Obituary | പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

 


തിരുവനന്തപുരം: (KVARTHA) പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.

30 വര്‍ഷക്കാലമായി ഇന്‍ഡ്യന്‍ തിയറ്റര്‍ രംഗത്തെ ശക്തമായ സാന്നിധ്യമാണ് പൊലിഞ്ഞത്. അവശനിലയിലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തെ ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോഹന്‍ലാലും മുകേഷും അഭിനയിച്ച 'ഛായാമുഖി'യുടെ സംവിധായകനാണ്.

Obituary | പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

കോളമിസ്റ്റ്, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, നടന്‍, നാടക രചയിതാവ്, സംവിധായകന്‍, ആട്ടക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ്. പതിനേഴാം വയസ്സില്‍ ഭാരതാന്തം ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി. തൊപ്പിക്കാരന്‍, അരചചരിതം, ബലൂണുകള്‍, ജനാലയ്ക്കപ്പുറം, വജ്രമുഖന്‍, മണികര്‍ണ്ണിക, ഛായാമുഖി, മകരധ്വജന്‍(കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ പിന്തുണയോടെ), ചിത്രലേഖ, കറ തുടങ്ങി 30-ഓളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ വെള്ളായണിയില്‍ 1972 ജൂലൈ 16 നാണ് ജനനം. അച്ഛന്‍ കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായര്‍. അമ്മ കെ ശാന്തകുമാരി അമ്മ. തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ഇരിങ്ങോള്‍ ഗവണ്‍മെന്റ് വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ടാഗോറിന്റെ തപാലാഫീസ്, ഷേക്‌സ്പിയറിന്റെ ഹാംലെറ്റ്, ഭാസ മഹാകവിയുടെ ഊരുഭംഗം, ദൂതഘടോത്കചം, സ്വപ്നവാസവദത്തം (കര്‍ണാടക സര്‍കാരിന്റെ ക്ഷണപ്രകാരം ധാര്‍വാഡ് രംഗായണയ്ക്ക് വേണ്ടി), എം ടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി ദേശാഭിമാനി പത്രത്തിന് വേണ്ടി 'മഹാസാഗരം' തുടങ്ങിയവ പ്രധാന സംവിധാന സംരംഭങ്ങള്‍.

2004ല്‍ സംഗീത നാടക അകാഡമിയുടെ മികച്ച നാടക രചനയ്ക്കുള്ള പുരസ്‌കാരം. 2011ല്‍ ദുര്‍ഗ്ഗാദത്ത പുരസ്‌കാരം, 2015ല്‍ എ പി കളയ്ക്കാട്ട് പുരസ്‌കാരം, 2016 ല്‍ അബൂദബി ശക്തി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പ്രശാന്ത് നാരായണന്റെ ചെയര്‍മാന്‍ഷിപ്പില്‍ 2015 ജൂലൈയില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച തിയറ്റര്‍ സ്ഥാപനമാണ് കളം.

കര്‍ണാടക സര്‍കാരിന്റെ ക്ഷണപ്രകാരം ധര്‍വാഡ് രംഗായണയ്ക്ക് വേണ്ടി, പല പ്രഗത്ഭരും ശ്രമിച്ചു പരാജയപ്പെട്ട ഭാസന്റെ സംസ്‌കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്തു വിജയമാക്കി ഇന്‍ഡ്യന്‍ തിയറ്റര്‍ രംഗത്തെ തന്റെ ശ്രദ്ധേയമായ സ്ഥാനം അദ്ദേഹം ഒന്നുകൂടി ഉറപ്പിച്ചു.

'മനോരമ ഓണ്‍ലൈന്‍' സംഘടിപ്പിച്ച 'എംടി കാലം നവതിവന്ദനം' എന്ന പരിപാടിയില്‍ അവതരിപ്പിച്ച 'മഹാസാഗരം' എന്ന നാടകത്തിനായാണ് അവസാനം അരങ്ങിലെത്തിയത്.

Keywords:  Theatre Artist Prasanth Narayanan, Director Of Mohanlal's Play 'Chayamukhi,' Passes Away, Thiruvananthapuram, News, Theatre Artist, Prasanth Narayanan, Obituary, Dead, Director, Hospital, Treatment, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia