Politics | കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മിശ്രവിവാഹങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് എന്തിന്? സമസ്ത നേതാവിന്റെ പരാമര്‍ശത്തില്‍ രാഷ്ട്രീയക്കെണി തിരിച്ചറിഞ്ഞ് സിപിഎം

 


/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) ലോകത്തുളള മറ്റുപാര്‍ട്ടികള്‍ പോലെയല്ല കമ്യൂണിസ്റ്റു പാര്‍ട്ടികള്‍. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാറല്‍ മാര്‍ക്‌സിന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. മാര്‍ക്‌സ് താന്‍ ജീവിച്ചിരുന്ന കാലത്തെ യൂറോപ്പിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിലാണ് അന്നത് പറഞ്ഞതെങ്കില്‍ കൂടിയും പിന്നീട് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിലനിന്ന രാജ്യങ്ങളിലെല്ലാം മനുഷ്യരുടെ മതാത്മക ആത്മീയതയെ നിരസിക്കുകയും വൈരുധ്യാത്മിക ഭൗതിക വാദത്തെ ഉയര്‍ത്തിപ്പിടിച്ചുമാണ് മുന്‍പോട്ടു പോയത്. ഇതു യൂറോപ്യന്‍ രാജ്യങ്ങളില്‍കമ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ തകര്‍ന്നു തരിപ്പണമാക്കാന്‍ ഇടയാക്കിയിട്ടുണ്ടെങ്കിലും ചൈനയിലൊക്കെ ഈ മെത്തേഡ് തന്നെയാണ് കമ്യൂണിസ്റ്റു പാര്‍ട്ടി അനുവര്‍ത്തിച്ചു പോന്നിരുന്നത്.

Politics | കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മിശ്രവിവാഹങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് എന്തിന്? സമസ്ത നേതാവിന്റെ പരാമര്‍ശത്തില്‍ രാഷ്ട്രീയക്കെണി തിരിച്ചറിഞ്ഞ് സിപിഎം

ഇന്ത്യന്‍ ദേശീയതയില്‍ മതം മാത്രമല്ല ജാതിയെയും നാനാസംസ്‌കാരങ്ങളെയും അവര്‍ക്കു നേരിടേണ്ടി വന്നു. ഇവയെ ആഴത്തില്‍ വിചിന്തനം ചെയ്യാനും അതനുസരിച്ചു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ മാറ്റം വരുത്താനും കഴിയാഞ്ഞതോടെയാണ് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടതു പുരോഗമന ശക്തികള്‍ക്ക് ആദ്യകാലത്തുണ്ടായ പ്രസക്തി കമ്യൂണിസ്റ്റുകള്‍ക്ക് നഷ്ടപ്പെടാന്‍ തുടങ്ങിയത്. ഇന്ത്യഭരിച്ചിരുന്ന നെഹ്രുവിയന്‍ സോഷ്യലിസ്റ്റുകളുടെ പിന്‍മടക്കവും അവര്‍ക്ക് തിരിച്ചടിയായി.

മതമായി മാറിയ മതരഹിതര്‍

എന്നാല്‍ മതനിരാസം മുഖമുദ്രയായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ പിന്നീട് ഒരു മതമായി മാറുന്ന കാഴ്ച്ചയാണ് ലോകത്തെവിടെയും കാണാന്‍ കഴിഞ്ഞത്. മതനിരേപക്ഷമായ ഒരു പുരോഗമന പ്രസ്ഥാനം മതത്തിന്റേതിന് സമാനമായുളള ചട്ടക്കൂടിൽ മുന്‍പോട്ടു പോയിരുന്നു. ഏതുമതവിശ്വാസികള്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്നും അവരവരുടെ വിശ്വാസം സംരക്ഷിച്ചു കൊണ്ടു പ്രവര്‍ത്തിക്കാമെന്ന ലിബറല്‍ നയം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടു വളരെ കുറച്ചു കാലമേയായിട്ടുളളൂ. അതും കാലിനടിയിലെ മണ്ണ് ഏറെ ഒലിച്ചു പോയതിനു ശേഷം.

ഒരുകാലഘട്ടത്തില്‍ യുക്തിവാദത്തെ അതിശകത്മായി പിന്‍തുടര്‍ന്നുവന്ന കമ്യൂണിസ്റ്റുകള്‍ അവരുടെ പ്രത്യയ ശാസ്ത്ര ശാഠ്യങ്ങള്‍ കൈയ്യൊഴിയുന്നതിന്റെ ഭാഗമായിരുന്നു അത്. മോരും മുതിരയും ചേരാത്തതുപോലെ മതവിശ്വാസവുമായി പാര്‍ട്ടിയിലേക്ക് കടന്നുവരുന്നവരുടെ വിശ്വാസങ്ങള്‍ സ്വാഭാവികമായി നേര്‍ത്തു പോവുകയും അവരില്‍ കമ്യൂണിസമെന്ന പ്രത്യയശാസ്ത്രം മതമായി മാറുകയും ചെയ്യും. ഇതിന് ലിംഗ വ്യത്യാസമൊന്നുമില്ല. ജാതി മത വേലിക്കെട്ടുകളെ തകര്‍ക്കാന്‍ കേരളീയ സമൂഹത്തില്‍ മിശ്രവിവാഹം പ്രോത്സാഹിപ്പിച്ചതിന്റെ എത്ര ഉദാഹരണങ്ങള്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ട്.

തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയില്‍ വര്‍ഗങ്ങളും വര്‍ഗസമരങ്ങളും മാത്രമേയുളളൂ, മതസമൂഹങ്ങളില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി പ്രീണനം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്താറുണ്ടെങ്കിലും ശാശ്വതമായി അതു ചുവടുറപ്പിച്ചു നില്‍ക്കുന്നത് യുക്തിവാദത്തിലും ഭൗതീകതയിലും മാത്രമാണ്. കമ്യൂണിസം ഒരു മതമാണെന്നു ആദ്യമെ തിരിച്ചറിഞ്ഞത് ആര്‍എസ്എസാണ്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം, പാഴ്‌സി, സിഖ് തുടങ്ങിയ മതവിഭാഗങ്ങളെപ്പോലെ കമ്യൂണിസത്തെയും അവരുടെ താത്വികാചര്യന്‍മാര്‍ മതമായിതന്നെയാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയിലുണ്ടായതല്ല വൈദേശികമതമായാണ് അവര്‍ കമ്യൂണിസത്തെ എതിര്‍ക്കാന്‍ കാരണമായി പറയുന്നത്.

അനുഷ്ഠാനങ്ങളും ആചാരങ്ങളും

കമ്യൂണിസ്റ്റുകാര്‍ മതാതീതമായി ചിന്തിക്കുന്ന പുരോഗമനവാദികളാണെങ്കിലും അവരുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും മതത്തിന് സമാനമായുളളതാണ്. രക്തസാക്ഷികുടീരങ്ങളും അനുസ്മരണങ്ങളും പുഷ്‌പാര്‍ച്ചനയും സമ്മേളനങ്ങളിലുമെല്ലാം ഇതുതെളിഞ്ഞു കാണാം. മതങ്ങള്‍ക്കു സ്വന്തമായുളള പ്രാര്‍ത്ഥനങ്ങള്‍ പോലെ അവര്‍ക്കുമുണ്ട് വിപ്ലവ സൂക്തങ്ങളും ഗാനങ്ങളും പ്രഭാതഭേരികളും. മതങ്ങളില്‍ പുരോഹിതന്‍മാരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതെങ്കില്‍ പാര്‍ട്ടിയില്‍ നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ചെറുപ്പത്തിലെ കമ്യൂണിസ്റ്റ് ബോധം സന്നിവേശിക്കപ്പെടുന്ന ഒരാള്‍ക്ക് രക്തസാക്ഷികളും ചരിത്രപുരുഷന്‍മാരുമാണ് ജീവിതത്തിലെ റോള്‍ മോഡല്‍.

മതങ്ങള്‍ എങ്ങനെയാണ് ഒരാളെ ചെറുപ്പത്തിലെ പിടികൂടുന്നത് അങ്ങനെ തന്നെയാണ് ഒരാള്‍ ബാല്യം മുതലെ അല്ലെങ്കില്‍ യൗവനത്തില്‍ കമ്യൂണിസ്റ്റായി മാറുന്നത്. ഈ പാര്‍ട്ടി ബോധമാണ് അവരെ പരുവപ്പെടുത്തി അച്ചടക്കമുളള കാഡറാക്കി മാറ്റുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് കടന്നുവരുന്ന ഏതുവിഭാഗത്തില്‍പ്പെട്ടയാളും വ്യക്തി ജീവിതത്തിലും സമൂഹജീവിതത്തിലും അവരുടെ സ്വത്വം കൈവെടിയേണ്ടി വരും. ആലങ്കാരികമായി മതചിഹ്നങ്ങള്‍ പിന്നീടും ഉപയോഗിക്കുന്നവരുണ്ടെങ്കിലും അവരെ സമുദായത്തിലെ നാമധാരികള്‍ മാത്രമായാണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ കാണുന്നത്. പാര്‍ട്ടി പറയുന്നത് വേദവാക്യമാണെന്ന് കൊണ്ടു നടക്കുന്നവരുടെ ജീവിതവും ചിന്തയെയും നയിക്കുന്നത് പൂര്‍ണമായും പാര്‍ട്ടി ഭരണഘടന തന്നെയായിരിക്കും.

ചരിത്രമറിയാതെയുളള വിമര്‍ശനമോ?

ഇത്തരം ചരിത്രമറിയാതെ വിമര്‍ശിക്കുന്നവരാണ് കമ്യൂണിസ്റ്റു പാര്‍ട്ടികളിലെക്കും പോഷക സംഘടനകളിലേക്കും ഇതരമതസ്ഥരായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കുന്നുവെന്ന ആരോപണമൊക്കെ ഉന്നയിക്കുന്നത്. പുതുതായി ആരെയും തങ്ങളുടെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയും അവിടെ ഉറച്ചു നിര്‍ത്തുകയും ചെയ്യുന്നത് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കടമകളിലൊന്നാണ്. അതു ചിലപ്പോള്‍ മിശ്രവിവാഹത്തില്‍ കലാശിച്ചേക്കാം. എന്നാല്‍ തട്ടിക്കൊണ്ടു പോയി മതംമാറ്റുന്നുവെന്ന ആരോപണം സിപിഎമ്മിനെപ്പോലുളള ഒരു പാര്‍ട്ടിയെകുറിച്ചും ഡിവൈഎഫ്ഐയെപ്പോലുളള ഒരു യുവജനസംഘടനയെ കുറിച്ചും ഉന്നയിക്കുന്നത് ചരിത്രപരമായി ഉന്നയിക്കുന്നത് അപരിഷകൃതമാണെന്നും ഇതുശരിയാണോയെന്നു ബന്ധപ്പെട്ട മതസംഘടനകള്‍ ചിന്തിക്കേണ്ട കാര്യമാണെന്നുമാണ് ഈക്കാര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാനജനറല്‍ സെക്രട്ടറി വി കെ സനോജ് കണ്ണൂരില്‍ പ്രതികരിച്ചത്.

സംഘ് പരിവാര്‍ ഒരുകാലത്ത് പ്രചണ്ഡ പ്രചാരണം നടത്തുകയും കോടതി പോലും സ്ഥിരീകരിക്കാന്‍ മടിക്കുകയും ചെയ്ത ലൗ ജിഹാദിന് സമാനമായ വിമര്‍ശനമാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിട്ടുളളത്. കടുത്ത രാഷ്ട്രീയ വിരോധത്തില്‍ മുസ്‌ലിം ലീഗിലെ കെ എം ഷാജിയുള്‍പ്പടെ ഇതിനു സമാനമായ ആരോപണങ്ങളില്‍ നേരത്തെ പൊതുവേദികളില്‍ പ്രസംഗിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ നിന്നുതന്നെ അതിന് സ്വീകാര്യത ലഭിച്ചിരുന്നില്ല. സമസ്തയുടെ യുവജന സംഘടനാ നേതാവ് നാസര്‍ ഫൈസി കൂടത്തായി ഇപ്പോള്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതിനു പിന്നിലുളള ചേതോവികാരം രാഷ്ട്രീയമാണോയെന്നത് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വളരെ സൂക്ഷ്മമായ പ്രതികരണമാണ് സിപിഎം നടത്തിയിട്ടുളളത്. വളരെ നിസാരവല്‍ക്കരിച്ചുകൊണ്ടാണ് ഈ ഗൗരവകരമായ ആരോപണത്തെ കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജന്‍ നേരിട്ടത്.

ഫലസ്തീന്‍ ഐക്യദാര്‍ഡ്യത്തിനേറ്റ കല്ലുകടി

മുസ്‌ലിം ലീഗ് നേതാക്കള്‍ വിട്ടു നിന്ന സിപിഎമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നവകേരളസദസിലും സാന്നിധ്യമാണ് സമസ്തയുടെ നേതാക്കള്‍. ഇന്ദുലേഖയില്ലെങ്കില്‍ തോഴിമതിയെന്ന സൂരിനമ്പൂതിരിപ്പാടിന്റെ ശൈലിയില്‍ ലീഗില്ലെങ്കില്‍ സമസ്ത മതിയെന്ന ലൈനില്‍ചിന്തിച്ചു കൊണ്ടു മുന്‍പോട്ടുപോവുകയാണ് സിപിഎം. എന്നാല്‍ നാസര്‍ ഫൈസിയുടെ വിവാദപ്രസ്താവന സമസ്തയുമായി നല്ല ബന്ധത്തില്‍ മുന്‍പോട്ടു പോകാന്‍ ശ്രമിക്കുന്ന സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. എന്നാല്‍ സമസ്തയ്‌ക്കെതിരെ അതിരൂക്ഷമായി വിമര്‍ശിക്കാന്‍ സി.പി. എം ഇതുവരെ തയ്യാറാകാത്തത് ഈ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ്.

നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഇ പി ജയരാജന്റെ മൃദുപ്രതികരണം. പരാമര്‍ശം വിവാദമായതോടെ തട്ടിക്കൊണ്ടുപോകുമെന്നല്ല പ്രണയം നടിച്ചു വശത്താക്കി വിവാഹം ചെയ്യുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞിട്ടുമുണ്ട്. നവകേരളസദസും ഫലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടിന്റെ ധ്രുവീകരണമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്ന സിപിഎം നേതാക്കള്‍ പുതിയ വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലാണിന്ന്.

Keywords: News, Kerala, Kannur, CPM, Election, Politics, Samastha, Communist Party, Nava Kerala Sadas, Why mixed marriages in Communist Party being discussed now?

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia