Follow KVARTHA on Google news Follow Us!
ad

Incidents | ഇസ്രാഈലിന്റെ ക്രൂരമായ പ്രതികാരവും സ്പാനിഷ് ഫുട്‌ബോളിൽ കലാപത്തിന് കാരണമായ ചുംബനവും; 2023ൽ ലോക ശ്രദ്ധ നേടിയ പ്രധാന ചില സംഭവങ്ങളിലേക്ക് ഒരെത്തിനോട്ടം

വിനാശകരമായ ഭൂകമ്പങ്ങൾക്കും സാക്ഷിയായി Gaza, Israel, Turkey, ലോക വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ഇസ്രാഈലിലെ ഹമാസ് ആക്രമണങ്ങളും തുടർന്ന് ഇസ്രാഈലിലെ ക്രൂരമായ പ്രതികാരവും മുതൽ സ്പാനിഷ് ഫുട്‌ബോളിൽ കലാപത്തിന് കാരണമായ ചുംബനം വരെ കൊണ്ട് 2023 പ്രക്ഷുബ്ധമായിരുന്നു. ഗസ്സയിലും യുക്രൈനിലും തുടരുന്ന ആക്രമണങ്ങളും ലോകത്തെ മുറിവേൽപിച്ചു. 2023ൽ ലോക ശ്രദ്ധ നേടിയ പ്രധാന ചില സംഭവങ്ങളിലേക്ക് ഒരെത്തിനോട്ടം.

New Delhi, World, Gaza, Israel, Turkey, Incidents, Major, Russia, Argentina, India, President, Some major events that defined 2023.

ഇസ്രായേൽ-ഗസ്സ യുദ്ധം

ഇസ്രാഈൽ നേരിട്ട ചരിത്രത്തിലെ ഏറ്റവും മോശമായ ആക്രമണത്തിൽ, ഒക്‌ടോബർ ഏഴിന് സായുധരായ നൂറുകണക്കിന് ഹമാസ് പോരാളികൾ ഗസ്സയിൽ നിന്ന് അതിർത്തി കടന്ന് 1,200 ഓളം ആളുകളെ കൊല്ലുകയും, 240 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു. തുടർന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും വ്യോമ ബോംബാക്രമണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് കര ആക്രമണത്തിലേക്കും കടന്നു.

ഇതുവരെ 15,000 ലധികം പേരെ കൊലപ്പെടുത്തിയ ഇസ്രാഈൽ ആക്രമണത്തിൽ ഫലസ്തീൻ പ്രദേശത്തെ അവശിഷ്ടങ്ങളാക്കി മാറ്റുകയും ചെയ്തു. ഗസ്സയുടെ നാശവും മരണസംഖ്യയും വർധിക്കുമ്പോൾ, ആക്രമണം നിർത്താൻ ഇസ്രാഈലിന്മേൽ അന്താരാഷ്ട്ര സമ്മർദം വർധിക്കുകയാണ്. യുദ്ധം ആരംഭിച്ച് ഏഴ് ആഴ്ചകൾ പിന്നിട്ടപ്പോൾ ഇരുപക്ഷവും വെടിനിർത്തലിന് തയ്യാറായെങ്കിലും ഏഴ് ദിവസത്തെ ആയുസ് മാത്രമാണ് ഉണ്ടായത്.

യുക്രൈനിലെ അവസാനിക്കാത്ത പോരാട്ടം

റഷ്യ അയൽരാജ്യത്തെ ആക്രമിച്ച് 17 മാസങ്ങൾക്ക് ശേഷവും പ്രതീക്ഷിച്ച ലക്ഷ്യം നേടാനാകാതെ പോരാട്ടം തുടരുകയാണ്. റഷ്യയുടെ അഗാധമായ പ്രതിരോധനിരയിൽ വലിയൊരു വിള്ളൽ വീഴ്ത്തുന്നതിൽ യുക്രൈൻ വിജയിച്ചു. നവംബറിന്റെ അവസാനത്തിൽ, റഷ്യയുടെ അധീനതയിലുള്ള ഡിനിപ്രോ നദിയുടെ ഇടത് കരയിലൂടെ കടന്നുകയറിയതായി യുക്രൈൻ പ്രഖ്യാപിച്ചു.

ശീതകാലം ആരംഭിക്കുമ്പോൾ, ഇരുവശങ്ങളും ഇപ്പോഴും വലിയ നഷ്ടം നേരിടുകയാണ്. യുക്രെയ്ൻ യുദ്ധം എങ്ങുമെത്താതെ തുടരുന്ന സാഹചര്യത്തിൽ റഷ്യ സൈനികശേഷി വർധിപ്പിക്കുകയാണ്. 1,70,000 പേരെ കൂടി സൈന്യത്തിലെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടിട്ടുണ്ട്.

വിനാശകരമായ ഭൂകമ്പങ്ങൾ

ഫെബ്രുവരി ആറിന് പുലർച്ചെ, നൂറ്റാണ്ടിലെ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്ന് തെക്കുകിഴക്കൻ തുർക്കിയിലെ മുഴുവൻ നഗരങ്ങളെയും നിരപ്പാക്കി. കുറഞ്ഞത് 56,000 പേർ കൊല്ലപ്പെട്ടു, സിറിയയിലെ അതിർത്തിക്കപ്പുറത്ത് 6,000 പേർക്ക് ജീവൻ നഷ്ടമായി. ഏഴ് മാസങ്ങൾക്ക് ശേഷം, സെപ്റ്റംബർ എട്ടിന്, മൊറോക്കോയും ചരിത്രത്തിലെ ഏറ്റവും മാരകമായ ഭൂകമ്പം അനുഭവിച്ചു. ഏകദേശം 3,000 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

ആഫ്രിക്കയിൽ കൂടുതൽ അട്ടിമറികൾ

ആഫ്രിക്കയിൽ ജനാധിപത്യ അട്ടിമറികൾ 2023-ലും തുടരുന്നു, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ അട്ടിമറിക്കുന്ന ഏറ്റവും പുതിയ രാജ്യങ്ങളായി നൈജറും ഗാബോണും മാറി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇക്കഴിഞ്ഞ ജൂലൈയിൽ പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ പുറത്താക്കിയ സൈന്യം ഭരണഘടന റദ്ദാക്കുകയും ചെയ്തു. നിലവിലെ സർക്കാർ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും രാജ്യസുരക്ഷയുറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്നായിരുന്നു സൈന്യത്തിന്റെ ആരോപണം.

സെപ്റ്റംബറിൽ, 2020-ന് ശേഷം പട്ടാള അട്ടിമറിയില്‍ ഭരണം പിടിച്ചെടുക്കുന്ന എട്ടാമത്തെ ആഫ്രിക്കന്‍ രാജ്യമായി മാറുകയായിരുന്നു ഗാബോണ്‍. 55 വര്‍ഷമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് അലി ബോംഗോ ഒന്‍ഡിമ്പയുടെ കുടുംബം കൈവശം വെച്ചിരുന്ന ഗാബോണ്‍ ഭരണത്തിനാണ് പട്ടാള അട്ടിമറിയിലൂടെ അവസാനമായത്. ഒരു കാലത്ത് ഫ്രാന്‍സിന്റെ കോളനിയായിരുന്ന ഗാബോണില്‍ വലിയ ഫ്രാന്‍സ് വിരുദ്ധ വികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അലി ബോംഗോ ഒന്‍ഡിമ്പയുടെ പല നിലപാടുകളും ഫ്രാന്‍സിന് അനുകൂലമായിരുന്നു.

ഹോളിവുഡ് താരങ്ങളുടെ സമരം

നിർമിത ബുദ്ധിയുണ്ടാക്കുന്ന (AI) തൊഴിൽഭീഷണി 2023-ൽ ഹോളിവുഡിലേക്കും വ്യാപിച്ചു. സിനിമകളിലെ സാങ്കേതികവിദ്യയുടെ ഉപയോഗം തടയുന്നതിനും ശമ്പള വർധനവിനും വേണ്ടി ഹോളിവുഡ് താരങ്ങൾ മാസങ്ങളോളമായി നടത്തിവന്ന സമരം സംഭവ ബഹുലമായി. സ്റ്റുഡിയോ ഉടമകളുമായി ഒത്തുതീർപ്പിലെത്തിയതിനെത്തുടർന്നാണ് സിനിമാവ്യവസായത്തെ അനിശ്ചിതത്വത്തിലാക്കിയ സമരം പിൻവലിച്ചത്. പണിമുടക്കിൽ അറുപതിനായിരത്തിലധികംപേർ പങ്കെടുത്തു. 1960-നുശേഷം ആദ്യമായാണ് ഇത്രയും വലിയ സമരം ഹോളിവുഡ് കണ്ടത്.

