Investigation | പിജി ഡോക്ടറുടെ ആത്മഹത്യ: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

 


തിരുവനന്തപുരം: (KVARTHA) മെഡികല്‍ കോളജിലെ പിജി ഡോക്ടര്‍ ശഹനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തില്‍ അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Investigation | പിജി ഡോക്ടറുടെ ആത്മഹത്യ: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

താങ്ങാന്‍ കഴിയാത്ത സ്ത്രീധനം ചോദിച്ചതാണ് ശഹനയുടെ ആത്മഹത്യയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം മെഡികല്‍ കോളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി ചെയ്യുകയായിരുന്നു ശഹന. കൂടെ പഠിക്കുന്ന ഡോക്ടറുടെ വിവാഹ ആലോചന എത്തിയപ്പോള്‍ 50 പവന്‍ സ്വര്‍ണവും 50 ലക്ഷംരൂപയുടെ സ്വത്തും കാറും നല്‍കാമെന്ന് കുടുംബം അറിയിച്ചിരുന്നു.

എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ 150 പവനും 15 ഏകര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതായി ശഹനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. വരന്റെ വീട്ടുകാര്‍ കൂടുതല്‍ തുകയും വില കൂടിയ കാറും ആവശ്യപ്പെട്ടതോടെ കുടുംബം സമ്മര്‍ദത്തിലായി. വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറി. ഇതിന്റെ മനോവിഷമത്തിലാണ് ശഹന ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. ഇക്കാര്യങ്ങള്‍ വിശദമാക്കി കുടുംബം മെഡികല്‍ കോളജ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ താമസസ്ഥലത്തെത്തിയപ്പോള്‍ മുറി അടച്ച നിലയിലായിരുന്നു. പൊലീസെത്തി തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനസ്‌തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ചാണ് ആത്മഹത്യ ചെയ്തതെന്നും പോസ്റ്റുമോര്‍ടം റിപോര്‍ടിലുള്ളതായി പൊലീസ് പറഞ്ഞു.

പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പിലുണ്ട്. സഹോദരിയുടെയും സഹോദരന്റെയും വിവാഹം കഴിഞ്ഞു. സഹോദരന്‍ കംപ്യൂടര്‍ സെന്ററിലെ ജീവനക്കാരനാണ്. വിവാഹത്തിന് ഒരുപാട് പണം ആവശ്യമാണെന്നും ആരും പണം നല്‍കാനില്ലെന്നും കുറിപ്പിലുണ്ട്.

വെഞ്ഞാറമൂട് സ്വദേശിയായ ശഹനയുടെ പിതാവ് വര്‍ഷങ്ങളായി വിദേശത്തായിരുന്നു. ഇളയ കുട്ടിയാണ് ശഹന. പഠനത്തില്‍ മിടുക്കിയായിരുന്ന ശഹന ഉയര്‍ന്ന മാര്‍കോടെയാണ് എല്ലാ പരീക്ഷകളും പാസായത്. മെരിറ്റ് സീറ്റിലാണ് എംബിബിഎസിനു ചേര്‍ന്നത്. 

പിതാവ് മാസങ്ങള്‍ക്കു മുന്‍പ് കാന്‍സര്‍ ബാധിച്ചു മരിച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. പണം കടം കൊടുത്തിരുന്ന പലരും തിരികെ നല്‍കാത്തതും കുടുംബത്തെ പ്രതിസന്ധിയിലാക്കി. പിതാവ് മരിച്ചതിനു പിന്നാലെ പണത്തിന്റെ പേരില്‍ കല്യാണം മുടങ്ങിയതും ശഹനയെ മാനസികമായി തളര്‍ത്തി. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Keywords:  PG doctor Shahana's Death: Minister Veena George orders investigation, Thiruvananthapuram, News, PG Doctor Shahana's Death, Probe, Health Minister, Veena George, Family, Allegation, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia