Follow KVARTHA on Google news Follow Us!
ad

Political Controversy | പ്രതിരോധത്തിലായി സിപിഎം സംസ്ഥാന നേതൃത്വം; മുഖ്യമന്ത്രിയെ സ്തുതിച്ചുകൊണ്ടുളള വീഡിയോ ആല്‍ബം വിവാദമായതിന് പിന്നാലെ വ്യക്തിപൂജയുടെ പേരില്‍ പി ജയരാജനെതിരെയെടുത്ത നടപടിയും ചര്‍ച്ചയാകുന്നു

'തോറ്റ പിജെയ്ക്ക് പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കിയതുമില്ല' Controversy, Video, Album, Praising, Chief Minister, Vyakthi
/ഭാമ നാവത്ത്‌

കണ്ണൂര്‍: (KVARTHA)
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുളള വീഡിയോ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതിരോധത്തിലായി സി പി എം സംസ്ഥാന നേതൃത്വം. വര്‍ഷങ്ങള്‍ക്കു മുന്‍പ് മയ്യില്‍ കലാകൂട്ടായ്മ പുറത്തിറക്കിയ കണ്ണൂരിലെ ചെന്താരകമല്ലോയെന്നു തുടങ്ങുന്ന പി ജയരാജനെ കുറിച്ചുളള സംഗീത ആല്‍ബമാണ് സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി അണികളിലും ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കുന്നത്.

ഈ ആല്‍ബം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വ്യക്തിപൂജയെന്ന ആരോപണമുയര്‍ത്തി പി ജയരാജനെ പാര്‍ട്ടി സംസ്ഥാന നേതൃത്വം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത്.

വടകരയില്‍ അന്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് കെ മുരളീധരനോട് തോറ്റ പിജെയ്ക്ക് പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കിയതുമില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന എം വിജയരാജനെയാണ് മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം ജില്ലാ സെക്രട്ടറിയാക്കിയത്.

പാര്‍ട്ടിയിലും സര്‍ക്കാരിലും സര്‍വാധികാരിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്കിരയായ പി ജയരാജന് ഇതോടെ കഷ്ടകാലം തുടങ്ങുകയായിരുന്നു. വെറും സംസ്ഥാനസമിതി അംഗമായി ഒതുങ്ങിപ്പോയ പി ജയരാജനെ പാര്‍ട്ടിയില്‍ ഒരിക്കലും തിരിച്ചുവരാത്ത വിധത്തില്‍ പണ്ടു ശോഭനാജോര്‍ജ് അലങ്കരിച്ച ഖാദിബോര്‍ഡ് വൈസ്ചെയര്‍മാന്‍ പദവിയില്‍ കൊണ്ടിരുത്തി തളച്ചിടുകയും ചെയ്തു.

കഴിഞ്ഞ ജില്ലാസമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഇവിടെയൊരാള്‍ ചെണ്ടകൊട്ടി സ്വയം നടക്കുന്നുവെന്നു പി ജയരാജനെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് വേദിയിലിരുത്തികൊണ്ട് സംഘടനാചര്‍ച്ചയില്‍ നിര്‍ത്തിപ്പൊരിച്ചത്. ഇതേ രീതിയിലുളള ഒരു പക്ഷെ അതിലെക്കാള്‍ കടുപ്പമായ വാഴ്ത്തിപ്പാടലുകളടങ്ങിയ മെഗാതിരുവാതിര മുഖ്യമന്ത്രിയെ സ്തുതിച്ചു കൊണ്ടു പിന്നെയിറങ്ങി.

ഇപ്പോഴിതാ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളും മന്ത്രിമാരുമായ വി എന്‍ വാസവനും സജി ചെറിയാനും മുഖ്യമന്ത്രി ദൈവത്തിന്റെ വരദാനമാണെന്നുവരെ പുകഴ്ത്തുകയും ചെയ്തു. പിണറായി വിജയന്‍ സൂര്യനാണെന്നായിരുന്നു ഇതിനു മുകളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പുകഴ്ത്തല്‍. ഏറ്റവും ഒടുവിലായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയെ കുറിച്ചിറക്കിയ വീഡിയോ ആല്‍ബത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. 

ഒരാളെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയാല്‍ അയാളെ കുറിച്ചു പാട്ടും സിനിമയുമൊക്കെയുണ്ടാവുന്നത് സ്വാഭാവികമാണെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മുഖ്യമന്ത്രിയെ സ്തുതിച്ചു കൊണ്ടു സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ വീഡിയോ ആല്‍ബമുയര്‍ത്തിയ വിവാദങ്ങളില്‍ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.

എല്ലാ രംഗത്തും ഇത്തരത്തിലുളള മഹത് വ്യക്തികളെ കുറിച്ചു ഇത്തരം പാട്ടുകളൊക്കെ ഉണ്ടാകും. അതു മനുഷ്യ വികാരത്തിന്റെ ഭാഗമായി ഉണ്ടാക്കുന്നതാണ്. അതില്‍ ശരിയും തെറ്റും നിരീക്ഷിക്കേണ്ടത് ജനങ്ങളാണ് അതവര്‍ നിരീക്ഷക്കട്ടെ. പി ജയരാജനെ പാര്‍ട്ടി ഇതേ വിഷയത്തില്‍ പാര്‍ട്ടി ശാസിച്ചത് പഴയ അധ്യായമാണ് അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. പി ജയരാജനെതിരെ പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നിങ്ങള്‍ എന്തെങ്കിലും എഴുതിയാല്‍ അത് സത്യമാകണമെന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത കേരള സിഎം എന്ന ഗാനം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. നിശാന്ത് നിളയാണ് ഗാനത്തിന്റെ വരികളും സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സാജ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ടി എസ് സതീഷാണ് 'പിണറായി വിജയന്‍.. നാടിന്റെ അജയന്‍' എന്ന് തുടങ്ങുന്ന ഗാനം നിര്‍മ്മിച്ചിരിക്കുന്നത്.

News, Kerala, Kerala-News, Politics, Politics-News, Controversy, Video, Album, Praising, Chief Minister, Vyakthi Pooja, Discussed, Party, Politics, Party, CPM, P Jayarajan, After the controversy over the video album praising Chief Minister, Vyakthi Pooja also being discussed in party.

Keywords: News, Kerala, Kerala-News, Politics, Politics-News, Controversy, Video, Album, Praising, Chief Minister, Vyakthi Pooja, Discussed, Party, Politics, Party, CPM, P Jayarajan, After the controversy over the video album praising Chief Minister, Vyakthi Pooja also being discussed in party.

Post a Comment