മാരകമായ തീ

കാലാവസ്ഥാ നിരീക്ഷകർ 2023 രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയതായിരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ഹവായിയൻ ദ്വീപായ മൗയിയിൽ 115 പേരെങ്കിലും കൊല്ലപ്പെട്ട ഒരു നൂറ്റാണ്ടിനിടെ അമേരിക്കയിൽ ഉണ്ടായ ഏറ്റവും മാരകമായ കാട്ടുതീ ലോകത്തെ ഞെട്ടിച്ചു. ഒരുകാലത്ത് ഹവായിയുടെ തലസ്ഥാനമായിരുന്ന ലഹൈനയില്‍ സംഭവിച്ചത് യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ കാട്ടുതീയായിരുന്നു.

കൂടാതെ ഗ്രീസിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ റോഡ്‌സ്, കോർഫു എന്നിവിടങ്ങളിലും കാട്ടുതീ പടർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികളെത്തുന്ന ഗ്രീസിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് റോഡ്‌സ് ദ്വീപ്. ഒരുലക്ഷംപേര്‍ താമസിക്കുന്ന ദ്വീപില്‍നിന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ 30,000 പേരെ ഒഴിപ്പിക്കേണ്ടിയും വന്നു. തീപിടുത്തത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യം കാനഡയാണ്. ആയിരത്തിലധികം കാട്ടുതീ സംഭവങ്ങള്‍ രാജ്യത്താകമാനമുണ്ടായി.

ചന്ദ്രൻ, പുതിയ അതിർത്തി

2023-ൽ ബഹിരാകാശ മൽസരം ചൂടുപിടിച്ചു. ചന്ദ്രനിൽ ഇന്ത്യ ചരിത്രമെഴുതി. വിക്രം റോവർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രയാന് മുമ്പ് ചന്ദ്രനിലിറങ്ങാൻ ലക്ഷ്യമിട്ട് പുറപ്പെട്ട റഷ്യ ലൂണ-25 അവസാന ഭ്രമണ പഥ ക്രമീകരണത്തിനിടെ നിയന്ത്രണം വിട്ട് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ വിജയം. യുഎസ് ബഹിരാകാശയാത്രികനായ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ മനുഷ്യനായി അരനൂറ്റാണ്ടിനുശേഷം, പല രാജ്യങ്ങളും മനുഷ്യനെ ആകാശഗോളത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു. നാസ 2025-ലും ചൈന 2030-ലും ഇന്ത്യ 2040-ലും വലിയ ദൗത്യമാണ് ലക്ഷ്യമിടുന്നത്.

നിർബന്ധിത സ്പാനിഷ് ചുംബനം

ഓഗസ്റ്റ് 20-ന് സിഡ്‌നിയിൽ നടന്ന വനിതാ ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്‌പെയിനിന്റെ വിജയത്തിന് ശേഷം സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിന്റെ നടപടി വിവാദമായി. വലിയ പ്രതിഷേധം നേരിടേണ്ടി വന്നതോടെ ഒടുവിൽ അദ്ദേഹം രാജിവെച്ചു.

അർജന്റീന വലത്തേക്ക് കുതിക്കുന്നു

53 കാരനായ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരൻ ജാവിയർ മിലേ, 56 ശതമാനം വോട്ട് നേടി അര്‍ജന്‍റീനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് ലോകശ്രദ്ധ നേടി. തന്‍റെ വളര്‍ത്ത് പട്ടികളില്‍ നിന്ന് സാമ്പത്തിക ഉപദേശം സ്വീകരിക്കുമെന്നും രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് പിരിച്ച് വിടുമെന്നും പകരം അമേരിക്കന്‍ ഡോളറില്‍ വിനിമയം സാധ്യമാക്കുമെന്നുമുള്ള വിചിത്ര നടപടികളും അദ്ദേഹം പ്രചാരണത്തിൽ പ്രഖ്യാപിച്ചിരുന്നു. അർജന്റീനയെ സുവർണ കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന അദ്ദേഹത്തിന്റെ പ്രതിജ്ഞ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' എന്ന മുദ്രാവാക്യത്തിന് സമാനമാണ്.

Keywords: New Delhi, World, Gaza, Israel, Turkey, Incidents, Major, Russia, Argentina, India, President, Some major events that defined 2023.
< !- START disable copy paste -->

Post a Comment