Follow KVARTHA on Google news Follow Us!
ad

Irregular Periods | ക്രമരഹിതമായ ആര്‍ത്തവം കാരണം ബുദ്ധിമുട്ടുന്നുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും അറിയാം!

രക്തസ്രാവം കൂടുതല്‍ ആണെങ്കില്‍ മാത്രം ഒരു ഗൈനകോളജിസ്റ്റിനെ കണ്ട് പ്രതിവിധി തേടാം Irregular Periods, Treatment, Health, Health Tips, Kerala News
കൊച്ചി: (KVARTHA) ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ഒരു ശാരീരിക പ്രശ്നമാണ്. പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിലെത്തിയ (Menopause) സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്നമാണ് പലപ്പോഴും ക്രമരഹിതമായ ആര്‍ത്തവത്തിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യായാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്‍, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവയെല്ലാം ചില പ്രധാന കാരണങ്ങളാണ്.

സ്ത്രീശരീരം പ്രത്യുല്‍പാദന സജ്ജമാകുന്നു എന്നതിന്റെ സൂചനയാണ് ആര്‍ത്തവം. ആര്‍ത്തവ മുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെയോ അതിന്റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ചയായും അതുകൊണ്ടു തന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്.

Irregular Periods: Symptoms, Causes, and Treatment, Kochi, News, Irregular Periods, Treatment, Health, Health Tips, Doctor, Parents, Kerala News

തലച്ചോറിലെ ഹൈപോതലാമസ്, പിറ്റിയൂടറി എന്നീ ഗ്രന്ഥികളും, അണ്ഡാശയം, ഗര്‍ഭാശയം തുടങ്ങിയ പ്രത്യുല്‍പാദന അവയവങ്ങളും ഏകോപിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് മാസമുറ ഒരു സ്ത്രീക്ക് വരുന്നത്. അതുകൊണ്ടുതന്നെ കൗമാര പ്രായക്കാരില്‍ ആര്‍ത്തവം തുടങ്ങുന്ന സമയം കുറച്ച്് അപാകതകള്‍ കാണാറുണ്ട്.

മാസത്തില്‍ ഒരിക്കലാണ് ആര്‍ത്തവം കാണുന്നതെങ്കിലും എല്ലാ സ്ത്രീകളിലും ഇത് ഒരേ ക്രമത്തിലാകണമെന്നില്ല. 21 മുതല്‍ 35 വരെ ദിവസങ്ങള്‍ ഇടവിട്ട് ആര്‍ത്തവമുണ്ടാകുന്നത് നോര്‍മല്‍ ആയി കണക്കാക്കാം.

28 ദിവസങ്ങള്‍ കൃത്യമായി നീണ്ടുനില്‍ക്കുന്ന ആര്‍ത്തവചക്രം അപൂര്‍വമാണ്. എന്നാല്‍ ചിലര്‍ക്ക് ഒരു മാസമോ അതില്‍ കൂടുതലോ ആര്‍ത്തവം ഇല്ലാതിരിക്കാം. ആര്‍ത്തവം നിലയ്ക്കുന്നത് ഒരിക്കലും രോഗമായി കാണരുത്. മാനസിക സമ്മര്‍ദവും ഉത്കണ്ഠയും ആര്‍ത്തവം മുടങ്ങുന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്.

രക്തസ്രാവം അഞ്ചു ദിവസം തുടങ്ങി എട്ടു ദിവസം വരെ നീണ്ടു നില്‍ക്കാം. അതില്‍ അഞ്ചു ദിവസം കഴിഞ്ഞ് രക്തസ്രാവം വളരെ കുറയുന്നതായിട്ടാണ് കാണുന്നത്. ഒരു ദിവസം മൂന്നു പാഡ് വരെ സാധാരണ ഗതിയില്‍ ഉപയോഗിക്കാം. കട്ട കട്ടയായി പോകുന്നത് ആര്‍ത്തവ സമയത്തുള്ള അമിത രക്തസ്രാവത്തെയാണ് കാണിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ അടിവയറിലും നടുവിനും കാലിലും വേദന അനുഭവപ്പെടുന്നത് സാധാരണമാണ്.

ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ഥങ്ങളാണ് ഉള്ളത്. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 നും 15 വയസ്സിനും ഇടയ്ക്കാണ്.

10 വയസ്സിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15നു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസ്സിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് കാണുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നുണ്ട്.

അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ ആര്‍ത്തവം നേരത്തേ വരാം, എന്നിരുന്നാലും 10 വയസ്സിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനകോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നത് നല്ലതാണ്. 15 വയസ്സിനു ശേഷവും ആര്‍ത്തവം വന്നില്ലെങ്കിലും അതുപോലെതന്നെ ഗൗനിക്കേണ്ടതാണ്.

ക്യത്യമായുള്ള ആര്‍ത്തവം വരാന്‍ ഇഞ്ചി കഴിക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചി നല്ല പേസ്റ്റ് പോലെ അരച്ച് അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവം ക്യത്യമാകാനും അത് പോലെ ആര്‍ത്തവ സമയത്തെ വേദന അകറ്റാനും ഏറെ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ശരീരത്തിന് മതിയായ പോഷകങ്ങള്‍ ലഭിക്കാതെ വന്നാല്‍ സാധാരണമായ പ്രവര്‍ത്തനങ്ങളില്‍ തടസം സംഭവിക്കാം.

പോഷകങ്ങളുടെ കുറവും പലപ്പോഴും ആര്‍ത്തവം കൃത്യമല്ലാത്തതിന് കാരണമാകുന്നു. ആര്‍ത്തവത്തിലേക്ക് നയിക്കുന്ന കാലമാണ് പെരിമെനോപോസ്. ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോള്‍ അത് ആര്‍ത്തവ ചക്രം തെറ്റുന്നതിന് കാരണമാകുന്നു. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരിലും ആര്‍ത്തവം കൃത്യമായിരിക്കുകയില്ല.

ശാരീരികമായ വളര്‍ചയുടെ ഭാഗമായി വരുന്ന ക്രമക്കേടുകളല്ലാതെ വളരെ വിരളമായി മറ്റു കാരണങ്ങളും ഉണ്ടാകാം. രക്തം കട്ടപിടിക്കാനുള്ള താമസം, മറ്റു ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, തൈറോയിഡിന്റെ പ്രശ്നങ്ങള്‍, പോളിസിസ്റ്റിക് ഓവറി, ഗര്‍ഭപാത്രത്തിനകത്തുണ്ടാകുന്ന മുഴകള്‍ ഒക്കെ ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാക്കുന്നവയാണ്.

കൗമാരക്കാരിലെ സാധാരണ പ്രശ്‌നങ്ങള്‍ ആര്‍ത്തവ ചക്രം തുടങ്ങുന്നതിനും അത് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും പല അവയവങ്ങളുടെയും ഒരു ഏകോപിത പ്രവര്‍ത്തനം അത്യാവശ്യമാണ്. തലച്ചോറിലെ ഹൈപോതലാമസ് പിറ്റിയൂടറി ഗ്രന്ഥി, അണ്ഡാശയം, ഗര്‍ഭപാത്രം, ഇവയെല്ലാം തന്നെ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആര്‍ത്തവ ചക്രം തുടങ്ങുകയുള്ളു. അങ്ങനെ ഒരു പെണ്‍കുട്ടിക്ക് മാസമുറ ആരംഭിച്ചു കഴിഞ്ഞാല്‍ അത് മുന്നോട്ടു കൊണ്ടു പോകുന്നതിനും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കണം.

സാധാരണ ഒരു പെണ്‍കുട്ടി വളര്‍ന്നു വലുതാകുന്ന ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ (അതായത് ആര്‍ത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍) പിറ്റിയൂടറി ഗ്രന്ഥിയും ഹൈപോതലാമസും പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടാവുകയില്ല. അപ്പോള്‍ ആദ്യമേ ഒരു മാസമുറ വന്നാലും പിന്നീട് ഇവയില്‍ നിന്നു വരുന്ന ഹോര്‍മോണുകളുടെ ഉത്തേജനം വഴിയാണ് തുടര്‍ന്നുള്ള മാസമുറ മുന്നോട്ടു പോകുന്നത്.

അപ്പോള്‍ പൂര്‍ണ വളര്‍ച എത്തിയിട്ടില്ല എന്നുണ്ടെങ്കില്‍ അവിടെ നിന്നുമുള്ള ഹോര്‍മോണ്‍ ചിലപ്പോള്‍ കുറഞ്ഞ അളവില്‍ വരും, അല്ലെങ്കില്‍ ചിലപ്പോള്‍ ധ്രുതഗതിയില്‍ വരും, അങ്ങനെ അപാകതകള്‍ ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ ഒരു മാസം ആര്‍ത്തവം വന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ മാസങ്ങളോളം വരാതെയുമിരിക്കാം. മാസമുറ 45 - 60 ദിവസം വരെ വൈകി ആയിരിക്കും വരുന്നത്.

ഇത്തരത്തില്‍ വൈകി വരുമ്പോഴുണ്ടാകുന്ന രക്തസ്രാവം ചിലപ്പോള്‍ വളരെ കൂടുതല്‍ ആയിരിക്കാം, അല്ലെങ്കില്‍ സാധാരണ ഗതിയിലോ താരതമ്യേന കുറവോ ആയിരിക്കാം. ക്രമം തെറ്റി വരുന്ന മാസമുറയില്‍ രക്തസ്രാവം കൂടുതലല്ല എന്നുണ്ടെങ്കില്‍ അതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. പക്ഷേ ചില പെണ്‍കുട്ടികള്‍ക്ക് നിയന്ത്രിക്കാനാകാത്ത വിധം രക്തസ്രാവം ഉണ്ടായെന്നിരിക്കാം. അങ്ങനെ വരികയാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവം കൊണ്ടുണ്ടാകുന്ന വിളര്‍ച വരാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വളരുന്ന കുട്ടികളില്‍ വിളര്‍ച വന്നു കഴിഞ്ഞാല്‍ അത് പലവിധ ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. പഠിത്തത്തില്‍ ഉത്സാഹമില്ലായ്മ, എപ്പോഴും ഉറങ്ങണം എന്ന് തോന്നിക്കൊണ്ടിരിക്കുക, ദേഷ്യം വരിക, ചില ആഹാര സാധനങ്ങളോട് അമിതമായ ഇഷ്ടം കാണിക്കുക, ഓടുമ്പോഴോ പടി കയറുമ്പോഴോ പെട്ടെന്ന് കിതയ്ക്കുക, ശ്വാസം മുട്ട് വരിക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ രക്ഷിതാക്കള്‍ക്ക് ഇത് വിളര്‍ചയുടെ ലക്ഷണങ്ങളാണെന്ന് മനസ്സിലായെന്ന് വരില്ല.

ഇത്തരം അവസ്ഥയില്‍ തീര്‍ചയായും ഒരു ഗൈനകോളജിസ്റ്റിനെ കാണണം. അമിതമായ രക്തസ്രാവം തടയാനും വിളര്‍ച മാറ്റുവാനുമുള്ള മരുന്നുകള്‍ ഗൈനകോളജിസ്റ്റിന് നിര്‍ദേശിക്കാന്‍ സാധിക്കും. മാത്രവുമല്ല വളരെ വിരളമായി വരുന്ന അണ്ഡാശയത്തിലെ ചില മുഴകളോ അല്ലെങ്കില്‍ ഗര്‍ഭാശയത്തിനകത്തു വരുന്ന ചില കുഴപ്പങ്ങളോ കണ്ടുപിടിക്കാന്‍ ഒരു സ്‌കാന്‍ ചെയ്യുകയും വിളര്‍ച എത്രത്തോളം ഉണ്ടെന്ന് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള ടെസ്റ്റുകള്‍ ചെയ്യുവാനും ഗൈനകോളജിസ്റ്റിന് നിര്‍ദേശിക്കാന്‍ സാധിക്കും.

ആര്‍ത്തവ ചക്രം തുടങ്ങി കഴിഞ്ഞ് ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ വരുന്ന മേല്‍പ്പറഞ്ഞ ആര്‍ത്തവ ക്രമക്കേടുകള്‍ ശാരീരിക വളര്‍ചയുടെ ഭാഗമായി വരുന്നതാണ്. അതുകൊണ്ട് മാതാപിതാക്കളോ കുട്ടികളോ വ്യാകുലപ്പെടേണ്ടതില്ല. രക്തസ്രാവം കൂടുതല്‍ ആണെങ്കില്‍ മാത്രം ഒരു ഗൈനകോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടാം.

ആര്‍ത്തവ സമയത്ത് കൗമാരക്കാരില്‍ കാണുന്ന മറ്റൊരു പ്രശ്നം വയറുവേദനയാണ്. ഈ വയറുവേദന മാസമുറ തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് തുടങ്ങുകയും ആദ്യത്തെ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. ഈ വേദനയുടെ കാഠിന്യം പല കുട്ടികളിലും വ്യത്യസ്തമാണ്. എന്നിരുന്നാലും ഭൂരിഭാഗം പേര്‍ക്കും മരുന്നുകള്‍ ഒന്നും കഴിക്കാതെ തന്നെ ഈ വയറുവേദന മാറുന്നതായിട്ടാണ് കാണുന്നത്.

വയറിനോ നടുവിനോ ചൂടു കൊടുക്കുകയും വയര്‍ അമര്‍ത്തി പിടിച്ച് കമഴ്ന്ന് കിടക്കുകയും ഒക്കെ ചെയ്യുന്നതു വഴി കുട്ടികള്‍ തന്നെ ഇതിനൊരു പരിഹാര മാര്‍ഗം കണ്ടുപിടിക്കാറാണ് പതിവ്. വളരെ ചെറിയ ശതമാനം കുട്ടികളില്‍ ഈ വയറുവേദന അതികാഠിന്യമുള്ളതായിട്ട് കണ്ടു വരുന്നു. വളരെ കഠിനമായ വയറുവേദന, കാലുവേദന, നടുവേദന ചിലപ്പോള്‍ ഇതിന്റെ കൂട്ടത്തില്‍ തലകറക്കവും ഛര്‍ദിയും കണ്ടു വരുന്നു.

ഇങ്ങനെ മാസമുറ സമയത്ത് വയറുവേദന അതിതീവ്രമാണെങ്കില്‍ ഒരു ഗൈനകോളജിസ്റ്റിനെ കണ്ട് മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല എന്ന് ഉറപ്പിച്ചതിനു ശേഷം തുടര്‍ന്നുള്ള മാസം വേദന വരാന്‍ തുടങ്ങുമ്പോള്‍ തന്നെ കഴിക്കാനുള്ള ഒന്നോ രണ്ടോ വേദനസംഹാരി ഗുളികകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും.

എന്നാല്‍ ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ നിര്‍ദേശിച്ചാല്‍ പോലും അത് കഴിക്കുന്നതിനോട് മാതാപിതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിക്കാറുണ്ട്. ഇത്തരം മരുന്നുകള്‍ ഭാവിയില്‍ കുട്ടികളുടെ പ്രത്യുല്‍പാദന ശേഷിയെ പ്രതികൂലമായി ബാധിക്കും എന്നുള്ള സംശയമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ഈ തെറ്റിധാരണ അവര്‍ വളര്‍ന്നു വരുന്ന പുതുതലമുറയിലേയ്ക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.

പലപ്പോഴും ആര്‍ത്തവ സമയത്ത് വയറുവേദന കാരണം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയും കാണാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ല. മാസമുറ സമയത്ത് ഒരു വേദനസംഹാരി കഴിച്ചു എന്ന് പറഞ്ഞ് അവരുടെ പ്രത്യുല്‍പാദനപരമായ ആരോഗ്യത്തെ ഒരു വിധേനയും ബാധിക്കുകയില്ല എന്ന തിരിച്ചറിവ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകേണ്ടതാണ്.

Keywords: Irregular Periods: Symptoms, Causes, and Treatment, Kochi, News, Irregular Periods, Treatment, Health, Health Tips, Doctor, Parents, Kerala News.

Post a Comment