Congress Reshuffle | ആകെ നാല് വനിതകൾ, കൂടുതലും എംപിമാരും എംഎൽഎമാരും, രാഷ്ട്രീയകാര്യ സമിതിയിൽ യുവതലമുറ എവിടെ? ഇതാണോ കോൺഗ്രസ്‌!

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ കാര്യ സമിതി പുനസംഘടിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരു പ്രത്യേക മേന്മ എന്തെങ്കിലും ഉള്ളതായി പറയാനാകില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് വിശേഷിപ്പിക്കാം. സ്ത്രീ സുരക്ഷയും സ്ത്രീപ്രാതിനിധ്യവുമൊക്കെ നിരന്തരം വിളിച്ച് പറയുന്ന കോൺഗ്രസിന് പുതിയ രാഷ്ട്രീയ കാര്യ സമിതിയിൽ കിട്ടിയത് 4 വനിതകളെയാണ്. പത്മജാ വേണുഗോപാൽ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ് മി എന്നിവരാണ് പുതുതായി രൂപീകരിച്ച രാഷ്ട്രീയകാര്യ സമിതിയിൽ തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.
  
Congress Reshuffle | ആകെ നാല് വനിതകൾ, കൂടുതലും എംപിമാരും എംഎൽഎമാരും, രാഷ്ട്രീയകാര്യ സമിതിയിൽ യുവതലമുറ എവിടെ? ഇതാണോ കോൺഗ്രസ്‌!

36 അംഗ സമിതിയിൽ ബാക്കിയുള്ളവർ എല്ലാം പുരുഷന്മാർ ആണ്. ഇത്രയും സ്ത്രീ നേതാക്കളെയുള്ളോ നമ്മുടെ നാട്ടിലെ കോൺഗ്രസിന് എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. പുരുഷ വോട്ടർമാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ് കോൺഗ്രസിനെ ഏക്കാലവും ഹൃദയത്തിലേറ്റെടുക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം ഓർത്താൽ നന്ന്. എം പി മാർ ആയിരിക്കുന്നവരെയും എംഎൽഎ മാർ ആയിരിക്കുന്നവരെയും മാറ്റിനിർത്തി ആ സ്ഥാനത്ത് കുറഞ്ഞത് ഒരു 10 വനിതകളെയെങ്കിലും ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ രാഷ്ട്രീയകാര്യ സമിതി കൂടുതൽ തിളങ്ങിയേനെ. ഒരാൾക്ക് ഒരു പദവി അതല്ലേ നല്ലത്. അത് എംപിയ്ക്കും എംഎൽഎമാർക്കും ഒക്കെ ബാധകമാക്കണം.

ഇടതിൽ നിന്ന് തിരിച്ചെത്തിയ മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെയും പത്മജാ വേണുഗോപാലിനെയും ശശി തരൂരിനെയും പോലെയുള്ളവരെ ഇതിൽ ഉൾപ്പെടുത്തിയത് സ്വാഗതം ചെയ്യപ്പെടേണ്ടത് ആണെങ്കിലും ചില അനർഹരെ ഇതിൽ എന്തിന് ഉൾപ്പെടുത്തി എന്ന സംശയവും ഉയരുന്നുണ്ട്. ഉദാഹരണത്തിന് കെ സി ജോസഫിനെയും പി ജെ കുര്യനെയും പോലെയുള്ളവരെ. അവർ പ്രായമായിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ എം.പിയും എം.എൽ.എ യും മന്ത്രിയുമൊക്കെ ആയിട്ട് ഇരുന്നവർ ആണ്. ഇങ്ങനെ ഉള്ളവരെ മാറ്റി ആ സ്ഥാനത്ത് പുതു തലമുറയ്ക്ക് അവസരം നൽകാമായിരുന്നു.
  
Congress Reshuffle | ആകെ നാല് വനിതകൾ, കൂടുതലും എംപിമാരും എംഎൽഎമാരും, രാഷ്ട്രീയകാര്യ സമിതിയിൽ യുവതലമുറ എവിടെ? ഇതാണോ കോൺഗ്രസ്‌!

അനർഹരുടെ പട്ടികയിൽ നിന്ന് വി എം സുധീരനെയും ഒഴിവാക്കാനാവില്ല. ജീവിച്ചിരുന്ന കാലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് ഒരു മണിക്കൂർ പോലും മനസ്സമാധാനം കൊടുക്കാതിരുന്ന ആദർശ ധീരനാണ് അന്ന് കെ.പി.സി.സി പ്രസിഡൻ്റായിരുന്ന വി.എം സുധീരൻ. ഇങ്ങനെയുള്ളവരെയൊക്കെ മാറ്റി യുവ പ്രാതിനിധ്യം ഇതിൽ സൃഷ്ടിച്ചിരുന്നെങ്കിൽ അത് പാർലമെൻ്റ് ഇലക്ഷൻ വരുമ്പോൾ ഒരു മുതൽക്കുട്ട്
ആകുമായിരുന്നു. ജനകീയരല്ലാത്ത, ഗ്രൂപ്പ് കളികൊണ്ടുമാത്രം നേതാവായി തുടരുന്ന എം എം ഹസനെയും ആർക്കും ഒരു ഉപയോഗവും ഇല്ലാത്ത വി.എസ് ശിവകുമാറിനെയും പോലെ ഉള്ളവരെയൊക്കെ ഇതിൽനിന്നും ഒഴിവാക്കാമായിരുന്നു. പകരം മാത്യു കുഴൽനാടൻ ഒക്കെ വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി എന്നേ പറയാൻ ആവു. ഇതിൽ ഉള്ളവർ അതികം പേരും നിലവിൽ എം.പി മാരും എംഎൽഎമാരും ആണ്. ഇത് തന്നെയാണ് കോൺഗ്രസിൻ്റെ ഏറ്റവും വലിയ പരാജയവും. വീതം വെയ്ക്കലും ഓരി ഇടലും എന്ന് നിർത്തുന്നോ അന്നേ കോൺഗ്രസ്‌ കേരളത്തിൽ കൂടുതൽ ശക്തി പ്രാപിക്കുകയുള്ളു. ഒഴിച്ചു നിർത്തേണ്ട, വിശ്രമം കൊടുക്കേണ്ട പലരും ഇതിൽ കയറിക്കൂടിയിട്ടുണ്ട്. പുതിയ തലമുറയിൽ നല്ല മുന്നേറ്റ നിര തന്നെയുണ്ട്. അവരെ മാറ്റിനിർത്തിയത് ഒട്ടും ശരിയായില്ല. ചീട്ട്‌ കലക്കി കുത്തുന്ന പോലെ, വീണ്ടും വീണ്ടും ഒരേ കാർഡുകൾ മാത്രം കലക്കി കുത്തുന്നു. അതിൽ ജോക്കറും ആസും ഇസ്പേഡ് സെവനും എല്ലാം ഉണ്ട്. ഈ പാർട്ടി രക്ഷപെടാത്ത കാരണവും അത് തന്നെ.

കേരളത്തിലെ എല്ലാ ജനങ്ങളും പറയുന്ന ഒരു സത്യം പറഞ്ഞു കൊള്ളട്ടെ. ശശി തരൂർ, കെ മുരളീധരൻ, മാത്യു കുഴൽനാടൻ, രാഹുൽ മാങ്കുട്ടത്തിൽ ഇവരെയൊക്കെ പ്രോജക്ട് ചെയ്തു ഇലക്ഷന് നേരിട്ടാൽ കേരള സംസ്ഥാനത്ത് കോൺഗ്രസ് പാട്ടും പാടി ജയിക്കും. എ കെ ആന്റണി പോലും മാറി നിൽക്കണമെന്ന അഭിപ്രായമാണ് സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഉള്ളത്. ഇതൊക്കെ ചിന്തിക്കാതെ പോയാൽ ഇനിയും
അഞ്ച് വർഷം കൂടി യുഡിഎഫിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. ഇപ്പോൾ തന്നെ കേരളീയ സമൂഹം നേരിടുന്ന ജനകീയ പ്രശ്നങ്ങൾ നിരവധിയാണ്. അവയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ പോലും ഇവിടുത്തെ പ്രതിപക്ഷത്തിനാകുന്നില്ലെന്നതാണ് സത്യം.

പാർട്ടിയിലെ യുവ നേതാക്കൾ പ്രതിഷേധവും ആയി ഇറങ്ങിയാൽ അവരെയെല്ലാം ഒതുക്കുന്ന നയമാണ് സീനിയർ നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. കേരളത്തിലെ പ്രതിപക്ഷവും ഭരണകക്ഷിയും തമ്മിൽ ഒത്തുകളിയാണോയെന്ന് പോലും സംശയിക്കുന്നവർ ഏറെയാണ്. പണ്ട് നായനാരും കരുണാകരനും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയി മാറി മാറി ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് ജനകീയ പ്രശ്നങ്ങളിൽ ഇരുവരും കൈക്കൊണ്ട സമീപനങ്ങൾ ജനശ്രദ്ധ ആകർഷിച്ചതാണ്. കരുണാകരനെ പോലെ ഉള്ളവർ കഴിവുള്ള യുവ നിരയെ കണ്ടെത്തി വളർത്താൻ ശ്രമിക്കുന്നതും നമ്മൾ കണ്ടതാണ്.

അത്തരത്തിലൊരു നേതാവ് പണ്ട് കോൺഗ്രസിന് ഇല്ലായിരുന്നെങ്കിൽ ഇന്ന് നേതൃനിരയിൽ ഇരിക്കുന്ന പല കോൺഗ്രസ് നേതാക്കളുടെയും പൊടിപോലും കാണില്ലായിരുന്നു. 27-ാം വയസിൽ രമേശ് ചെന്നിത്തലയെ കരുണാകരൻ തൻ്റെ മന്ത്രിസഭയിൽ മന്ത്രിയാക്കി കൊണ്ടുവന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണം. കെ.സി വേണുഗോപാൽ പോലും കരുണാകരൻ്റെ വാത്സല്യത്തിൽ വളർന്നയാളാണ്. ലീഡർ ഇല്ലായിരുന്നെങ്കിൽ പല നേതാക്കൾക്കും ഇന്ന് മേൽ വിലാസം പോലും ഉണ്ടാകില്ലായിരുന്നു. ആ ഒരു നേതാവിൻ്റെ പാത തുടരുന്നവർ ഇന്ന് കോൺഗ്രസിൽ പാർട്ടിയിൽ ഉണ്ടോ എന്ന് സംശയിക്കണം.

ഇന്ന് എല്ലാവർക്കും അവരുടെ താല്പര്യമാണ് പ്രധാനം. സാധാരണ ജനവും, സമുദായിക നേതാക്കളും ഒക്കെ ലീഡർ കെ കരുണാകരന് ഒപ്പം നിന്ന കോൺഗ്രസിൻ്റെ ആ പഴയ നല്ല കാലം മടങ്ങി വന്നാൽ മാത്രമേ ഇനി ഇവിടെ കോൺഗ്രസ് രക്ഷപെടുകയുള്ളു. അല്ലെങ്കിൽ ദേശീയ തലത്തിൽ കോൺഗ്രസിന് പറ്റിയ വീഴ്ചയാവും ഇവിടെയും സംഭവിക്കുക. ചുരുക്കിപ്പറഞ്ഞാൽ സീനിയർ നേതാക്കൾ കഴിവുള്ളവർക്ക് വേണ്ടി മാറികൊടുക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ മാത്രമേ ഇവിടെ പാർട്ടി രക്ഷപെടുകയുള്ളു. കോൺഗ്രസിനെ സ്നേഹിക്കുന്നവർ പ്രതീക്ഷിക്കുന്നതും അതാണ്.

Article, Editor’s-Pick, Politics, Congress, K Karunakaran, Political Party, Kerala, Minister, Youth, KPCC, Criticism about Congress Political Affairs Committee.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia