Follow KVARTHA on Google news Follow Us!
ad

Dawood Ibrahim | ദാവൂദ് ഇബ്രാഹിമിന്റെ മരണങ്ങൾ വാർത്തയാകുമ്പോൾ ചോദ്യങ്ങൾ ബാക്കിയാവുന്നത്?

കറാച്ചിയിലുണ്ടെന്നതിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു Dawood Ibrahim, Pakistan, Mumbai Blast, Crime
മുംബൈ: (KVARTHA) മോസ്റ്റ് വാൻഡഡ് ഗ്വാങ് സ്റ്റാറെന്നു ലോകം വിശേഷിപ്പിക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ 65 വർഷത്തെ ജീവിതം ബോളിവുഡ് സിനിമയെക്കാൾ ട്വിസ്റ്റ് നിറഞ്ഞത്. ക്രിക്കറ്റും ബോളിവുഡ് പ്രണയവും കള്ളക്കടത്തും ഒരേ പോലെ തന്നെ ജീവിതത്തിന്റെ ഭാഗമാക്കിയ ദാവൂദ് ഇബ്രാഹിം 1993 -ലെ മുംബെ സ്ഫോടനത്തിലൂടെ മാതൃരാജ്യത്തിന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയാണ് പാകിസ്ഥാനിലേക്ക് മുങ്ങിയത്. 

ദാവൂദ് കറാച്ചിയിൽ നിന്നും നേതൃത്വം നൽകുന്ന ഡി കമ്പനിക്ക് ഇപ്പോഴും ഇന്ത്യയിൽ വേരുകളുണ്ടെന്നാണ് വിവരം. പാക് രാഷ്ട്രീയത്തിൽ എന്തൊക്കെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുണ്ടായാലും ദാവൂദിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന കാര്യത്തിൽ പാക് ഭരണകൂടവും സൈന്യവും യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. ഇന്ത്യക്കെതിരെ ഒളിയുദ്ധം നയിച്ച ധീരനായ പോരാളിയാണ് അവർക്ക് ഭാവൂദ്.

Dawood Ibrahim Death hoax or reality?

എത്രാമത്തെ മരണ വാർത്ത?

ഇന്ത്യാ രാജ്യം തേടുന്ന മോസ്റ്റ് വാണ്ടഡ് ഗാങ്സ്റ്റര്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്നോ ഗുരുതരവാസ്ഥയിലാണെന്നോ ഒക്കെ പലതവണ അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. പലപ്പോഴും ഇതിനെ പറ്റിയുള്ള ചർച്ചകൾ ദാവൂദ് ചെയ്തു കൂട്ടിയ കൊടുംക്രൂരതകളിലേക്ക് എത്തുകയും ചെയ്യുന്നു. നൂറു കണക്കിനാളുകളെ കൊന്ന മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും ഇന്ത്യൻ ദേശീയ മാധ്യമങ്ങൾക്ക് പ്രിയ വിഷയങ്ങളിലൊന്നാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ദാവൂദിന് വിഷബാധയേറ്റെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാൽ ഏറ്റവും ഒടുവിൽ ദാവൂദിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീൽ ഇത് നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കറാച്ചിയിൽ കണ്ടിട്ടും കാണാതെ

1993ലെ മുംബൈ സ്ഫോടനത്തിന്‍റെ സൂത്രധാരനായ ദാവൂദ് കഴിഞ്ഞ കുറേവര്‍ഷങ്ങളായി കറാച്ചിയിൽ നിഗൂഢ ജീവിതം തുടരുകയാണെന്നാണ് പറയുന്നത്. ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നെല്ലാം പലതവണ അഭ്യൂഹം പരന്നിരുന്നു. അതേസമയം ദാവൂദിന്‍റെ ഗ്യാങ് ഇതെല്ലാം നിഷേധിക്കുകയും ജീവനോടെയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. 1970കളില്‍ തുടങ്ങിയ ദാവൂദിന്‍റെ ഡി കമ്പനി കൊലപാതകം, പണം തട്ടല്‍, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

2003ൽ ഇന്ത്യയും യുഎസും ദാവൂദ് ഇബ്രാഹിമിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25 മില്യൺ ഡോളർ പാരിതോഷികം യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയ അന്വേഷണ ഏജൻസി 25 ലക്ഷമാണ് ദാവൂദിന്റെ തലയ്ക്കു വിലയിട്ടിരിക്കുന്നത്. എന്നിട്ടും പതിറ്റാണ്ടുകളായി പിടിക്കപ്പെടാതെ ഒളിവുജീവിതം തുടരുകയാണ് ദാവൂദ് ഇബ്രാഹിം. ലോകത്ത് എവിടെയും കയറി ഓപറേഷൻ നടത്താൻ കെൽപ്പുള്ള റോയും വലവിരിച്ചിട്ടും ദാവൂദ് ഇബ്രാഹിമിനെ ഇതുവരെ പിടികൂടാൻ കഴിയാത്തത് ദുരൂഹതയായി തുടരുകയാണ്.

കിംവദന്തികളും യാഥാർത്ഥ്യവും

ദാവൂദ് ഇബ്രാഹിമിന്‍റെ കാല്‍ മുറിച്ചുമാറ്റി എന്നാണ് 2016ല്‍ പരന്ന കിംവദന്തി. ദാവൂദ് ഹൃദയാഘാതം മൂലം മരിച്ചതായി 2017ല്‍ റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചെന്നും അഭ്യൂഹം പരന്നു. 2020ലാണ് ദാവൂദും ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇതെല്ലാം ദാവൂദിന്‍റെ ഗ്യാങ് നിഷേധിച്ചു. ഏറ്റവും ഒടുവിലത്തെ ഗുരുതരാവസ്ഥ റിപ്പോര്‍ട്ടും അനുയായി ചോട്ടാ ഷക്കീൽ തള്ളിയിട്ടുണ്ട്.
ദാവൂദ് 100 ശതമാനം ഫിറ്റാണെന്ന് ഛോട്ടാ ഷക്കീൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് കറാച്ചിയിൽ ചികിത്സയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ വാർത്ത ദുരുദ്ദേശ്യത്തോടെ കാലാകാലങ്ങളിൽ പരക്കുന്ന കിംവദന്തി മാത്രമാണെന്നും ഷക്കീൽ വ്യക്തമാക്കിയതോടെ ഇന്ത്യയുടെ അയൽ രാജ്യത്തു തന്നെ ദാവൂദ് അതീവ സുരക്ഷാ സന്നാഹങ്ങളോടെ വിലസുന്നുണ്ടെന്നു വ്യക്തമായിരിക്കുകയാണ്. ഇന്ത്യൻ ജനതയെ നടുക്കിയ മുംബൈ സ്ഫോടന കേസിലെ പ്രതിയെ പിടികൂടാൻ ഒൻപതര വർഷം ഭരിച്ച കടുത്ത ദേശീയ വാദികളായ നരേന്ദ്ര മോദി സർക്കാരിന് എന്തുകൊണ്ടു കഴിയുന്നില്ലെന്ന ചോദ്യം വിമർശകർ ചോദിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ഇത്തരം ചോദ്യങ്ങൾ പ്രതിപക്ഷ പാർട്ടികൾ പോലും ചോദിക്കുന്നില്ല. രാജാവ് നഗ്നനാണെന്നു പറയാനുള്ള ഭയമാണ് പലരെയും ഇത്തരം ചോദ്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

ഇപ്പോഴത്തെ പ്രചാരണത്തിന് പിന്നിൽ?

പാകിസ്താൻ സർക്കാരിൻറെ സുരക്ഷിത വലയത്തിൽ ഉണ്ടായിട്ടും ദാവൂദ് ഇബ്രാഹിമിന് അത്യാഹിതം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യൻ ഇന്റലിജൻസിന്റെ വിജയമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നേരത്തെ പാകിസ്താനിലും കാനഡയിലുമൊക്കെ ഇന്ത്യയുടെ 'ശത്രുക്കൾ' കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യൻ ഇന്റലിജൻസിന് പങ്കുണ്ടെന്ന് ആ രാജ്യങ്ങൾ ആരോപിച്ചിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വരുത്തുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.

ദാവൂദ് ഇബ്രാഹിം കൊല്ലപ്പെട്ടോ അതോ സുരക്ഷിതനാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും പാകിസ്താൻ ഇക്കാര്യം മറച്ച് വെക്കുന്നതായും ആരോപണമുണ്ട്. ഒരുപക്ഷെ കൊല്ലപ്പെട്ടതാണെങ്കിൽ നാണക്കേട് ഭയന്നോ അല്ലെങ്കിൽ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആഗോള പ്രതിച്ഛായയിൽ നിന്ന് മുഖം രക്ഷിക്കാനോ ആണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അഭിപ്രായം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം ചർച്ചയാക്കി നേട്ടം കൊയ്യാനും ശ്രമമുണ്ടെന്ന് ആക്ഷേപമുണ്ട്.

Keywords: News, National, New Delhi, Dawood Ibrahim, Pakistan, Mumbai Blast, Crime, Dawood Ibrahim Death hoax or reality?
< !- START disable copy paste -->

Post a Comment