NABH | അഭിമാന നേട്ടം! 150 സര്‍കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍ എ ബി എച് അംഗീകാരം

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച് എന്‍ട്രി ലെവല്‍ സര്‍ടിഫികേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍ എ ബി എച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു.

NABH | അഭിമാന നേട്ടം! 150 സര്‍കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍ എ ബി എച് അംഗീകാരം

ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍ എ ബി എചിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു എന്നത് കേരളത്തിലെ സര്‍കാര്‍ ആരോഗ്യ മേഖലയിലെ തന്നെ ഒരു നാഴികക്കല്ലാണെന്നും മന്ത്രി പറഞ്ഞു. ഇതേതുടര്‍ന്ന് രണ്ടാം ഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മാര്‍ച് മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സര്‍കാര്‍ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഈ സര്‍കാരിന്റെ പ്രഖ്യാപിത നിലപാടില്‍ ഉറച്ച ഒരു കര്‍മ പദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം.

ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപവത്കരിച്ചു. ഓരോ ജില്ലയിലും ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഫെസിലിറ്റേഴ്സിനെയും നിയോഗിച്ചാണ് എന്‍ എ ബി എച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വിപുലമായ ഗ്യാപ് അനാലിസിസ് നടത്തി എല്ലാ സ്ഥാപനങ്ങളിലും മികച്ച സൗകര്യങ്ങളൊരുക്കി അവശ്യമായ മുഴുവന്‍ ബയോമെഡികല്‍ ഉപകരണങ്ങളുടെയും ലബോറടറി ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കി.

മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മികച്ച സൗകര്യങ്ങളൊരുക്കിയതാണ് ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 2023 ഡിസംബറില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന മാര്‍ച് മാസം രണ്ടാം ഘട്ടത്തിലുള്ള സ്ഥാപനങ്ങളുടെ സര്‍ടിഫികേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ആയുഷ് സ്ഥാപനങ്ങളും എന്‍ എ ബി എച് നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. എന്നാല്‍ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന മികവും പദ്ധതി നിര്‍വഹണമേന്മയും കണക്കിലെടുത്ത് പുതുതായി 100 കേന്ദ്രങ്ങള്‍ കൂടി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്.

എന്‍ എ ബി എച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനായി രൂപവത്കരിച്ച ഡോക്യുമെന്റേഷന്‍ കമിറ്റിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്താദ്യമായി തയാറാക്കിയ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്കായുള്ള എന്‍ എ ബി എച് എന്‍ട്രി ലെവല്‍ സര്‍ടിഫികേഷന്‍ ഇംപ്ലിമെന്റേഷന്‍ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി മുഹമ്മദ് ഹനീഷ്, എന്‍ എച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ സജിത് ബാബു, ഐ എസ് എം വകുപ്പ് ഡയറക്ടര്‍, ഡോ കെ എസ് പ്രിയ, ഹോമിയോപതി വകുപ്പ് ഡയറക്ടര്‍ ഡോ എം എന്‍ വിജയാംബിക, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ ആര്‍ ജയനാരായണന്‍, ഡോ സജി പി ആര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  150 Govt AYUSH institutes approved by NABH, Thiruvananthapuram, News, Health Minister, Veena George, Health, NABH Approved, Bio Medical Tools, Released, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia