Fingerprint | സഊദിയിലേക്കുള്ള മുഴുവന്‍ തൊഴില്‍ വിസകള്‍ക്കും വിരലടയാളം നിര്‍ബന്ധമാക്കി; ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും

 


റിയാദ്: (KVARTHA) സഊദിയിലേക്കുള്ള എല്ലാ തൊഴില്‍ വിസകളുടെയും വിരലടയാളം നിര്‍ബന്ധമാക്കുന്നു. ജനുവരി 15 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മുംബൈയിലെ സഊദി കോണ്‍സുലേറ്റ് അറിയിച്ചു. ഇനി സഊദിയിലേക്ക് തൊഴില്‍ വിസ സ് റ്റാമ്പ് ചെയ്യാന്‍ ആവശ്യമായ രേഖകളുമായി വി എഫ് എസ് ഓഫീസില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം.

Fingerprint | സഊദിയിലേക്കുള്ള മുഴുവന്‍ തൊഴില്‍ വിസകള്‍ക്കും വിരലടയാളം നിര്‍ബന്ധമാക്കി; ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും
സഊദി കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍കുലറിലാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. നിലവില്‍ തൊഴില്‍ വിസകള്‍ക്ക് ബയോമെട്രിക് ആവശ്യമുണ്ടായിരുന്നില്ല. വിസ നേരിട്ട് സ്റ്റാംപ് ചെയ്താല്‍ മതിയായിരുന്നു.

എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് അപേക്ഷകന്റെ മുഴുവന്‍ വിവരങ്ങളും അപ് ലോഡ് ചെയ്ത ശേഷം ബയോമെട്രിക് രെജിസ്‌ട്രേഷനുള്ള അപോയിന്‍മെന്റിന് വേണ്ടി കൈമാറണമെന്നും കോണ്‍സുലേറ്റ് പുറത്തിറക്കിയ സര്‍കുലറില്‍ വ്യക്തമാക്കുന്നു. ഇതോടെ വി എഫ് എസ് ശാഖകളില്‍ തിരക്ക് ക്രമാതീതമായി വര്‍ധിക്കും.

വലിയ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും വി എഫ് എസ് ശാഖകള്‍ കുറവാണ്. രാജ്യത്ത് ആകെ 10 ഇടങ്ങളില്‍ മാത്രമാണ് ശാഖകളുള്ളത്. മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹ് മദാബാദ്, ബംഗ്ലൂരു, ലക്നൗ, ന്യൂ ഡെല്‍ഹി, കൊല്‍കത എന്നീ നഗരങ്ങളിലാണ് നിലവില്‍ വി എഫ് എസ് ശാഖകളുള്ളത്.

രണ്ടുവര്‍ഷം മുമ്പുതന്നെ ഇതുസംബന്ധിച്ച് സഊദി അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. 2022 മെയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ ആകുമെന്ന് കോണ്‍സുലേറ്റ് അന്ന് ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിരുന്നു. എന്നാല്‍ വിസ സര്‍വീസിങ് നടപടികളുടെ പുറംകരാറെടുത്ത ഏജന്‍സിയായ വി എഫ് എസിന്റെ ശാഖകളുടെ കുറവും പെടുന്നനെ നടപ്പാക്കുമ്പോഴുണ്ടാകുന്ന മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചു ട്രാവല്‍ ഏജന്‍സികള്‍ കോണ്‍സുലേറ്റിനെ സമീപിച്ചതോടെ നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു.

പിന്നീട് ഏതാനും മാസം മുമ്പ് സഊദിയിലേക്കുള്ള വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്ക് ഈ നിയമം നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇപ്പോള്‍ തൊഴില്‍ വിസകള്‍ക്ക് കൂടി ഇത് ബാധകമാക്കുകയാണ്.

Keywords:  Fingerprint is mandatory for Saudi work visa, Saudi Arabia, Riyadh, News, Fingerprint, Mandatory, Saudi Work Visa, VFS Branch, Travel Agency, Office, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia