Eye Care | കണ്ണുകള്‍ ശരീരത്തിന്റെ പ്രധാന അവയവമാണ്; ശരിയായരീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ കാഴ്ച തന്നെ നഷ്ടപ്പെടാം; സംരക്ഷിക്കേണ്ട വഴികള്‍ ഇതാ!

 


കൊച്ചി: (KVARTHA) നമ്മുടെ ശരീരത്തിന്റെ ഒരു പ്രധാന അവയവമാണ് കണ്ണുകള്‍(Eyes). ശരിയായ രീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ കാഴ്ച ശക്തിയെ തന്നെ അത് ബാധിച്ചേക്കാം. ലോകത്തിന്റെ മനോഹാരിത മനസില്‍ പതിപ്പിക്കുന്ന ക്യാമറകളാണ് (Camera)ഓരോ കണ്ണുകളും എന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ കണ്ണുകള്‍ ഇല്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല.
Eye Care | കണ്ണുകള്‍ ശരീരത്തിന്റെ പ്രധാന അവയവമാണ്; ശരിയായരീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ കാഴ്ച തന്നെ നഷ്ടപ്പെടാം; സംരക്ഷിക്കേണ്ട വഴികള്‍ ഇതാ!
കാഴ്ചയില്ലാത്തവര്‍ക്ക് അത് ജന്മനാ ശീലമുള്ളതാണ്. എന്നാല്‍ കാഴ്ച ഉള്ളവര്‍ക്ക് അശ്രദ്ധമൂലം അത് നഷ്ടപ്പെട്ടുപോയാല്‍ പിന്നെ ജീവിതത്തില്‍ ഒരു അര്‍ഥവും ഇല്ലാതെ പോകും. ശരീരത്തിന്റെ ആരോഗ്യം നോക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കണ്ണുകളുടെ ആരോഗ്യവും സംരക്ഷണവും.

ഇന്നത്തെ കാലത്ത് കുട്ടികളായാലും മുതിര്‍ന്നവരായാലും ചെറുപ്രായത്തില്‍ തന്നെ കണ്ണട വെക്കേണ്ട അവസ്ഥയാണ് കാണുന്നത്. ഭൂരിഭാഗം സമയവും മൊബൈല്‍ഫോണിലും ടിവിയിലും കംപ്യൂടറിലും നോക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

വേണ്ട ശ്രദ്ധയും സംരക്ഷണവും കൊടുക്കാത്തതു കൊണ്ട് നിരവധി പ്രശ്നങ്ങളാണ് കണ്ണുകളെ ബാധിക്കുന്നത്. അവ തടയാനും കണ്ണുകളെ സംരക്ഷിക്കാനും ചില വഴികളുണ്ട്, ഏതാണെന്ന് നോക്കാം.

*സണ്‍ഗ്ലാസുകള്‍ വെക്കുക

സ്‌റ്റൈലിന് വേണ്ടിയാണ് സണ്‍ഗ്ലാസുകള്‍(Sun Glass) വെക്കുന്നതെന്നാണ് ഒട്ടുമിക്കവരുടേയും ധാരണ. എന്നാല്‍ അത് ശരിയല്ല, കണ്ണുകളുടെ സംരക്ഷണത്തിന് കൂടി ഉതകുന്നതാണ് സണ്‍ഗ്ലാസുകള്‍ അല്ലെങ്കില്‍ കൂളിങ് ഗ്ലാസുകള്‍. പകല്‍ സമയത്ത് പ്രത്യേകിച്ചും വെയില്‍ അധികമുള്ള സമയങ്ങളില്‍ സണ്‍ഗ്ലാസുകള്‍ വെക്കുന്നത് അള്‍ട്രാ വൈലറ്റ് രശ്മികളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കും.

99-100 ശതമാനം വരെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സണ്‍ഗ്ലാസുകള്‍ കണ്ണുകളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനൊപ്പം, 75-90 ശതമാനം വരെ വ്യക്തമായ കാഴ്ചയും കാണാം എന്നും പഠനം തെളിയിച്ചിട്ടുണ്ട്.

വെയിലുള്ള അവസരങ്ങളില്‍ കണ്ണുകള്‍ക്ക് സണ്‍ബേണ്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടുതന്നെ കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് പുറത്ത് ചെലവഴിക്കുന്നതെങ്കിലും സണ്‍ഗ്ലാസുകള്‍ വെച്ച് നടക്കുക.

*കണ്ണ് തിരുമ്മരുത്

കണ്ണില്‍ എന്തെങ്കിലും പോയാലോ, ചൊറിച്ചില്‍ അനുഭവപ്പെട്ടാലോ കണ്ണ് തിരുമ്മുക പതിവാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ കണ്ണിനുള്ളില്‍ പോറലുകള്‍ സംഭവിച്ചേക്കാം. കോര്‍ണിയയ്ക്കോ കൃഷ്ണമണിക്ക് പുറത്തോ പോറലുകള്‍ സംഭവിക്കുന്നത് കാഴ്ചശക്തിയെ തന്നെ ബാധിക്കും. കണ്ണിനെ ആവരണം ചെയ്തിരിക്കുന്ന ത്വക്കിന് കേടുപാടുകള്‍ സംഭവിക്കാനും സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ കണ്ണ് തിരുമ്മുന്നത്, കട്ടിയുള്ള തുണി ഉപയോഗിച്ച് കണ്ണ് തുടയ്ക്കുന്നത് എന്നിവ ഒഴിവാക്കുക.

*പഴകിയ മെയ്ക് അപ് ഉപയോഗിക്കരുത്

കാലാവധി കഴിഞ്ഞ മേയ്ക് അപുകള്‍ കണ്ണില്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സ്വയം വരുത്തി വയ്ക്കുന്നു. ഐഷാഡോ, ഐലൈനര്‍, കാജല്‍ സ്റ്റിക് എന്നിവയെല്ലാം പഴകി തുടങ്ങിയാല്‍ കണ്ണിന് ഹാനികരമാണ്. അസ്വസ്ഥകകള്‍, ചൊറിച്ചില്‍, കണ്ണിന് ചുവപ്പ് എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം. പഴയ മെയ്ക് അപിന് പുറമേ ഗുണമേന്‍മയില്ലാത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും കണ്ണിന് ഹാനികരമാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മെയ്ക് അപ് മുഴുവന്‍ കഴുകി കളഞ്ഞതിന് ശേഷം ഉറങ്ങുക.

*കോണ്‍ടാക്ട് ലെന്‍സ് ഉറങ്ങുന്നതിന് മുന്‍പ് മാറ്റിവെക്കുക

കണ്ണടകള്‍ വെക്കാന്‍ താല്‍പര്യമില്ലാത്തവര്‍ കോണ്‍ടാക്ട് ലെന്‍സുകളെയാണ് (Contact Lens) പലപ്പോഴും ആശ്രയിക്കുന്നത്. ഇത്തരം ലെന്‍സുകള്‍ വെക്കുമ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. രാത്രി കിടക്കുന്നതിന് മുന്‍പ് കോണ്‍ടാക്സ് ലെന്‍സ് നിര്‍ബന്ധമായും കണ്ണില്‍ നിന്നും മാറ്റണം. അല്ലാത്തപക്ഷം കണ്ണിനുള്ളില്‍ പോറലോ മുറിവുകളോ ഉണ്ടാകാന്‍ കാരണമായേക്കാം.

*ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുക


മൊബൈല്‍ അല്ലെങ്കില്‍ ലാപ് ടോപ്, ടിവി, ഇന്നത്തെ പുതു തലമുറ മുതല്‍ വാര്‍ധക്യത്തിലുള്ളവര്‍ പോലും ഇതിനൊക്കെ അടിമയാണ്. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് ഇവയ്ക്ക് മുന്നിലിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരം ഉപകരണങ്ങളില്‍ നിന്ന് പ്രവഹിക്കുന്ന ബ്ലൂലൈറ്റ് കണ്ണുകള്‍ക്ക് ഹാനികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ചയായി മണിക്കൂറുകള്‍ ഇങ്ങനെ ചിലവഴിക്കുന്നത് കണ്ണിന് ആയാസകരമാണ്. കണ്ണുകള്‍ വരണ്ടുപോകാനും കാരണമാകുന്നു. കാഴ്ചശക്തിയെ ബാധിക്കുന്നു.

*കെമികലുകള്‍ ഇല്ലാത്ത ഐ ഡ്രോപുകള്‍ ഉപയോഗിക്കുക

കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പലരും തിരഞ്ഞെടുക്കുന്നതാണ് ഐ ഡ്രോപുകള്‍. ഇവ ഉപയോഗിക്കുന്നത് കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കും. എന്നാല്‍ ഐ ഡ്രോപുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അവയില്‍ കെമികലുകള്‍ അടങ്ങിയിട്ടുണ്ടോ എന്നാണ്.

ഇവയില്‍ അടങ്ങിയിരിക്കുന്ന പ്രിസര്‍വേറ്റീവ്സും കെമികലുകളുമെല്ലാം കണ്ണിന്റെ ആരോഗ്യത്തിന് തന്നെ ഭീഷണിയാണ്. ഐ ഡ്രോപുകള്‍ വാങ്ങുന്നതിന് മുന്‍പേ നല്ലൊരു ഐ സ്പെഷ്യലിസ്റ്റിന്റെ നിര്‍ദേശം സ്വീകരിക്കുക. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ഐഡ്രോപുകള്‍ തിരഞ്ഞെടുക്കാം.

*ഡോക്ടറെ സമീപിക്കുക

കണ്ണുമായും കാഴ്ചയുമായും ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സ്വയം ചികിത്സ നല്‍കാതെ ഡോക്ടര്‍മാരുടെ സേവനം തേടുക. അവര്‍ നിര്‍ദേശിക്കുന്നതിനനുസരിച്ചുള്ള ചികിത്സകളും മരുന്നുകളും ക്യത്യമായി പാലിക്കുക.

Keywords:  How To Protect Your Eyes, Kochi, News, Eyes, Treatment, Protect, Health, Health Tips, Doctor, Prescriptions, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia