Follow KVARTHA on Google news Follow Us!
ad

CM Pinarayi | നൈപുണ്യ പരിശീലനത്തിലും വികസനത്തിലും മികച്ച പദ്ധതികളാണ് കേരളത്തില്‍ നടന്ന് വരുന്നത്; കെ-സ്‌പേയ്‌സ് 3 വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും, നൂറിലധികം സ്റ്റാര്‍ട് അപ് കംപനികള്‍ക്ക് നേട്ടം; ഇന്‍ഫോപാര്‍കിലെ ഐബിഎം സോഫ്റ്റ് വെയര്‍ ലാബില്‍ ഒരു വര്‍ഷം കൊണ്ട് 1000 ആളുകള്‍ക്ക് ജോലി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

2016-നുശേഷം ഐടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റം Thiruvananthapuram News, Kerala News, Kattakkada News, Chief Minister, CM Pinarayi,
കാട്ടാക്കട: (KVARTHA) ഇന്ത്യാ സ്‌കില്‍സ് റിപ്പോര്‍ട്ട് 2024-ല്‍ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാര്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളില്‍ രാജ്യത്ത് ഒന്നാമതാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടാക്കടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ നഗരങ്ങളില്‍ കൊച്ചി രണ്ടും തിരുവനന്തപുരം നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 18 മുതല്‍ 21 വയസു പ്രായപരിധിയുള്ളവരില്‍ ഏറ്റവും തൊഴില്‍ക്ഷമതയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിനാണ്. കമ്പ്യൂട്ടര്‍ സ്‌കില്‍സില്‍ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്തും, നഗരങ്ങളില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനത്തുമാണ്. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായി നടത്തിയ നാഷണല്‍ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2024 തയ്യാറാക്കിയിരിക്കുന്നത്.

ഐടി, കംപ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നൈപുണ്യമുള്ളത്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമര്‍ശനാത്മക ചിന്ത എന്നീ നൈപുണികളില്‍ കേരളത്തിലെ 18-29 പ്രായഗണത്തിലുള്ള യുവജനങ്ങള്‍ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്. നൈപുണ്യ പരിശീലനത്തിലും വികസനത്തിലും സര്‍ക്കാര്‍ തലത്തില്‍ മികച്ച പദ്ധതികളാണ് കേരളത്തില്‍ നടന്നു വരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ മാറ്റം സംസ്ഥാനത്തെ ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഐ ടി മേഖലയില്‍ 2011...16 കാലയളവില്‍ 26000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ 2016...23 കാലയളവില്‍ 62000 തൊഴിലവസരങ്ങളാണുണ്ടായത്. 2016-ല്‍ 78,068 പേരാണ് സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകളില്‍ തൊഴിലെടുത്തിരുന്നതെങ്കില്‍ ഇന്നത് 1,35,288 ആയി ഉയര്‍ന്നിരിക്കുന്നു.

2016-നുശേഷം ഐടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. 2011..16 കാലയലളവില്‍ 34,123 കോടി രൂപയുടെ ഐടി കയറ്റുമതിയാണു നടന്നതെങ്കില്‍ കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് 85,540 കോടി രൂപയായി ഉയര്‍ന്നു. 575,000 ച.അടി ഉണ്ടായിരുന്ന ഐടി സ്‌പേയ്‌സ് 7,344,527 ച.അടിയായി വര്‍ദ്ധിച്ചു. ഐടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 640-ല്‍ നിന്നും 2022 ആയപ്പോള്‍ 1,106 ആയി. കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് 75 ലക്ഷം ചതുരശ്ര അടി ഐടി സ്‌പേസ് സൃഷ്ടിച്ചു.

ഇവിടെ വന്‍കിട ഐടി കമ്പനികള്‍ നിക്ഷേപം നടത്തുകയാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഈയടുത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഐബിഎം സോഫ്റ്റ്വെയര്‍ ലാബില്‍ മാത്രം ഒരു വര്‍ഷം കൊണ്ട് 1000 ഓളം ആളുകള്‍ക്ക് ജോലി ലഭിച്ചു. ടാറ്റ എലക്‌സിയുമായി കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ ധാരണാപത്രം ഒപ്പിട്ടു. 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബില്‍ഡിംഗ് കൈമാറി. ഇവിടെ ഇപ്പോള്‍ ഏകദേശം 3500 എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നു. വിപുലീകരണത്തിന്റെ ഭാഗമായി അവര്‍ കിന്‍ഫ്രയില്‍ തന്നെ പുതുതായി 2 ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പുതിയ ഐടി നയത്തിന് രൂപം നല്‍കുകയും ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി അതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ബ്രിഗേഡ് ഗ്രൂപ്പിന്റെ ഒന്നര ലക്ഷം ചതുരശ്ര അടി വരുന്ന ഐടി സ്‌പേസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഇവിടെ ആയിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാകും. ഇന്‍ഫോപാര്‍ക്ക് കൊച്ചി മെട്രോ റെയില്‍ കോമ്പൗണ്ടില്‍ 500 ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന സ്‌പേയ്‌സ് നിര്‍മ്മിക്കുകയാണ്.

കൊച്ചി ഇന്‍ഫോപാര്‍ക്ക് സ്വന്തമായി ഒരു പുതിയ ബില്‍ഡിംഗ് നിര്‍മ്മിക്കുകയാണ്. ഒന്നര ലക്ഷം ചതുരശ്ര അടി വരുന്ന ഈ സ്‌പേയ്‌സില്‍ 1500ല്‍ അധികം ആളുകള്‍ക്കാണ് തൊഴില്‍ ലഭിക്കാന്‍ പോകുന്നത്. അമേരിക്കന്‍ ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയായ എന്‍.ഒ.വി, ജര്‍മ്മന്‍ ഐടി കമ്പനി അഡെസ്സൊ എന്നിവര്‍ പുതുതായി കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

1.3 ലക്ഷം ചതുരശ്ര അടി വരുന്ന കാസ്പിയന്‍ ടെക് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 1300 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 4 ലക്ഷം ചതുരശ്ര അടിയുടെ ബില്‍ഡിങ്ങിന്റെ നിര്‍മ്മാണം നടക്കുകയാണ്. 4000 തൊഴിലുകളാണ് പ്രതീക്ഷിക്കുന്നത്

കേരള സ്‌പേസ് അഥവാ കെ-സ്‌പേയ്‌സിനു സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. 241 കോടി രൂപ വരുന്ന പദ്ധതിയുടെ ഡിപിആര്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ കെ-സ്‌പേയ്‌സ് പ്രവര്‍ത്തനം ആരംഭിക്കും. രണ്ടുലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നൂറിലധികം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇതു സൗകര്യമൊരുക്കും.

സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തില്‍ 15,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു ബില്യണ്‍ യുഎസ് ഡോളറാണ് ലക്ഷ്യമിടുന്ന ഐടി കയറ്റുമതി. നിലവില്‍ കേരളത്തിലെ ഐടി ഹ്യൂമന്‍ റിസോഴ്‌സ് മൂന്നു വര്‍ഷത്തിനുള്ളില്‍ അതു മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം.

ടെക്‌നോപാര്‍ക്കില്‍ 30 ഏക്കറില്‍ ആരംഭിക്കാന്‍ പോകുന്ന ക്വാഡ് പ്രോജക്റ്റില്‍ 16.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ 15,000 ത്തിലധികം തൊഴിലാണ് പ്രതീക്ഷിക്കുന്നത്. അവിടെത്തന്നെ ഫേസ് ഒന്നില്‍ ബ്രിഗേഡ് ഗ്രൂപ്പ് ഐടി സ്‌പേസ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോവുകയാണ്. രണ്ട് ലക്ഷം സ്‌ക്വയര്‍ഫീറ്റ് ആണ് അതുവഴി ചേര്‍ക്കപ്പെടുന്നത്. ടെക്‌നോപാര്‍ക്കിന്റെ ഫേസ് ത്രീയില്‍ ടോറസ് നിര്‍മ്മിക്കുന്നത് 10 ലക്ഷം സ്‌ക്വയര്‍ ഫീറ്റാണ്. ഫേസ് ഫോറില്‍ ടി സി എസ് 94 ഏക്കറില്‍ 16 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ആണ് നിര്‍മ്മിക്കുന്നത്. ഫേസ് ഫോറില്‍ തന്നെ സണ്‍ടെക് 3 ലക്ഷത്തിലധികം സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഐടി സ്‌പേയ്‌സ് നിര്‍മ്മിക്കുന്നു.

രാജ്യത്ത് നിന്നുള്ള ഐ ടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാകണം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ടെക്‌നോളജി ഹബ്, എമര്‍ജിംഗ് ടെക്‌നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഐടിയിലും അനുബന്ധ മേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ - എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂര്‍ എന്നിങ്ങനെ 4 ഐടി ഇടനാഴികള്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കിന്‍ഫ്ര ഏറ്റെടുത്ത 25 ഏക്കറിലാണ് കണ്ണൂര്‍ ഐടി പാര്‍ക്ക് വരുന്നത്. സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. കൊല്ലം ഐടി പാര്‍ക്കിനുള്ള സ്ഥലം കണ്ടെത്തി, സ്ഥലം ഏറ്റെടുക്കുന്നതിനും പാര്‍ക്ക് സ്ഥാപിക്കുന്നതിനുമുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് അടിത്തറയാകുന്ന ജ്ഞാന സമൂഹമായി കേരളത്തെ വളര്‍ത്താനുള്ള ശ്രമവും ഇതിനു സമാന്തരമായി നടക്കുകയാണ്. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായും, മറ്റുള്ളവര്‍ക്ക് വളരെ കുറഞ്ഞ നിരക്കിലുമാണ് കെ-ഫോണിലൂടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇതിനു പുറമെ കെ-ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. 2,000 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കൊച്ചിയില്‍ ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. പൂര്‍ണ്ണ തോതില്‍ സജ്ജമാക്കുമ്പോള്‍ അത് ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷന്‍ സോണ്‍ ആയിരിക്കും. എയ്‌റോസ്‌പേസ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി കെ-സ്‌പേസ് പ്രവര്‍ത്തനം ആരംഭിച്ചു.

രണ്ടു വര്‍ഷംമുമ്പ് ആരംഭിച്ച ഡിജിറ്റല്‍ സര്‍വകലാശാല ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഐടി അധിഷ്ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ട ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനു കഴിയും. ഇങ്ങനെ ആധുനിക വ്യവസായങ്ങളേയും പുതിയ തൊഴില്‍ സാധ്യതകളേയും ഉപയോഗപ്പെടുത്താന്‍ കേരളത്തെ പ്രാപ്തമാക്കുന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഇതിന്റെയെല്ലാം ഫലമാണ് പുതിയ തലമുറ സര്‍ക്കാരിന് നല്‍കുന്ന വമ്പിച്ച പിന്തുണ. ആ പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. നവകേരള സദസ്സ് ആരംഭിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്.
പ്രാരംഭഘട്ടത്തില്‍ വാഹനത്തിനു മുമ്പില്‍ ചാടി വീഴുകയായിരുന്നു മാര്‍ഗമെങ്കില്‍ പിന്നീട് ഒരു ഘട്ടത്തില്‍ ബസിന് നേരെ 'ഷൂ' എറിയുന്ന നിലയിലേക്കെത്തി. ഒടുവില്‍ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോര്‍ഡുകളും ബാനറുകളുമാണ് തകര്‍ത്തത്.

പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക- അത്ര പകയാണ് നവകേരള സദസ്സിനോട് ഇവര്‍ക്കുള്ളത്. സാമൂഹ്യ വിരുദ്ധ മനോഭാവത്തില്‍ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളില്‍ ആര്‍ക്കും വിദ്വേഷം വരേണ്ട കാര്യങ്ങള്‍ ഇല്ല. പരിപാടി എവിടെ എപ്പോള്‍ എന്നതും ആരൊക്കെ പങ്കെടുക്കുന്നു എന്നതുമാണല്ലോ അതിലെ വിവരങ്ങള്‍. ആ ബോര്‍ഡുകള്‍ തകര്‍ക്കുന്നതിലൂടെ തങ്ങള്‍ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് ഇതിലൂടെ അവര്‍ നടത്തുന്നത്. ഇത്തരം നിലപാടുകള്‍ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

നവകേരള സദസ്സ് ഭാഗമായി ഇന്നലെ ലഭിച്ച നിവേദനങ്ങളുടെ എണ്ണം; ആറ്റിങ്ങല്‍ - 6238, നെടുമങ്ങാട് - 4501, ചിറയിന്‍കീഴ് - 4364, വാമനപുരം - 4590.
Keywords: News, Kerala, Kerala-News, Malayalam-News, Politics-News, Thiruvananthapuram News, Kerala News, Kattakkada News, Chief Minister, CM Pinarayi, Pinarayi Vijayan, Press Conference, Nava Kerala Sadas, Technopark, Start Up, Infopark, Job, Thiruvananthapuram: Chief Minister Pinarayi Vijayan's press conference at Kattakkada.

Post a Comment