CM Pinarayi | റബര്‍ കര്‍ഷകര്‍ ദുരിതങ്ങള്‍ നേരിടുന്ന ഘട്ടത്തില്‍ അതിനെ കൂടുതല്‍ ആഴത്തിലേയ്ക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയര്‍ കംപനികള്‍ നടത്തുന്നത്; മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാര്‍ നല്‍കിയ നിവേദനത്തിന് നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


പത്തനംതിട്ട: (KVARTHA) നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഒരു മാസമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പന്ത്രണ്ടാമത്തെ ജില്ലയില്‍ ഇന്നലെ പ്രവേശിച്ചു. കോട്ടയം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റബ്ബര്‍ കൃഷി ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്. ''വൈറ്റ് ഗോള്‍ഡ്'' (വെളുത്ത സ്വര്‍ണം) എന്നാണ് റബ്ബര്‍ അറിയപ്പെട്ടിരുന്നത്. 2011 കാലത്ത് കിലോയ്ക്ക് 230240 രൂപ വരെ വില ഉണ്ടായിരുന്ന റബ്ബറിന് 2023 ജൂണ്‍ജൂലൈയില്‍ ലഭിച്ചത് 120 രൂപ മാത്രമാണ്. വലിയ വില തകര്‍ച്ചയാണിത്.

ഉദാരവത്കരണ നയങ്ങളുടെ തിക്തഫലമാണ് റബ്ബര്‍ കര്‍ഷകരുടെ ഇന്നത്തെ അവസ്ഥ. കൃഷിക്കാര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിനു ന്യായവില ഉറപ്പാക്കിയിരുന്ന, വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിനു സാധിച്ചിരുന്ന നയം അട്ടിമറിക്കപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ഈ രൂപത്തില്‍ ഗുരുതരമായത്. ഇപ്പോള്‍ കേരളത്തിന്റെ റവന്യൂ വരുമാനത്തില്‍ വലിയ പങ്കുവഹിച്ചിരുന്ന റബ്ബര്‍ കാര്‍ഷിക മേഖല പ്രതിസന്ധിയിലായി.

മിക്കവാറും എല്ലാ ആസിയാന്‍ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചുങ്കം പൂര്‍ണമായും ഒഴിവാക്കിയാണ് രാജ്യത്തേക്ക് റബ്ബര്‍ ഇറക്കുമതി ചെയ്യുന്നത്. 2005 - 2006-ല്‍ 45,000 ടണ്‍ ആണ് ഇറക്കുമതി ചെയ്തതെങ്കില്‍ ഇപ്പോള്‍ അത് 5 ലക്ഷത്തിലധികം ടണ്ണാണ്; അതായത് ഏകദേശം 12 ഇരട്ടിയാണ് നിലവില്‍ ഇറക്കുമതി ചെയ്യുന്നത്. 2021 - 2022 ല്‍ റബ്ബര്‍ ഉപഭോഗം 12 ലക്ഷം ടണ്‍ ആയി വര്‍ദ്ധിച്ചെങ്കിലും ആഭ്യന്തര ഉല്‍പാദനം 5.6 ലക്ഷം ടണ്‍ ആയി കുറഞ്ഞു.

നമ്മുടെ നാട്ടില്‍ ഒരു റബ്ബര്‍ കര്‍ഷകന് ഹെക്ടര്‍ ഒന്നിന് 25,000 രൂപ സബ്‌സിഡി ലഭിക്കുമ്പോള്‍ തായ്‌ലന്‍ഡില്‍ ഹെക്ടര്‍ ഒന്നിന് 2,08,000 രൂപയും മലേഷ്യയില്‍ 1,57,800 രൂപയും ശ്രീലങ്കയില്‍ 64,200 രൂപയുമാണ് സബ്‌സിഡി ലഭിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ഈ തുക നല്‍കുന്നില്ല.

ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിച്ചാല്‍ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാം. ആഗോള കരാറുകളുടെ ഭാഗമായതിനാല്‍ അതു സാധ്യമല്ല എന്നാണു കേന്ദ്രം പറയുന്നത്. വ്യാവസായിക അസംസ്‌കൃത വസ്തുവായി പരിഗണിക്കുന്നതു മാറ്റി റബ്ബറിനെ കാര്‍ഷികോത്പന്നമായി കണക്കാക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. സ്വാഭാവിക പരുത്തിക്ക് ആണ്ടുതോറും ന്യായവില ഉയര്‍ത്തിക്കൊടുക്കാന്‍ തടസ്സമില്ലാത്തവര്‍ക്ക്, റബ്ബറിന്റെ ഇറക്കുമതി മാത്രം നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

ഇതിനു പിന്നിലെ പ്രധാന കാരണം രാജ്യത്തെ ടയര്‍ നിര്‍മ്മാണ കുത്തകകള്‍ക്കായി റബ്ബറിന്റെ വിലയിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യമാണ്. റബ്ബര്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോള്‍ ടയര്‍ കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയാണ്. ഉദാഹരണത്തിന് സംസ്ഥാനത്തെ പ്രമുഖ ഗ്രൂപ്പിന്റെ ടയര്‍ കമ്പനിക്ക് 2013 സെപ്റ്റംബറില്‍ ഉണ്ടായിരുന്ന സമാഹൃത മൂല്യം 3645 കോടി രൂപയായിരുന്നെങ്കില്‍, 2023 മാര്‍ച്ച് ആയപ്പോള്‍ 14509 കോടി രൂപയായി ഉയര്‍ന്നു. പത്ത് വര്‍ഷം കൊണ്ട് സമാഹൃത മൂല്യം നാലിരട്ടിയാണ് കൂടിയത്. മറ്റൊരു പ്രധാന ടയര്‍ കുത്തക കമ്പനിയുടെ വളര്‍ച്ച അഞ്ചിരട്ടിയാണ്.

റബ്ബര്‍ കര്‍ഷകര്‍ ദുരിതങ്ങള്‍ നേരിടുന്ന ഘട്ടത്തില്‍ അതിനെ കൂടുതല്‍ ആഴത്തിലേയ്ക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയര്‍ കമ്പനികള്‍ നടത്തുന്നതെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ) കണ്ടെത്തിയിരിക്കുന്നു. പ്രമുഖ ടയര്‍ കമ്പനികളും അവരുടെ കോര്‍പ്പറേറ്റ് ലോബിയിംഗ് കമ്പനിയായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷനും കോമ്പറ്റീഷന്‍ നിയമം ലംഘിച്ചുകൊണ്ട് കാര്‍ട്ടല്‍ രൂപീകരിക്കുകയും വിവരങ്ങള്‍ പങ്കിടുകയും ടയര്‍ വിലകള്‍ നിശ്ചയിക്കുകയും ചെയ്തുവെന്നാണ് സി.സി.ഐ കണ്ടെത്തിയത്.

ടയറുകള്‍ നിര്‍മിക്കുന്നതിനുള്ള മുഖ്യ അസംസ്‌കൃത വസ്തുവായ സ്വാഭാവിക റബ്ബറിന്റെയടക്കം എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും ആകെ വില ഇടിഞ്ഞപ്പോഴും, ഉയര്‍ത്തിയ ടയര്‍ വില നിലനിര്‍ത്തുന്നതിനായി ടയര്‍ കമ്പനികള്‍ ഒത്തുകളിച്ചു. ഉപഭോക്താക്കളെ കൂടി വഞ്ചിച്ച കമ്പനികള്‍ക്ക് 1788 കോടി രൂപയുടെ അതിഭീമമായ പിഴയാണ് സിസിഐ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ പിഴ ഈടാക്കി അതില്‍ നിന്നും കര്‍ഷകര്‍ക്കു കൂടി അവകാശപ്പെട്ട തുക നല്‍കുന്നതിനു പകരം നടപടിയെടുക്കാന്‍ മടിച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഈ വിധം കേരളത്തിന്റെ റബ്ബര്‍ മേഖലയെ അവഗണിക്കുന്ന കേന്ദ്ര ഗവണ്മന്റ് ആസാം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബ്ബര്‍ കൃഷി വ്യാപിക്കുന്നതിനായി ടയര്‍ കമ്പനികളുടെ സഹായത്തോടെ ഇന്റോഡ് എന്ന റബ്ബര്‍ കൃഷി വികസന പദ്ധതി നടപ്പാക്കുകയാണ് ചെയ്യുന്നത്.

അതിനു പുറമേ 1947 ലെ റബ്ബര്‍ ആക്ട് റദ്ദുചെയ്തുകൊണ്ട് റബ്ബര്‍ പ്രമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്‍ എന്ന പേരില്‍ അങ്ങയേറ്റം കര്‍ഷക വിരുദ്ധമായ ഒരു ബില്ല് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം തുടക്കത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇത് നിയമമായാല്‍ റബ്ബര്‍ ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിക്കാതെ തോന്നുംവിധം റബ്ബറിന്റെ വില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും.

റബ്ബര്‍ കൃഷിക്കും സംസ്‌കരണത്തിനും ഉപയോഗിക്കുന്ന ആസിഡുകള്‍ക്കും ബിറ്റുമിനും പ്ലാസ്റ്റിക് തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ക്കും വില ക്രമാതീതമായി വര്‍ദ്ധിച്ചതും ഉല്‍പാദന ചെലവ് വന്‍ തോതില്‍ ഉയരാനിടയായി. ഒരു ഹെക്ടറിന് ഇരുപത്തി അയ്യായിരം രൂപ വരെ ആവര്‍ത്തന കൃഷിക്കായി നല്‍കിയിരുന്നത് വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരിക്കുന്നു. കേരളത്തിലെ റബ്ബര്‍ കൃഷിക്കാര്‍ക്ക് റബ്ബര്‍ ബോര്‍ഡ് ഫണ്ട് മാറ്റിവയ്ക്കുന്നില്ല. റബ്ബറിന് വിലസ്ഥിരതാഫണ്ട് ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാന്‍ റബ്ബര്‍ ബോര്‍ഡ് സഹകരിക്കുന്നില്ല. റബ്ബര്‍ കൃഷിയില്‍നിന്ന് കര്‍ഷകരെ പുറന്തള്ളാനുള്ള ലക്ഷ്യമാണ് കേന്ദ്ര നീക്കത്തിനു പിന്നില്‍.

റബ്ബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് ഇടതുപക്ഷ എംപിമാര്‍ ഈ വര്‍ഷം ആദ്യം നല്‍കിയ നിവേദനത്തിനു നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. മിശ്രിത റബ്ബറിന്റെയും സ്വാഭാവിക റബ്ബറിന്റെയും ഇറക്കുമതി തീരുവ ഒരുപോലെ ഉയര്‍ത്തുവാനും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുക എന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല.

പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബദല്‍ മാര്‍ഗങ്ങളുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുള്ളത്. യു ഡി എഫ് ഭരണകാലത്ത് കിലോയ്ക്കു 150 രൂപ ആയിരുന്ന ന്യായവില എല്‍ ഡിഎഫ് ഭരണത്തില്‍ 170 രൂപയായി ഉയര്‍ത്തി. 250 രൂപയായി ഉയര്‍ത്തണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മുന്നില്‍ വച്ചിട്ടുള്ളത്.

സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് പുതുതായി കൃഷിയിറക്കുന്നതിനും ആവര്‍ത്തന കൃഷിക്കും ഹെക്ടറിന് 25,000 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നു. അതുകൂടാതെ റബ്ബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ചെയ്യുന്നതിന് ഹെക്ടറിന് 5,000 രൂപയും മരുന്നു തളിക്കുന്നതിന് ഹെക്ടറിന് 7,500 രൂപയും ധനസഹായം നല്‍കുന്നുണ്ട്. റബ്ബര്‍ സബ്‌സിഡിക്കുള്ള തുക 600 കോടി രൂപയായി ഉയര്‍ത്തി.

റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം നടപ്പാക്കി. ഈ പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവിലയും റബ്ബര്‍ ബോര്‍ഡ് ദിവസേന നിശ്ചയിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം സബ്‌സിഡിയായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നുണ്ട്. ഒരു ഹെക്ടറില്‍ പ്രതിവര്‍ഷം 1,800 കിലോഗ്രാം റബ്ബറിനാണ് ആനുകൂല്യം നല്‍കുക. 5 ഹെക്ടറില്‍ താഴെ കൃഷിയുള്ള കര്‍ഷകര്‍ക്ക് പരമാവധി 2 ഹെക്ടറിന് ഈ സബ്‌സിഡി ലഭ്യമാകും. ഈ പദ്ധതിക്കായി നടപ്പുസാമ്പത്തിക വര്‍ഷം 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 600 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 2022-23-ല്‍ 40 കോടിയും 2023-24-ല്‍ 180 കോടിയും വിതരണം ചെയ്തു.

ഇതിനുപുറമെ റബ്ബര്‍ ഉത്പാദന സംഘങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി സംസ്‌കരണശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി 6 ലക്ഷം രൂപ വരെ ലഭ്യമാക്കുന്നുണ്ട്. റബ്ബര്‍ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി വിദ്യാഭ്യാസ സഹായം, വൈദ്യസഹായം, ഭവനനിര്‍മ്മാണ സഹായം, വനിതകള്‍ക്കുള്ള പ്രത്യേക ധനസഹായം, പെന്‍ഷന്‍ പദ്ധതി എന്നിവ നടപ്പാക്കി വരുന്നുണ്ട്.

റബ്ബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കേരള റബ്ബര്‍ ലിമിറ്റഡിന്റെ നിര്‍മ്മാണം കോട്ടയം ജില്ലയിലെ വെള്ളൂരില്‍ നടന്നുവരുന്നു. 1050 കോടി രൂപ ആകെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ ലാറ്റക്‌സ് അധിഷ്ഠിത ഉത്പന്നങ്ങളുടെ നിര്‍മ്മാണ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്നതിനൊപ്പം സിയാല്‍ മാതൃകയില്‍ റബ്ബര്‍ സംഭരണവും ലക്ഷ്യമിടുന്നു. പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം റബ്ബര്‍ കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും നമുക്ക് സാധിക്കും

റബ്ബര്‍ മേഖലയുടെ കരുത്തു വീണ്ടെടുക്കുന്നതിനായുള്ള ശ്രമങ്ങളായാണ് ഇതിനെ കാണേണ്ടത്. നിലനില്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുന്നതിനുള്ള വലിയ സമ്മര്‍ദ്ദവും അതിനു അനിവാര്യമാണ്. അതിനു വേണ്ടി കേരളമാകെ ഒറ്റക്കെട്ടായി നില്‍ക്കണം. ഒരുമിച്ച് ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാം.

ആലപ്പുഴ ജില്ലയില്‍ നവകേരള സദസ്സിന്റെ ഭാഗമായി ഇന്നലെ ലഭിച്ച നിവേദനങ്ങള്‍: കായംകുളം - 4800, മാവേലിക്കര - 4117, ചെങ്ങന്നൂര്‍ - 4916.

ജില്ലയിലെ ആകെ എണ്ണം: 53044.

പത്തനംതിട്ട ജില്ലയില്‍: തിരുവല്ല - 4840.

CM Pinarayi | റബര്‍ കര്‍ഷകര്‍ ദുരിതങ്ങള്‍ നേരിടുന്ന ഘട്ടത്തില്‍ അതിനെ കൂടുതല്‍ ആഴത്തിലേയ്ക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയര്‍ കംപനികള്‍ നടത്തുന്നത്; മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാര്‍ നല്‍കിയ നിവേദനത്തിന് നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍



Keywords: News, Kerala, Kerala-News, Malayalam-News, Politics-News, Chief Minister, CM, Pinarayi Vijayan, Press Conference, Press Meet, Pathanamthitta News, Rubber Farmers, Rubber Board, MPs, Central Government, Crisis, Manjeswaram, Nava Kerala Sadas, Chief Minister Pinarayi Vijayan's press conference in Pathanamthitta.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia