Wonder Car | പെട്രോളും സിഎൻജിയും വേണ്ട, ഓടാൻ മാലിന്യവും ചാണകവും മാത്രം മതി! വരുന്നു പുതിയ കാർ; സവിശേഷതകൾ അറിയാം

 


ന്യൂഡെൽഹി: (KVARTHA) വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാൻ ലോകമെമ്പാടും നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പല രാജ്യങ്ങളും പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്താൻ പോകുകയാണ്. അതിനാൽ പല രാജ്യങ്ങളിലും ബദൽ ഇന്ധനത്തിൽ വാഹനങ്ങൾ ഓടിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്.

Wonder Car | പെട്രോളും സിഎൻജിയും വേണ്ട, ഓടാൻ മാലിന്യവും ചാണകവും മാത്രം മതി! വരുന്നു പുതിയ കാർ; സവിശേഷതകൾ അറിയാം

ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടില്ലാത്ത രാജ്യങ്ങളിൽ, പെട്രോളിനും ഡീസലിനും പകരമായി സിഎൻജി, എത്തനോൾ തുടങ്ങിയ കുറഞ്ഞ മലിനീകരണ ഇന്ധനങ്ങൾ ഉപയോഗിക്കുന്നു. ബദൽ ഇന്ധനങ്ങളിൽ വാഹനങ്ങൾ ഓടിക്കാനുള്ള ശ്രമവുമായി രാജ്യത്തെയും ലോകത്തെയും നിരവധി ഓട്ടോമൊബൈൽ കമ്പനികളും മുന്നോട്ടുവരുന്നുണ്ട്.

അത്ഭുതപ്പെടുത്തി സുസുക്കി

അടുത്തിടെ, മുൻനിര ജാപ്പനീസ് കാർ നിർമ്മാതാക്കളായ സുസുക്കി പെട്രോളും ഡീസലും എത്തനോളും ആവശ്യമില്ലാത്ത ഒരു കാർ അവതരിപ്പിച്ചു. ജപ്പാനിലെ ടോക്കിയോ ഓട്ടോ ഷോയിൽ സുസുക്കി അവതരിപ്പിച്ച വാഗൺആർ, മാലിന്യത്തിൽ നിന്നും ചാണകത്തിൽ നിന്നും തയ്യാറാക്കിയ കംപ്രസ്ഡ് ബയോ ഗ്യാസ് (CBG) ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതായത്, പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയിലല്ല, മറിച്ച് സിബിജി പോലെയുള്ള വിലകുറഞ്ഞ ഇന്ധനങ്ങൾ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന പൂർണമായും സ്വയംപര്യാപ്തമായ കാറാണിത്. പെട്രോളിയം ഇന്ധനത്തിന്റെ ഉപയോഗം കുറച്ച് മലിനീകരണം കുറയ്ക്കുകയാണ് ഇത്തരം വാഹനങ്ങളുടെ ലക്ഷ്യം.

എന്താണ് സിബിജി?

സിഎൻജി പോലെ, എൻജിൻ പ്രവർത്തിപ്പിക്കാൻ സിബിജി ഉപയോഗിക്കാം. പെട്രോളിയം സ്രോതസുകളിൽ നിന്നാണ് സിഎൻജി ലഭിക്കുന്നത്, അതേസമയം കാർഷിക മാലിന്യങ്ങൾ, ചാണകം, മലിനജലം, മുനിസിപ്പൽ മാലിന്യങ്ങൾ തുടങ്ങിയ വിഘടിപ്പിച്ച ജൈവവസ്തുക്കളിൽ നിന്നാണ് സിബിജി ലഭിക്കുന്നത്. വിഘടിപ്പിക്കൽ പ്രക്രിയയ്ക്ക് ശേഷം, ബയോഗ്യാസ് കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിന് ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാകുന്നു, ഇത് ഇന്ധനത്തിലെ മീഥേൻ അളവ് വർധിപ്പിക്കുകയും അങ്ങനെ വാതകം വാഹനങ്ങൾ ഓടിക്കാൻ അനുയോജ്യമാക്കുകയും ചെയ്യുന്നു.

ജൈവ സ്രോതസുകളിൽ നിന്നാണ് സിബിജി ലഭിക്കുന്നത് എന്നതിനാൽ, വിഘടിപ്പിച്ചതിനുശേഷം ഉണ്ടാകുന്ന മാലിന്യ ഉൽപന്നം കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. 2023 ഓടെ 5,000 പ്ലാന്റുകളിൽ നിന്ന് 15 ദശലക്ഷം ടൺ ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ 24 ബില്യൺ ഡോളർ (ഏകദേശം 200 കോടി രൂപ) നിക്ഷേപിക്കാൻ രാജ്യം പദ്ധതിയിട്ടിരുന്നതായി 2020ൽ അന്നത്തെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. ഇന്ധന ഇറക്കുമതി കുറയ്ക്കാൻ ഈ നടപടി ഇന്ത്യയെ സഹായിക്കും. നിലവിൽ ഇന്ത്യ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി വലിയ അളവിൽ സിഎൻജി ഇറക്കുമതി ചെയ്യുന്നു.

ഇന്ത്യയിൽ വാഗൺആർ സിബിജി വികസനം

വാഗൺആർ സിബിജി ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുന്നുണ്ട് മാരുതി സുസുക്കി. കമ്പനി 2022 മുതൽ ഇതിന്റെ പ്രവർത്തനത്തിലാണ്. 2022 ഡിസംബറിൽ, ഇ20 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ വാഗൺആർ പ്രോട്ടോടൈപ്പും മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. ഇവികളെ മാത്രം ആശ്രയിക്കാതെ, ഹൈബ്രിഡ് സാങ്കേതിക വിദ്യയായ സിബിജിയും സിഎൻജിയും ഉപയോഗിക്കുന്നത് രാജ്യത്തെ കാർബൺ മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്ന് കമ്പനി ചെയർമാൻ ആർസി ഭാർഗവ ഏതാനും മാസങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു.

Keywords: Malayalam-News, Lifestyle, Lifestyle-News, Automobile-News, National, New Delhi, Car, Vehicle, Suzuki, Japan auto show: Suzuki unveiled new WagonR.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia