Diplomatic Tensions | നരേന്ദ്ര മോദിക്കെതിരെയുള്ള അധിക്ഷേപം; ഇന്‍ഡ്യയിലെ മാലദ്വീപ് ഹൈകമീഷണറെ വിളിപ്പിച്ച് കേന്ദ്ര സര്‍കാര്‍, കടുത്ത അതൃപ്തി അറിയിച്ചു

 


ന്യൂഡെല്‍ഹി: (KVARTHA) ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്‍ഡ്യയേയും മാലദ്വീപ് മന്ത്രിമാര്‍ അധിക്ഷേപിച്ച സംഭവത്തില്‍ നിലപാട് കടുപ്പിച്ച് ഇന്‍ഡ്യ. ഇതിന്റെ ഭാഗമായി ഇന്‍ഡ്യയിലെ മാലദ്വീപ് ഹൈകമീഷണര്‍ ഇബ്രാഹിം ശാഹിബിനെ വിളിപ്പിച്ച് കേന്ദ്ര സര്‍കാര്‍ കടുത്ത അതൃപ്തി അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ഡെല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനമായ സൗത് ബ്ലോകിലേക്ക് മാലദ്വീപ് ഹൈകമീഷണര്‍ കയറിപോകുന്നതിന്റെയും അല്‍പം കഴിഞ്ഞ് മടങ്ങുന്നതിന്റെയും വീഡിയോകളും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Diplomatic Tensions | നരേന്ദ്ര മോദിക്കെതിരെയുള്ള അധിക്ഷേപം; ഇന്‍ഡ്യയിലെ മാലദ്വീപ് ഹൈകമീഷണറെ  വിളിപ്പിച്ച് കേന്ദ്ര സര്‍കാര്‍, കടുത്ത അതൃപ്തി അറിയിച്ചു

അധിക്ഷേപം നടത്തിയ യുവജന മന്ത്രാലയത്തിലെ മൂന്ന് ഡെപ്യൂടി മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്ത വിവരം ഹൈകമീഷണറും ഇന്‍ഡ്യയെ ധരിപ്പിച്ചു. യുവജന മന്ത്രാലയത്തിലെ ഡെപ്യൂടി മന്ത്രിമാരായ മല്‍ശ ശരീഫ്, മറിയം ശിയൂന, അബ്ദുല്ല മഹ്‌സൂം മാജിദ് എന്നിവരെയാണ് ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തത്.

അധിക്ഷേപത്തിനെതിരെ ഇന്‍ഡ്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും വിവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുകയും മാലദ്വീപിനെ ബഹിഷ്‌കരിക്കാന്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പെടെയുള്ള ഇന്‍ഡ്യന്‍ സെലിബ്രിറ്റികള്‍ സമൂഹ മാധ്യമ കാംപയ്ന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ദ്വീപ് രാജ്യത്തിന്റെ നടപടി.

ലക്ഷദ്വീപ് സന്ദര്‍ശനത്തിനു പിന്നാലെ മോദി പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് മോദി ലക്ഷ്യമിടുന്നത് എന്നതരത്തില്‍ ചര്‍ചകളും തുടങ്ങി. ഇതിനു പിന്നാലെയാണ് മോദിയുടെ ചിത്രം പങ്കുവെച്ച് മന്ത്രി മറിയം ശിയൂന എക്‌സില്‍ വിവാദ പോസ്റ്റിട്ടത്.

കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും നിരവധി മാലദ്വീപുകാര്‍ ഇന്‍ഡ്യക്കാരെ അവഹേളിക്കുന്ന പ്രതികരണങ്ങളുമായി രംഗത്തുവന്നു. ഇതോടെ, മാലദ്വീപിനെ ബഹിഷ്‌കരിക്കൂ എന്ന ഹാഷ്ടാഗുമായി ബോളിവുഡ് താരങ്ങള്‍ ഉള്‍പെടെയുള്ള ഇന്‍ഡ്യന്‍ സെലിബ്രിറ്റികള്‍ മാലദ്വീപിനെതിരായും മോദിക്കും ലക്ഷദ്വീപിനും അനുകൂലമായും സമൂഹ മാധ്യമ കാംപയ്ന്‍ തുടങ്ങി.

മന്ത്രിയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ദ്വീപ് രാഷ്ട്രത്തിന്റെ പുരോഗതിക്കും സുരക്ഷക്കുംവേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയാണ് ഇന്‍ഡ്യയെന്നും മാലദ്വീപ് പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ മുഹമ്മദ് നശീദ് വിമര്‍ശനവുമായി രംഗത്തുവന്നു.

മന്ത്രിമാരുടെ പരാമര്‍ശം വ്യക്തിപരമാണെന്നും സര്‍കാര്‍ നയമല്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയതിനു ശേഷമായിരുന്നു സസ്‌പെന്‍ഷന്‍.

Keywords: Diplomatic tensions: India summons Maldives envoy Ibrahim Shaheeb amid row over controversial post regarding PM Modi's visit to Lakshadweep, New Delhi, News, Politics, Suspension, Ministers, Controversy, Social Media, Diplomatic Tensions, 
India Summons Maldives Envoy, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia