എട്ടാമത്തെ പ്രാവശ്യം ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിച്ചത് കോൺഗ്രസ് ആണ്, ഇനി പത്താം തവണ തിരിച്ചു ചാടിയാലും കോൺഗ്രസ് സ്വീകരിക്കും, അതാണ് നിലവിലെ കോൺഗ്രസ്. ഇത് തന്നെയാണ് കോൺഗ്രസ് സ്വയം വരുത്തി വെയ്ക്കുന്ന വിനയും. ബീഹാറിൽ ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളുമായി സഖ്യം ഉണ്ടാക്കി മുഖ്യമന്ത്രി ആയ ആളാണ് നിതീഷ് കുമാർ. ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാലിന്യമാണ് നിതീഷ് കുമാർ, പതീറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച കോൺഗ്രസിന് ഇത്തരക്കാരെ തിരിച്ചറിയാൻ കഴിയാതെ ഒരോ സംസ്ഥാനങ്ങളിലും സ്വയം ശക്തിയാർജ്ജിക്കാൻ ശ്രമിക്കാതെ പോകുന്നതാണ് ഏറ്റവും വലിയ പരാജയം.

ഹിന്ദുത്വ - സംഘപരിവാർ ശക്തിക്കെതിരെ ദളിത് പിന്നോക്ക മത ന്യൂനപക്ഷ ഐക്യം മാത്രമാണ് ബദൽ എന്ന് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ നാശം പിന്നോക്ക വിഭാഗങ്ങൾക്കാണ്, ന്യൂനപക്ഷങ്ങൾക്കാണ്. ഏതാണ്ട് 65 വർഷക്കാലം ഇന്ത്യ ഭരിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. ഏതാണ്ട് 28 പാർട്ടിയേ കൂട്ട് പിടിച്ച് ബി.ജെ.പി ക്ക് എതിരെ മത്സരിക്കാനൊരുങ്ങിയപ്പോഴേ ബിജെപി ജയിച്ചെന്ന് വ്യക്തം. ആ 28 പാർട്ടികളിൽ പ്രധാനിയായ നിതീഷ് കുമാർ പോയപ്പോഴേ ഇന്ത്യാ മുന്നണിയുടെ രണ്ടാമത്തേ അക്ഷരമായ 'എൻ' ബിജെപിക്കൊപ്പം കൂടി. ബാക്കിയുള്ളതും, ഇതേ രീതിയിൽ ആകും ഇന്ത്യാ മുന്നണിയിൽ നടക്കാൻ പോകുന്നത്.

നിതീഷ് കുമാർ ഇന്നലെ വരെ ഇന്ത്യാ മുന്നണി യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വരെ ആയിരുന്നു. മോദിയെ അടുത്ത തെരഞ്ഞെടുപ്പിൽ പച്ച തൊടുവിപ്പിക്കുകയില്ലെന്നൊക്കെ ഇദ്ദേഹം വീമ്പിളക്കി. പുതിയ ഇന്ത്യ സഖ്യത്തിലുള്ളവർ എങ്ങനെയുള്ളവരാണെന്ന് ഇപ്പോൾ മനസിലായില്ലേ? നിതീഷ് കുമാർ, അധികാരം മാത്രം മോഹിച്ച് നടക്കുന്നയാളാണ്, അത് ഇദ്ദേഹം പലപ്പോഴായി തെളിയിച്ചിരുന്നു. ഇതുവരെ മനസിലാകാഞ്ഞത് കോൺഗ്രസ് അണികൾക്ക് അല്ല, കോൺഗ്രസ് നേതൃത്വത്തിന് മാത്രം. നിറം മാറുന്ന ഓന്തിനെക്കാൾ കടുപ്പം എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി. ഇൻഡ്യ മുന്നണിയുടെ അദ്ധ്യക്ഷനാകാൻ ആഗ്രഹിച്ചു, നടന്നില്ല, പ്രധാനമന്ത്രി സ്ഥാനാർഥിയായും ആകാൻ നോക്കി. മുന്നണികൾ അവഗണിക്കുന്നു എന്ന് തോന്നൽ. അതാണ് ഇപ്പോൾ ഈ ചാട്ടത്തിന് പിന്നിൽ ഉള്ളത്.

അവസരവാദ രാഷ്ട്രീയത്തിൻ്റെ മകുടോദാഹരണം ആണ് നിതീഷ് കുമാറും അദ്ദേഹത്തിൻ്റെ പാർട്ടിയായ ജെഡിയുവും. ഇതുപോലുള്ള നേരും നെറിയും ഇല്ലാത്ത ഓന്തിന് വരെ നാണക്കേട് ഉണ്ടാക്കിയവരെ കൂടെ കൂട്ടിയ കോൺഗ്രസ്‌ നേതാക്കൾ ഇനി എന്നാണ് പഠിക്കാൻ പോവുന്നത്. കോൺഗ്രസ്‌ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം നല്ല നേതാക്കളുടെ അഭാവം തന്നെയാണ്. ഒരു തെരഞ്ഞെടുപ്പ് ജയിപ്പിക്കാൻ കഴിവുള്ള നേതാക്കൾ ഇപ്പോൾ ആ പാർട്ടിയിൽ ഇല്ലെന്ന് വേണം പറയാൻ. അങ്ങനെ കഴിവുള്ളവരെ നിലവിലെ നേതൃത്വം ഒതുക്കി കളയുകയും ചെയ്യുന്നു. ഒരിക്കൽ മൃഗീയ ഭൂരിപക്ഷത്തിൽ ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിന് ഇപ്പോൾ ഒരോ സംസ്ഥാനത്തും വിജയിക്കണമെങ്കിൽ പ്രാദേശിക പാർട്ടികളെ ആശ്രയിക്കേണ്ട ഗതികേട് ആയിരിക്കുന്നു. ഫലമോ കോൺഗ്രസിനെ ഉപയോഗിച്ച് പല പ്രാദേശിക പാർട്ടികളും അതാത് സംസ്ഥാനങ്ങളിൽ വളരുന്നു. ഒപ്പം കോൺഗ്രസ് അവിടെ തളരുകയും പിന്നീട് വെറും തരിയായി അവശേഷിക്കുകയും ചെയ്യുന്നു.

രാഹുൽ ഗാന്ധിക്ക് പോലും ജയിക്കാൻ പറ്റുന്ന മണ്ഡലം തേടി വയനാടിനെ ആശ്രയിക്കേണ്ടിവന്നതും ഇതുകൊണ്ട് തന്നെയാണ്. കോൺഗ്രസ് നിലവിൽ ചെയ്യേണ്ടത് ഈ ഓന്തുകളെയെല്ലം തട്ടിക്കളഞ്ഞ് എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കുകയാണ് വേണ്ടത്. അത്രയ്ക്ക് വേണ്ടപ്പെട്ട പാർട്ടികളുമായി മാത്രം അതാത് സംസ്ഥാനത്ത് സംഖ്യത്തിലാകാം. അല്ലാതെയുള്ള ഒരു നീക്കുപോക്കിനും
നിന്നു കൊടുക്കാതിരിക്കുകയാണ് വേണ്ടത്. പതിയെ പതിയെ പാർട്ടി ഉണർന്നെണീക്കും എന്ന് തീർച്ചയാണ്. ബംഗാളിലെ മമതാ ബാനർജിയുടെ പാർട്ടി യായ തൃണമൂൽ കോൺഗ്രസും കേജരിവാളിൻ്റെ ആം ആദ് മി പാർട്ടിയും ഒക്കെ അങ്ങനെ വളർന്നു വന്നവരാണ്.

എന്തിന് ഏറെ പറയുന്നു, ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി പോലും ആ രീതിയിൽ ലക്ഷ്യത്തിലേയ്ക്ക് കുതിച്ചവരാണ്. ഇതൊക്കെ മാതൃകയാക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. നിലവിലെ രീതിയിൽ പോയാൽ ഇന്ത്യാ മുന്നണിയിൽ അവശേഷിക്കുക സോണിയയും യച്ചൂരിയും മാത്രം ആകും. കോൺഗ്രസ് ഇനി ദീർഘവീക്ഷണത്തോടെ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഏതാണ്ട് ഒന്നോ രണ്ടോ സംസ്ഥാനത്ത് ഒതുങ്ങുന്ന സിപിഎമ്മിന്റെ അവസ്ഥയിൽ എത്തും മുൻപ് ഇന്ത്യ ഭരിച്ച കോൺഗ്രസ് എന്ന് നേതാക്കൾ ഓർക്കുക..

ഇന്ത്യൻ സോഷ്യലിസ്റ്റുകൾക്ക് ഒരു ചരിത്രമുണ്ട്. ആ ചരിത്രം അവരെപ്പോഴും ജനസംഘത്തെയും ബിജെപിയെയുമാണ് പിന്തുണക്കുന്നത്. മുൻപ് സംഘപരിവാർ പ്രസ്ഥാനങ്ങൾ രാഷ്ട്രീയമായി പ്രതിസന്ധി നേരിടുമ്പോഴൊക്കെ കൈപിടിച്ചുയർത്താൻ സോഷ്യലിസ്റ്റുകൾ ഉണ്ടായിരുന്നു. ജനസംഘ രൂപീകരണ സമയത്ത് ജെപിയും ആചാര്യ കൃപാണിയും ജനസംഘത്തെ സഹായിച്ചു. അതുപോലെതന്നെ അടിയന്തരാവസ്ഥ സമയത്തും പിന്നീട് അയോധ്യ പ്രശ്നം നേരിട്ടപ്പോൾ ജോർജ് ഫെർണാണ്ടസും ശരത് യാദവും, അതുപോലെതന്നെ രാമകൃഷ്ണ ഹെഗ്ഡെയും ചില പ്രതിസന്ധി ഘട്ടങ്ങളിൽ നിതീഷ് കുമാറും നവീൻ പട്നായിക്കും ബിജെപിക്ക് ഒപ്പം നിന്നിട്ടുണ്ട്. അതാണ് ഇന്ത്യൻ സോഷ്യലിസ്റ്റുകളുടെ ചരിത്രം.

ഇത്തരക്കാരെ മനസിലാക്കി മാത്രം പരവതാനി വിരിക്കുകയാണ് വേണ്ടത്. ഇപ്പോൾ നിറം മാറിയ ഓന്ത് ലോകസഭ ഇലക്ഷന് കുറച്ച് ദിവസം മുൻപ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് വീണ്ടും ഇൻഡ്യ മുന്നണിയിൽ ചേരാൻ വരും, പ്രധാനമന്ത്രി ആക്കുമെന്ന് പറഞ്ഞാൽ. ഇതുപോലുള്ള നേരും നെറിയും ഇല്ലാത്ത ഓന്തിന് വരെ നാണക്കേട് ഉണ്ടാക്കിയവരെ അവരർഹിക്കുന്ന രീതിയിൽ തഴയാൻ കോൺഗ്രസ് നേതൃത്വം ഇനിയെങ്കിലും പഠിക്കണം. ഇയാളെപ്പോലുള്ളവർ ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ നാണക്കേട് ആണ്.

അധികാരം നിലനിർത്താനും ഒപ്പം പ്രതിപക്ഷത്തെ ഇല്ലാതാക്കുന്നതിനും പറ്റിയ നയങ്ങൾ കർശനമായി നടപ്പിലാക്കുന്നത് ബിജെപിയുടെ സ്ഥിരം ശൈലി ആയി മാറിയിരിക്കുകയാണ്. അവരുമായി ഒരു മത്സരത്തിന് വേണ്ട വിഭവങ്ങൾ പ്രതിപക്ഷത്തിന് ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഈ രീതിയിൽ പോയാൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി തന്നെ അധികാരത്തിൽ എത്തുമെന്ന് അവർക്ക് തന്നെ ബോധ്യമുണ്ട്. ഇനി അവരുടെ ഉദ്ദേശം ശക്തമായ ഒരു പ്രതിപക്ഷം ഇവിടെ ഉണ്ടാകരുതെന്നാണ്. മൃഗീയ ഭൂരിപക്ഷത്തിൽ പ്രതിപക്ഷത്തെ ഇല്ലാതാക്കി ഇവിടെ അധികാരത്തിൽ വന്നാൽ തങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇന്ത്യയിൽ നടപ്പാക്കാൻ പറ്റുമെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു.

അതിനാൽ തന്നെ അധികാരം നിലനിർത്താൻ അല്ല പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ ബിജെപി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഓപ്പറേഷൻ താമരയ്ക്കുള്ള നീക്കങ്ങളാണ് ബി.ജെ.പി ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്. അത് ഇപ്പോൾ ബിഹാറിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 19 എം.എല്‍.എമാരാണ് ബിഹാറില്‍ കോണ്‍ഗ്രസിനുള്ളത്. അതില്‍ 10 എം.എല്‍എമാരുമായി ബി.ജെ.പി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. പല കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് കഴിഞ്ഞദിവസം ജെഡിയു അറിയിച്ചിരുന്നു. പാർട്ടികളെ പിളർത്തി അധികാരം നിലനിർത്താനുള്ള കളികളാണ് ബിജെപി എല്ലാ സംസ്ഥാനത്തും നടത്തുന്നതെന്ന് വ്യക്തം. മഹാരാഷ്ട്രയൊക്കെ ഇതിന് മറ്റൊരു ഉദാഹരണം മാത്രം.

ബീഹാറിൽ 16 ഇടതുപക്ഷ എംഎൽഎമാരുണ്ട്. 19 കോൺഗ്രസ് എംഎൽഎ മാരിൽ 10 പേര് ബി ജെ പി സഖ്യത്തോടൊപ്പം പോകുന്നു എന്നാണ് അറിയാൻ കഴിയുന്നതെങ്കിൽ 16 ഇടതുപക്ഷ എംഎൽഎ മാരും അവിടെ തന്നെ ഉണ്ട് എന്നത് തന്നെ ആശ്വാസം. ഇലക്ഷനു മുന്നേ ഇനിയും പല പാർട്ടികളും ഈ സഖ്യം വിടും എന്ന സൂചനയാണ് നിതീഷ് കുമാറിനെപോലുള്ളവർ നൽകുന്നത്. ഓന്തിന്റെ പുറകെ പോകേണ്ടി വന്നത് ബിജെപിയുടെയും ഒരു ഗതികേട് തന്നെ.

Nitish Kumar changes colour again

Keywords: News, National, Bihar, Bihar Politics, Nitish Kumar, BJP, Congress, Politics, NDA, Modi, Amit Shah, Nitish Kumar changes colour again.
< !- START disable copy paste -->

Post a Comment