Evidence Collection | ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചാത്തന്നൂരിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു; സ്ഥലത്ത് ഫോറന്‍സിക് സംഘവും

 


കൊല്ലം: (KVARTHA) ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചാത്തന്നൂരിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്തുണ്ട്. കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എംഎം ജോസിന്റെ അന്വേഷണ ചുമതലയിലാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രിയില്‍ കുട്ടിയെ താമസിപ്പിച്ചതും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ഈ വീട്ടിലാണുള്ളത്. കേസില്‍ പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരാണ് അറസ്റ്റിലായത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ കേന്ദ്രീകരിച്ചുള്ള വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ഗേറ്റടക്കം പൂട്ടിയാണ് വിശദമായ പരിശോധന. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയ ശേഷമാണ് മൂന്നാംദിനമായ ശനിയാഴ്ച പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്.

Evidence Collection | ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചാത്തന്നൂരിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു; സ്ഥലത്ത് ഫോറന്‍സിക് സംഘവും

കാറില്‍ നിന്ന് കുട്ടിയുടെ വിരലടയാളം ഉള്‍പെടെ ശേഖരിക്കേണ്ടതുണ്ട്. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം കുട്ടിയുമായി പോയ മറ്റിടങ്ങളിലേക്കും പ്രതികളെ കൊണ്ടുപോവുമെന്നാണ് വിവരം. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ താമസിച്ചിരുന്ന തെങ്കാശിയിലും കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം ഉള്‍പെടെയും തെളിവെടുപ്പ് നടത്തും.

കടബാധ്യത തീര്‍ക്കാനാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി നടത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഇത് ഗൗരവമായി എടുത്തിട്ടില്ല. മറ്റ് കുട്ടികളേയും ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.

Keywords:  Oyur Kidnapping case: Accused brought for evidence collection, Kollam, News, Evidence Collection, Kidnap, Crime Branch, Probe, Police Custody, Car, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia