High Court | വണ്ടിപ്പെരിയാര്‍ കേസ്: തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ഹൈകോടതി

 


കൊച്ചി: (KVARTHA) വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതി അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ഹൈകോടതി. വീട്ടിലുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

വണ്ടിപ്പെരിയാര്‍ പൊലീസിനാണ് ഹൈകോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്റെ അച്ഛന്‍ സുന്ദറും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

High Court | വണ്ടിപ്പെരിയാര്‍ കേസ്: തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ഹൈകോടതി

2021 ജൂണ്‍ 30ന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായിരുന്നു അര്‍ജുന്‍. എന്നാല്‍, കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വി മഞ്ജുവാണ് പ്രതിയെ വെറുതെ വിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിധി വന്നത്.

കോടതി വെറുതെ വിട്ടെങ്കിലും തങ്ങള്‍ വെറുതെ വിടില്ലെന്നും കുട്ടിയുടെ അച്ഛന്‍ അവനെ കൊല്ലുമെന്നും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ കോടതിമുറ്റത്ത് വെച്ച് വിളിച്ചു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടിയ മകളാണ് പ്രതിയുടെ ക്രൂര പീഡനത്തെ തുടര്‍ന്ന് മരിച്ചത്. ഇതിന്റെ വിഷമം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു. 

കേസില്‍ അപീലിന് പോകില്ലെന്നും പ്രതിയെ കൈകാര്യം ചെയ്യുമെന്നും പിതാവും മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസില്‍ പ്രതിക്കെതിരെ എസ് സി എസ് ടി പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താത്തതും വിനയായി. പൊലീസ് പ്രതിയെ രക്ഷപ്പെടുത്താന്‍ മന:പൂര്‍വമാണ് വകുപ്പുകള്‍ ചുമത്താതിരുന്നതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

'പ്രതിയെ കിട്ടിയില്ലെങ്കില്‍ അവന്റെ വീട്ടുകാരെ തീര്‍ക്കും. താന്‍ ഭാവിയില്‍ കുറ്റക്കാരനാകുകയാണെങ്കില്‍ അതിന് കാരണം കോടതിയായിരിക്കും. കേസിന്റെ വിസ്താരം നടക്കുമ്പോള്‍ തന്നെ മകനെ വെറുതെവിടുമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞിരുന്നു. കൊലപാതകം നടത്തിയതിനെ കുറിച്ച് പ്രതി പൊലീസിനോട് സമ്മതിച്ചതാണ്. എന്നാല്‍, തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അംഗീകരിക്കാന്‍ സാധിക്കാത്ത വിധിയാണ് പുറപ്പെടുവിച്ചത്' - എന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

വിധിക്ക് ശേഷം ജനരോഷം ഭയന്ന് പൊലീസ് അതീവ സുരക്ഷയോടെയാണ് പ്രതിയെ കോടതിയില്‍ നിന്നും ജീപിലേക്ക് കയറ്റിയത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി പോസ്റ്റ് മോര്‍ടം റിപോര്‍ടിലുണ്ടായിരുന്നു. 

വണ്ടിപ്പെരിയാര്‍ സിഐ ആയിരുന്ന ടിഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു.

Keywords:  Vandiperiyar case: High Court to provide police security to family of accused who was acquitted due to lack of evidence, Kochi, News, Vandiperiyar Case, High Court, Protectron, Police, Family, Accused, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia