Buffer Zone | ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍കാര്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കും; നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുകയെന്നത് വലിയ വെല്ലുവിളി, വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


അങ്കമാലി: (KVARTHA) നവ കേരള സദസ് ജനാധിപത്യത്തിന്റെ മാത്രമല്ല, ഭരണനിര്‍വഹണത്തിന്റെ കൂടി പുതിയ ഒരു മാതൃക ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്കമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യക്തികളേയും സമൂഹത്തെയാകെയും ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നവകേരള സദസ്സിനു ഇതിനകം സാധിച്ചു.

ബഫര്‍ സോണുമായി ബന്ധപ്പെട്ട കാര്യമാണ് പറയാനുള്ളത്. 2022 ജൂണ്‍ മൂന്നിന്റെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ മോഡിഫിക്കേഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ട് ജനവാസമേഖലകള്‍ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടി അനുവദിച്ചിരിക്കുന്നു.

ബഫര്‍സോണ്‍ പ്രദേശങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങള്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമര്‍പ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങള്‍ക്കും അന്തിമവിജ്ഞാപനങ്ങള്‍ക്കും ഒരു കി.മീ പരിധി വേണമെന്ന വിധി ബാധകമല്ല എന്ന് സുപ്രീം കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു.

പുനഃപരിശോധനാ ഹര്‍ജി അനുവദിച്ചതിനാല്‍ കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയ്യാറാക്കാവുന്നതാണ്. അങ്ങനെ തയ്യാറാക്കുമ്പോള്‍ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖകള്‍ നേരത്തെ നല്‍കിയ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനും ജനവാസമേഖല പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവില്‍ വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിച്ചു കൊണ്ടുള്ള ബഹു. സുപ്രീം കോടതി വിധി ജനങ്ങളെ കുറേ കാലമായി അലട്ടുന്ന ഒരു പ്രശ്‌നത്തിനുള്ള പരിഹാരമായിരിക്കുന്നു. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാന്‍ കഴിഞ്ഞെന്ന് സര്‍ക്കാരിന് അഭിമാനത്തോടെ പറയാം.

ഓരോ വേദിയിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനുമായി ഇന്നലെവരെ 3,00 ,571 പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെപരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണ്.

നവംബര്‍ 18,19 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍ നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറുകളില്‍ ആകെ 14701 നിവേദനകളാണ് ലഭിച്ചത്. 255 എണ്ണം തീര്‍പ്പാക്കി. 11950 എണ്ണം വിവിധ വകുപ്പ് ഓഫീസുകളില്‍ പരിഗണനയിലാണ്. പൂര്‍ണമല്ലാത്തതും അവ്യക്തവുമായ 14 പരാതികള്‍ പാര്‍ക്ക് ചെയ്തു. 2482 എണ്ണം നടപടി ആരംഭിച്ചു.

തദ്ദേശ സ്വയം ഭരണം, റവന്യു, ഭക്ഷ്യ, സിവില്‍ സപ്ലൈസ്, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി പട്ടിക വര്‍ഗ വികസനം എന്നീ വകുപ്പുകളിലാണ് കൂടുതല്‍ നിവേദനങ്ങള്‍ ലഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ലൈഫ് പദ്ധതി ഉള്‍പ്പെടെ 4488, റവന്യു വകുപ്പില്‍ 4139 , കളക്ടറേറ്റില്‍ 580, ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പില്‍ 496, പൊതു വിദ്യാഭ്യാസ വകുപ്പില്‍ 359, പൊതുമരാമത്ത് വകുപ്പില്‍ 331, തൊഴില്‍ വകുപ്പില്‍ 305, പട്ടികജാതി പട്ടിക വര്‍ഗവികസന വകുപ്പില്‍ 303, സഹകരണ വകുപ്പില്‍ 302, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 257 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ പരിഗണനയ്ക്കു വന്നത്.

കണ്ണൂര്‍ ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ 28801 നിവേദനങ്ങളാണ് ലഭിച്ചത്.. ഏറ്റവുമധികം നിവേദനങ്ങള്‍ എല്‍എസ്ജിഡിയുമായി ബന്ധപ്പെട്ടാണ് വന്നത്. ലഭിച്ച 8663 നിവേദനങ്ങളില്‍ 4614 എണ്ണത്തില്‍ നടപടി ആരംഭിച്ചു. രണ്ടെണ്ണം തീര്‍പ്പാക്കി. റവന്യു-5836, സഹകരണം-2118, പൊതുവിദ്യാഭ്യാസം-1274, ഭക്ഷ്യ സിവില്‍സപ്ലൈസ്-1265, തൊഴില്‍ വകുപ്പ്-1231, പൊതുമരാമത്ത്-722, ആരോഗ്യ-കുടുംബക്ഷേമം-719, സാമൂഹ്യനീതി-596, ജലവിഭവം-458 എന്നിങ്ങനെയാണ് വ്യത്യസ്ത വകുപ്പുകളില്‍ ലഭിച്ച നിവേദനങ്ങള്‍. ഇതില്‍ ഇതുവരെ 312 എണ്ണം തീര്‍പ്പാക്കി. 12510 ല്‍ നടപടി ആരംഭിച്ചു.

വ്യക്തികളേയും സമൂഹത്തെയാകെയും ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നവകേരള സദസ്സിനു ഇതിനകം സാധിച്ചു. ഉദാഹരണമായി കാസര്‍കോട് മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ ഏരിഞ്ചേരിയില്‍ 9 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്പെന്‍സറിക്ക് സ്വന്തമായി കെട്ടിടം ഉയരാന്‍ പോവുകയാണ്. ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനത്തിനാണ് ദിവസങ്ങള്‍ക്കുള്ളില്‍ റവന്യൂഭൂമി അനുവദിച്ച് ഉത്തരവായത്.

30 ശതമാനം പണമടച്ചാല്‍ ലാപ്ടോപ്പ് നല്‍കാമെന്നറിയിച്ച് പണം വാങ്ങിയശേഷം വഞ്ചിച്ച കൊച്ചി കാക്കനാട്ടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ നടപടിക്കെതിരെ ആര്‍ഡി നഗര്‍ മന്നിപ്പാടിയിലെ വി.അനഘ എന്ന വിദ്യാര്‍ത്ഥി നല്‍കിയ പരാതിയ്ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരമായി. അനഘയെപ്പോലെ വഞ്ചിതരായ മറ്റ് കൂട്ടുകാര്‍ക്കും പണം തിരികെ ലഭിച്ചു. അതുപോലെ കാറ്റിലും മഴയിലും ഭാഗികമായി തകര്‍ന്ന വീടിന്റെ പുനരുദ്ധാരണത്തിന് ധനസഹായം ആവശ്യപ്പെട്ട് ഉദുമ മയിലാട്ടിയിലെ എം.രത്നാകരന്‍ നല്‍കിയ നിവേദനത്തിനും പരിഹാരമായി. രത്‌നാകരനു തുകയനുവദിക്കുന്ന സെയ്പ് പദ്ധതിയില്‍ ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം 150 പേര്‍ ഗുണഭോക്തക്കളാകും. നിലവില്‍ 72 പേര്‍ക്ക് സേവനം നല്‍കി കഴിഞ്ഞു.

തേജസ്വിനി പുഴയുടെ പാലായി തീരവളപ്പ് മുതല്‍ കരുവാത്തല വരെയുള്ള 500 മീറ്ററോളം പുഴയുടെ വലതു കരയില്‍ കരയിടിച്ചില്‍ ഭീഷണിയിലായതിനാല്‍ പേരോല്‍ സ്വദേശി പി.മനോഹരന്‍ നല്‍കിയ അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ ഭാഗത്ത് പുഴയുടെ കര കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ജലവിഭവ വകുപ്പിന്റെ പരിഗണനയിലാണ്.

ലഭിക്കുന്ന നിവേദനങ്ങളില്‍ പൊതു ആവശ്യങ്ങളും വ്യക്തിഗത ആവശ്യങ്ങളും സങ്കടങ്ങളും സര്‍ക്കാരിന്റെ പരിധിയില്‍ വരാത്ത കാര്യങ്ങളും ഒക്കെ ഉണ്ട്. വ്യവസ്ഥാപിത രീതിയില്‍ അപേക്ഷ സമര്‍പ്പിച്ച് നിശ്ചിത യോഗ്യത തെളിയിച്ച് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ക്കും നിവേദനം സമര്‍പ്പിച്ചവര്‍ ഉണ്ട്. ചില പരാതികള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ സ്വന്തം സങ്കടങ്ങളും പരിഭവങ്ങളും സമര്‍പ്പിക്കാന്‍ തയ്യാറാവുന്നവരുമുണ്ട്.

ജനങ്ങള്‍ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുന്നത് കൊണ്ടാണ് കൂടുതല്‍ പേര്‍ ഇങ്ങനെ മുന്നോട്ടു വരുന്നത്. നിവേദനങ്ങളുടെ എണ്ണം കൂടുന്നത് ശരിയായ അവസ്ഥയാണോ എന്ന ചോദ്യം ചില കേന്ദ്രങ്ങളില്‍ ഉയര്‍ന്നു കേട്ടു. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനും സര്‍ക്കാര്‍ ഉണ്ട് എന്ന വിശ്വാസമാണ്, ഏതു വിഷയവും ഇങ്ങനെ നിവേദനങ്ങളായി നല്‍കാന്‍ ജനങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ആ ജനവിശ്വാസമാണ് ജനാധിപത്യത്തിന്റെ വിജയം എന്നാണ് അവര്‍ക്കുള്ള മറുപടി.

ലഭിച്ച എല്ലാ നിവേദനങ്ങളിലും നടപടിയുണ്ടാകും. നടപടികള്‍ ത്വരിതപ്പെടുത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.

സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് കരുത്ത് പകരുന്നതും നല്ലതുപോലെ കുതിപ്പേകുന്നതുമായ സുപ്രധാനമായ ഒരു തീരുമാനം ഇന്നലെ മന്ത്രിസഭായോഗം എടുത്ത വിവരം അറിഞ്ഞു കാണുമല്ലോ. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം സംബന്ധിച്ച നിര്‍ണായക ചട്ട പരിഷ്‌കരണത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതോടെ ഭൂമി കൈമാറ്റം ലളിതമാകും. ഒപ്പം സംരംഭങ്ങളിലെ മാറ്റങ്ങള്‍ക്കും സാധുതയാവുകയാണ്.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയില്‍ പട്ടയം അനുവദിക്കും. ദശാബ്ദങ്ങളായി സംരംഭകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് നടപ്പിലാവുന്നത്. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനാവും. നിശ്ചയിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് പകരം മറ്റ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും തടസ്സമില്ല.

നവകേരള സദസ്സ് ഇന്ന് ഉച്ചക്ക് ശേഷം എറണാകുളം ജില്ലയില്‍ പര്യടനം ആരംഭിക്കുകയാണ്. ഇന്നലെ തൃശൂരിലെ നാല് മണ്ഡലങ്ങളില്‍ ലഭിച്ച നിവേദനങ്ങള്‍: ഇരിങ്ങാലക്കുട -4274, കൊടുങ്ങല്ലൂര്‍ - 3016,
കയ്പമംഗലം- 4443, പുതുക്കാട് - 4269.

Buffer Zone | ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍കാര്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കും; നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുകയെന്നത് വലിയ വെല്ലുവിളി, വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍



Keywords: News, Kerala, Kerala-News, Politics,  Press Meet, Press Conference, Politics-News, Supreme Court, Granted, Review Petition, Filed, State Government, Buffer Zone Issue, CM, Chief Minister, Pinarayi Vijayan, Nava Kerala Sadas, Petition, Democracy, Submissions, Angamali News, Ernakulam News, Supreme Court Granted Review Petition Filed State Government in Buffer Zone Issue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia