Living Alone | ക്രിസ്മസ് നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിക്കാതിരിക്കുന്നതെങ്ങനെ? ഇതു കഥയല്ല ജീവിതം!

 


/ ഭാമനാവത്ത്

(KVARTHA) കോടമഞ്ഞു വീഴുന്ന രാത്രി നഗരം ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. മിന്നി കത്തുന്ന എൽഇഡി സ്റ്റാറുകൾ നഗരത്തിൽ വർണ പ്രപഞ്ചം സൃഷ്ടിച്ചിരുന്നു. ബർണശേരി പള്ളിയിൽ നിന്നും കരോൾ സംഗീതം നിലയ്ക്കാതെ മുഴങ്ങുന്നു. പയ്യാമ്പലം പാർക്ക് റോഡിലൂടെ കൂട്ടികൾ കരോൾ സംഗീതവും പാടി പോകുന്നു. താൻ ഈ നഗരത്തിൽ വന്നിട്ട് നീണ്ട 25 വർഷമായി, അന്നുമുതൽ ഡിസംബറിൽ ക്രിസ്തുമസിന്റെ വരവറിയിച്ചു കൊണ്ടുള്ള ഓരോ തുടിപ്പും അവർക്കറിയാം. പത്തുവർഷം മുൻപ് ഭർത്താവും മകനുമുള്ളപ്പോൾ പള്ളിയിലും പുറത്തും ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകാറുണ്ട്. താൻ പഠിപ്പിച്ച സ്കൂളിലും ക്രിസ്തുമസ് പരിപാടികളുണ്ടാവാറുണ്ട്.

Living Alone | ക്രിസ്മസ് നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിക്കാതിരിക്കുന്നതെങ്ങനെ? ഇതു കഥയല്ല ജീവിതം!

ഡിസംബർ വന്നെത്തുമ്പോൾ ഒരു പ്രത്യേക ഉൻമേഷം തരാറുണ്ടെന്നു അവർക്കു തോന്നാറുണ്ട്. ആരുടെ ഉള്ളിലും കരുണയുടെ ദീപ്ത പ്രകാശം ചൊരിയാൻ യേശുവിന് കഴിയുന്നു. ഭർത്താവ് രവികുമാർ നഗരത്തിലെ ഒരു കോളേജിലെ വകുപ്പു മേധാവിയാണ് വിരമിച്ചത്. പിന്നീട് മൂന്നോ നാലോ വർഷങ്ങൾക്കുശേഷം താനും വിരമിച്ചു. നാട്ടിലെ വീട് ഒഴിവാക്കി പയ്യാമ്പലത്ത് ഫ്ളാറ്റ് വാങ്ങുന്നതാണ് സൗകര്യമെന്ന് മകൻ പ്രജിലാണ് പറഞ്ഞത്. അമേരിക്കയിൽ നിന്നും അവനും കുടുംബവും വർഷത്തിൽ വന്നു ഒരു മാസം താമസിക്കാറുണ്ട്.. കുടുംബമെന്നു പറയാൻ ഭാര്യ മാത്രമേയുള്ളു. പലവിധ ചികിത്സ നടത്തി നോക്കിയെങ്കിലും കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അവനുണ്ടായിട്ടില്ല.

അമേരിക്ക വിട്ടു നാട്ടിൽ സെറ്റിൽ ചെയ്യാൻ പറഞ്ഞാലും അവന് താൽപര്യമില്ല. ഐ.ടി എൻജിനിയറായ താൻ ഇവിടെ വന്നിട്ടു എന്ത് ചെയ്യാനെന്നാണ് ചോദിക്കുന്നത്. രവിയേട്ടൻ ഉള്ളതു കൊണ്ടു ജീവിതം വിരസമായി തോന്നിയില്ല. രക്തത്തിൽ സോഡിയം കുറഞ്ഞതായിരുന്നു അസുഖത്തിന്റെ തുടക്കം, ഒടുവിൽ ആശുപത്രി വാസം തന്നെയായി. ഒരു ഹോം നഴ്സിനെ സഹായത്തിന് വെച്ചതു കൊണ്ടു മാത്രമാണ് കാര്യങ്ങൾ നടന്നത്. അവസാന കാലത്ത് ഐ.സി.യുവിൽ തന്നെയായിരുന്നു. ബോധം വരുമ്പോൾ താൻ പോവുന്നുവെന്ന് കൈ കൊണ്ടു കാണിച്ചു പത്മയെന്നു മാത്രം ഞെരങ്ങി വിളിച്ചു. ഒടുവിൽ അസ്തമയ പക്ഷി തനിയെ പറന്നു പോവുന്നതു പോലെ പോയി.

അതിനു ശേഷം ഒറ്റയ്ക്കായി പോയിരുന്നു. മകൻ അമേരിക്കയിലേക്ക് വിളിച്ചെങ്കിലും പോയില്ല. അവരുടെ സ്വകാര്യതയിൽ ശല്യമാകാൻ തോന്നിയില്ല. ഫ്ളാറ്റിലെ അയൽവാസികളാണ് തുണയായത്. ഒറ്റപ്പെട്ടു പോയ തന്നെ ഒരു കുട്ടിയെ പോലെ ഏറ്റെടുക്കുകയായിരുന്നു അവർ. ഭക്ഷണമുണ്ടാക്കുകയും വസ്ത്രം അലക്കാനും ഒരു തമിഴ് പെണ്ണാനെ വെച്ചു. വിനോദ യാത്രകളും സായാഹ്ന സവാരിയും ഫ്ളാറ്റിന് അടിയിലെ പച്ചക്കറി കൃഷിയും കുട്ടികളുടെ കളികളുമായി പിന്നെ വീണ്ടും സജീവമായി. വീണ്ടും കുട്ടിയായതുപോലെ തോന്നി. എന്നാൽ ഈ ക്രിസ്തുമസിന് അയൽവാസികളായ ഭൂരിഭാഗം പേരും സ്വന്തം നാട്ടിലും വിനോദ യാത്രയ്ക്കുമായി പോയി കഴിഞ്ഞു. പലരും കൂടെ പോരുന്നോയെന്ന് ക്ഷണിച്ചിരുന്നു. ആരോഗ്യ നില അത്ര പോരാത്തതിനാൽ പോയില്ല.

ഫ്ളാറ്റിലെ ഭൂരിഭാഗം താമസ സ്ഥലങ്ങളിലും ലൈറ്റുകൾ കത്തുന്നില്ല. നഗരത്തിലെ ബീച്ചുകളും ആരാധനാലയങ്ങളും ക്രിസ്തുമസ് കൊണ്ടു തിളച്ചു മറിയുമ്പോൾ താൻ ഇവിടെ ഒറ്റയ്ക്കാണെന്ന വിചാരം ഒരു തണുത്ത കാറ്റു പോലെ വീശിയടിച്ചു, അലോസരപ്പെടുത്തി. മനസിനെ ബലപ്പെടുത്താൻ പലരെയു വിളിച്ചു, മകനെപ്പോലും കിട്ടിയില്ല. വാട്സ് ആപ്പിൽ ഹാപ്പി ക്രിസ്തുമസ് വോയിസിട്ടു സംതൃപ്തിയണഞ്ഞു. കൂടെ ജോലി ചെയ്തവരും സുഹൃത്തുക്കളുമെല്ലാം യാത്രകളിലും വീട്ടിൽ ഗസ്റ്റുകൾ വന്ന തിരക്കിലുമാണ്. ഒടുവിൽ സ്വന്തം ഏട്ടനായ പപ്പേട്ടനെ വിളിക്കാമെന്നു വിചാരിച്ചു. പപ്പേട്ടനും തന്നെ പോലെ തനിച്ചാണ് താമസം. മക്കളെല്ലാം ഗൾഫിലാണ്. ഭാര്യ ചെമ്പേരിക്കാരിയായതു കൊണ്ടാണ് അവിടെ വീടു വെച്ചത്.

പപ്പേട്ടൻ ചെമ്പേരിക്കാരനായി മാറിയപ്പോൾ അവിടെയൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ വലിയ ടൗണായി മാറിയിട്ടുണ്ട്. ലക്ഷ്മിയേടത്തിയുടെ മരണത്തിന് ശേഷം സ്കൂളിൽ നിന്നും വിരമിച്ച പപ്പേട്ടനും തനിച്ചായി. പണ്ട് കീഴല്ലൂരിലെ തറവാട്ടു വീട്ടിൽ കഴിയുമ്പോൾ ഞങ്ങൾ കുട്ടികളുടെ നേതാവായിരുന്നു പപ്പേട്ടൻ. കടലാസു കൊണ്ടു ക്രിസ്തുമസ് സ്റ്റാർ ഉണ്ടാക്കുന്നതും കേക്ക് വാങ്ങുന്നതും പുൽക്കൂടുണ്ടാക്കുന്നതും കരോൾ നടത്തുന്നതും പപ്പേട്ടന്റെ നേതൃത്വത്തിലായിരുന്നു. വർഷത്തിൽ സാന്തയെ കെട്ടാനുള്ള വേഷവും പപ്പേട്ടന്റെ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. ഓണവും വിഷുവും പോലെ കളർഫുള്ളായതു പോലെ തന്നെയാണ്അവർക്ക് ക്രിസ്തുമസും. അതൊക്കെ വീണ്ടും ഓർമ്മിപ്പിപ്പോൾ പപ്പേട്ടൻ പതുക്കെ ചിരിച്ചു ക്രിസ്തുമസ് കഴിഞ്ഞാൽ താൻ സമ്പന്നനാവാറുണ്ടെന്നും നിങ്ങൾ ആരും കണക്ക് ചോദിക്കാറില്ലെന്ന രഹസ്യവും വെളിപ്പെടുത്തി.

ഇവിടെയാരുമില്ല പത്മേ? മോൾ ഓർഡർ കൊടുക്കുന്നതിനനുസരിച്ചു സ്കൂട്ടറിൽ ഒരു ചെറുക്കൻ വന്നു സാൻഡ്വിച്ചോ മറ്റെന്തെങ്കിലും മൂന്നുനേരവും കൊണ്ടുവന്നു തരും. നടക്കാൻ നല്ല മുട്ടുവേദനയുണ്ട്. അതുകൊണ്ടു പുറത്തിറങ്ങാനാവില്ല. വീടു വൃത്തിയാക്കാൻ വിളിച്ചാൽ എപ്പോഴെങ്കിലും ഒരു സ്ത്രീ വരും. പിന്നെ പേപ്പർ ഇടുന്ന ഒരു ചെറുക്കൻ രാവിലെ വരും. ഗേറ്റ് തുറന്ന് വാതിലിൽ മുട്ടി തുറന്ന ജനലിലിലൂടെ അവൻ പേപ്പർ എറിയും, വായിക്കാനൊന്നുമല്ല കാഴ്ച നന്നേ കുറവാണ്. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ തോന്നും നാളെ ഉണരാതിരുന്നാലോ? ആരും കാണാതെ പുഴുവരിച്ചു കിടക്കാതിരിക്കാനാണ് പത്രമിടാൻ അവനോട് പറഞ്ഞിരിക്കുന്നത്.

നോക്കാനും കാണാനും ആരെങ്കിലും വേണമല്ലോ? മക്കളെ നല്ലരീതിയിൽ പഠിപ്പിക്കേണ്ടായിരുന്നുവെന്ന തോന്നൽ തനിക്കുമുണ്ടായിരുന്നില്ലേയെന്നു പപ്പേട്ടനോട് സംസാരിച്ചപ്പോൾ അവർക്കു തോന്നി. അതുകൊണ്ടല്ലേ അവർ വിദേശത്തേക്ക് പറന്നതെന്നു കുറ്റം പറയാൻ കഴിയുമോ? നാട്ടിലുള്ള മക്കൾ തങ്ങളെ നോക്കുമെന്നെന്താണ് ഉറപ്പ്. അതു തന്നെ സ്വാർത്ഥതയല്ലേ? പിംഗളകേശിനിയായ മൃത്യു കൈയ്യിൽ ചങ്ങലയുമായി ഏതു നിമിഷവും വന്നേക്കാം . താൻ നേരിടാൻ പോകുന്ന ഏകസത്യവും അതു തന്നെയാണ്. പത്രത്തിലെ ചരമ കോളത്തിൽ സിംഗിൾ കോളം വാർത്തയായും പയ്യാമ്പലത്ത് വിറകു കൊണ്ടു കത്തിച്ചു ചാരമായി മാറുന്ന ഒരു ശവം മാത്രമായും താനുംമാറിയേക്കാം. ഒരു സാധാരണ മരണം മുൻപിൽ കാണുമ്പോഴും ക്രിസ്തുമസ് നക്ഷത്രങ്ങളെ നോക്കി പുഞ്ചരിക്കാതിരിക്കുന്നതെങ്ങനെ?

Keywords: News, Article, Editor’s-Pick, Life, Christmas, Story, Living Alone, News Paper, How can you not smile at Christmas stars?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia