Condolence | മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു; അന്ത്യാഞ്ജലി അര്‍പിച്ച് സ്പീകര്‍; നവകേരള കര്‍മപദ്ധതി ജില്ലാ മിഷന്‍ യോഗം മാറ്റിവെച്ചു

 


ചെറുവത്തൂര്‍: (KVARTHA) തൃക്കരിപ്പൂര്‍ മുന്‍ എം എല്‍ എയും സി പി എം സംസ്ഥാന കമിറ്റിയംഗവുമായിരുന്ന കെ കുഞ്ഞിരാമന്റെ (80) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മികച്ച സംഘാടകനും നിയമസഭാ സമാജികനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുപ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ തന്നെ ആയുര്‍വേദ വൈദ്യന്‍ എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സ്പീകര്‍ എഎന്‍ ശംസീര്‍ അന്ത്യാഞ്ജലി അര്‍പിച്ചു.

നിര്യാണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച (14-12 -2023) നടത്താനിരുന്ന നവകേരളം കര്‍മ്മ പദ്ധതി കാസര്‍കോട് ജില്ലാ മിഷന്‍ യോഗം മാറ്റി വെച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി പിലിക്കോട് മട്ടലായിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു കെ കുഞ്ഞിരാമന്‍. രണ്ടു ദിവസംമുമ്പ് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച (13.12.2023) രാത്രി 12 മണിയൊടെയായിരുന്നു അന്ത്യം. നിലവില്‍ സി പി എം ചെറുവത്തൂര്‍ ഏരിയാകമിറ്റിയംഗമായിരുന്നു.

മൃതദേഹം വ്യാഴാഴ്ച കാലിക്കടവ് സി കൃഷ്ണന്‍ നായര്‍ സ്മാരക മന്ദിരത്തിലും ചെറുവത്തൂര്‍ കാരി വി വി സ്മാരക മന്ദിരത്തിലും ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും പൊതുദര്‍ശനത്തിന് വെച്ച ശേഷം, ഉച്ചക്ക് ഒരുമണിക്ക് പിലിക്കോട് മട്ടലായിയിലെ വീട്ടിലെത്തിക്കും. മൂന്നുമണിക്ക് സംസ്‌കാരം നടക്കും.

1994 മുതല്‍ 2004 വരെ രണ്ട് തവണ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സംസ്ഥാന കമ്മിറ്റിയംഗവും 2006 മുതല്‍ 16 വരെ രണ്ട് തവണ തൃക്കരിപ്പൂര്‍ എം എല്‍ എയുമായിരുന്നു.

ചെറുവത്തൂരിലെ പാരമ്പര്യ വൈദ്യ കുടുംബാംഗമായിരുന്നു. 1943 നവംബര്‍ 10ന് തുരുത്തി വപ്പിലമാട് കെ വി കുഞ്ഞുവൈദ്യരുടെയും കുഞ്ഞിമാണിക്കത്തിന്റെയും മകനായി ജനിച്ചു. വൈദ്യരായിരുന്ന പിതാവ്, മകനെ തന്റെ പാതയിലേക്ക് കൊണ്ടുവരാനാണു തീരുമാനിച്ചത്.

വടകര സിദ്ധാശ്രമത്തില്‍ സംസ്‌കൃതം പഠിക്കാന്‍ ചേര്‍ത്തു. തുടര്‍ന്ന് തൃപ്പൂണിത്തുറ ആയുര്‍വേദ കോളജില്‍ വൈദ്യം പഠിക്കാനും അയച്ചു. അവിടെയും കെ എസ് എഫിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായ കുഞ്ഞിരാമന്‍ 1967 മുതല്‍ 70 വരെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് എറണാകുളം ജില്ലാ പ്രസിഡന്റുമായി. പിന്നീട് നാലുവര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം വൈദ്യവൃത്തി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാവുകയായിരുന്നു.

കാരിയില്‍ ബ്രാഞ്ച് സെക്രടറി, ചെറുവത്തൂര്‍ ലോകല്‍ സെക്രടറി, നീലേശ്വരം ഏരിയാസെക്രടറി, കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ ജില്ലാ സെക്രടറിയറ്റംഗം എന്നീ പദവികളും വഹിച്ചു. 1979മുതല്‍ 84വരെ ചെറുവത്തൂര്‍ പഞ്ചായത് പ്രസിഡണ്ട് ആയിരുന്നു. പാനൂര്‍ സ്വദേശി എന്‍ ടി കെ സരോജിനിയാണ് ഭാര്യ. മക്കള്‍: സിന്ധു (മടിവയല്‍), ഷീന (കാരിയില്‍), ഷീജ (പയ്യന്നൂര്‍ സഹകരണ ആശുപത്രി), അനില്‍ (ചീമേനി കോളജ് ഓഫ് എന്‍ജിനീയറിങ്), സുനില്‍ (മട്ടലായി). മരുമക്കള്‍: ഗണേശന്‍ (റിട. ജില്ലാ ബാങ്ക് കാസര്‍കോട്), യു സന്തോഷ് (കേരളാ ബാങ്ക് നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശന്‍ പതിക്കാല്‍.

കെ കുഞ്ഞിരാമന്‍ എം എല്‍ എ ആയിരുന്ന കാലത്ത് തലിച്ചാലം, തട്ടാര്‍ക്കടവ്, ഓരിക്കടവ്, വെള്ളാപ്പ്, ഓര്‍ച്ച, കോട്ടപ്പുറം, നെടുങ്കല്ല്, കൊല്ലാട, കുണിയന്‍, തോട്ടുകര, കണ്ണങ്കൈ, രാമന്തളി തുടങ്ങിയ പാലങ്ങളുടെ വികസനത്തിനായി 125 കോടി രൂപയാണ് ചെലവഴിച്ചത്.

പെരുമ്പട്ട, തയ്യേനി, കയ്യൂര്‍, കോട്ടപ്പുറം തുടങ്ങിയ സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മിക്കാനായതും വികസന നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കയ്യൂര്‍ ഐ ടി ഐയെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തി. എട്ട് വിദ്യാലയങ്ങള്‍ക്ക് അസംബ്ലി ഹാള്‍, തൃക്കരിപ്പൂര്‍, ആയിറ്റി ബോട് ടെര്‍മിനല്‍, ഇടയിലക്കാട് ഫെസിലിറ്റേഷന്‍ സെന്റര്‍, സബ് രജിസ്ട്രാര്‍ ഓഫിസ്, എക്‌സൈസ് കോംപ്ലക്‌സ്, എളേരി കോളജ് കെട്ടിടം, കയ്യൂര്‍ ഐ ടി ഐ കെട്ടിടം, തൃക്കരിപ്പൂര്‍, നീലേശ്വരം സി എച് സി കെട്ടിടങ്ങള്‍, ചെറുവത്തൂര്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, പുത്തിലോട്ട് കോണ്‍ഫറന്‍സ് ഹാള്‍, നടക്കാവ് വലിയകൊവ്വല്‍ സ്റ്റേഡിയം എന്നിവയും വികസന നേട്ടങ്ങളില്‍ ചിലതാണ്. ഭീമനടി വനിതാ ഐ ടി ഐ ആരംഭിച്ചതും കുഞ്ഞിരാമന്‍ എം എല്‍ എ ആയിരുന്ന കാലത്താണ്.

എളമ്പച്ചി ഹോമിയോ ആശുപത്രി, തൃക്കരിപ്പൂര്‍, നീലേശ്വരം താലൂക് ആശുപത്രികള്‍, വലിയപറമ്പ്, ചീമേനി, തൃക്കരിപ്പൂര്‍, പടന്ന എന്നിവിടങ്ങളില്‍ ഹോമിയോ ഡിസ്‌പെന്‍സറി, ആയിറ്റിയില്‍ പുതുതായി രണ്ട് ബോടുകള്‍, ചെറുവത്തൂര്‍ ഫിഷിങ് ഹാര്‍ബര്‍, നിരവധി തീരദേശ മേഖലാ റോഡുകള്‍, മയ്യിച്ച, ചന്തേര എന്നിവിടങ്ങളില്‍ റെയില്‍ അന്‍ഡര്‍ പാസുകള്‍, എന്നിവ ഉള്‍പെടെ നിരവധി പദ്ധതികള്‍ ഈ കാലയളവില്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നു.

Condolence | മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു; അന്ത്യാഞ്ജലി അര്‍പിച്ച് സ്പീകര്‍; നവകേരള കര്‍മപദ്ധതി ജില്ലാ മിഷന്‍ യോഗം മാറ്റിവെച്ചു



Keywords: News, Kerala, Kerala-News, Obituary, Obituary-News, Chief Minister, CM, Pinarayi Vijayan, Condoles, Demise, Former MLA, K Kunhiraman, Death, Speaker, Final Tribute, A N Shamseer, Funeral, CPM, Politics, Party, Political Party, Chief Minister condoles demise of former MLA K Kunhiraman; Speaker paid last tribute.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia