KP Viswanathan | മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ പി വിശ്വനാഥന്‍ അന്തരിച്ചു

 


തൃശ്ശൂര്‍: (KVARTHA) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ പി വിശ്വനാഥന്‍ (83) അന്തരിച്ചു. തൃശ്ശൂരിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച (15.12.2023) രാവിലെ 9.35 നായിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു അഭിഭാഷകന്‍ കൂടിയായിരുന്നു കെ പി വിശ്വനാഥന്‍.

കെ പി സി സി എക്‌സിക്യൂടീവ് അംഗം, തൃശൂര്‍ ഡി സി സി സെക്രടറി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി അംഗം, ഖാദി ബോര്‍ഡ് അംഗം, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് യൂണിയന്‍ മാനേജിംഗ് കമിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയര്‍മാന്‍, ഡയറക്ടര്‍ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നര്‍കോടിക് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹത്തിന് തൃശ്ശൂര്‍ ഏര്‍പെടുത്തിയ മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡും (മാതൃക സമാജിക്) ലഭിച്ചിട്ടുണ്ട്.

1940 ഏപ്രില്‍ 22ന് തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ നിന്ന് ബിരുദം നേടി. യൂത്ത് കോണ്‍ഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 സംഘടനയുടെ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.

1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 1987, 1991, 1996 വര്‍ഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 1994 വരെ കെ കരുണകരന്റെയും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി സര്‍കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈകോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചു. 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സി പി എമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.

KP Viswanathan | മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ പി വിശ്വനാഥന്‍ അന്തരിച്ചു



Keywords: News, Kerala, Kerala-News, Obituary, Obituary-News, Former Minister, KP Viswanathan, Passed Away, Died, Obituary, Congress, Politics, Party, Political Party, Hospital, Lawyer, KPCC Executive Member, Thrissur DCC Secretary, Congress Parliamentary Party Member, Khadi Board Member, KSRTC Board of Directors Member, Thrissur District Cooperative Bank President, Former minister KP Viswanathan passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia