Follow KVARTHA on Google news Follow Us!
ad

Media | സൗത്തുമില്ല നോർത്തുമില്ല, ഒരേയൊരു ഇന്ത്യ; ന്യൂസ് റൂമുകൾ വിഭാഗീയത വിളമ്പുമ്പോൾ സാധാരണ പ്രേക്ഷകൻ മനസിലാക്കേണ്ടതെന്ത്?

വോട്ട് ചെയ്യുന്നത് ജനാധിപത്യത്തോടുമുള്ള കൂറുകൊണ്ടാണ് Election, Result, Politics, ദേശീയ വാർത്തകൾ
/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) നാല്‌ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസം വന്നപ്പോൾ ന്യൂസ് റൂമുകളിൽ കേട്ട ബഹളം തെലുങ്കാനയെ കുറിച്ചായിരുന്നു. ഇന്ത്യയെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരേ സമയം രണ്ടു വ്യത്യസ്ത ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയെന്നത് സ്വാഭാവികവുമാണ്. നാലിടങ്ങളിളും ബിജെപിയും കോൺഗ്രസും തമ്മിലുള്ള ദ്വന്ദയുദ്ധമാണ് നടന്നത്. മിസോറാമിലൊഴിച്ചു മറ്റൊരിടത്തും പ്രാദേശിക കക്ഷികൾക്ക് പ്രസക്തിയുണ്ടായിരുന്നില്ല. തോറ്റാലും ജയിച്ചാലും രാജ്യമാകെ വേരുകളുള്ള കോൺഗ്രസ് തന്നെയാണ് ഇന്നും ബിജെപിയുടെ മുഖ്യ എതിരാളി.


ഇന്ത്യ മുന്നണിയുമായി സഹകരിച്ചു പോകാതെ കോൺഗ്രസ് തനിച്ചു സ്വന്തം മസിൽ പവർ കാണിക്കാൻ ഇറങ്ങിയതാണ് ഇക്കുറി തിരിച്ചടിയുടെ വീര്യം കൂട്ടിയത്. കിട്ടേണ്ടത് കിട്ടിയപ്പോൾ കോൺഗ്രസ് അതു ഇപ്പോൾ തിരിച്ചറിയുന്നുമുണ്ട്. തിരിച്ചടി താൽക്കാലികമാണെന്നും ഇന്ത്യാ മുന്നണി യോഗം അടിയന്തിരമായി വിളിച്ചു ചേർക്കുമെന്നും പാർട്ടി അഖിലേന്ത്യാധ്യക്ഷൻ ഖാർഗെ പറഞ്ഞതിന്റെ പൊരുളും അതു തന്നെയാണ്.
  
Media, Election

ന്യൂസ് റൂമുകളിലെ വെപ്രാളങ്ങൾ

രാജ്യത്ത് വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് നാലു മാസങ്ങൾക്കിപ്പുറം നടക്കുന്ന സെമി ഫൈനൽ എന്നു വിശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധിയെ അതിവേഗം ജനങ്ങളിലെത്തിക്കാനുള്ള വെപ്രാളത്തിലായിരുന്നു നമ്മുടെ ന്യൂസ് റൂമുകൾ. വൻ നിര തന്നെ വാർത്താ അവതരണത്തിലും വിശകലനത്തിലും നിരന്നു നിന്നു. സ്റ്റുഡിയോയിൽ ചായ കൊണ്ടുവന്ന പയ്യൻ വരെ ഈ കാര്യത്തിൽ കയറി മേഞ്ഞുവെന്ന പരിഹസിച്ചു പറയുന്നവരുണ്ട്. എന്തു തന്നെയായാലും ന്യൂസ് റൂമുകളിൽ പലതിനും തെരഞ്ഞെടുപ്പ് വിശകലനം കൈകാര്യം ചെയ്യുമ്പോൾ കൺട്രോൾ പോയിയെന്നുള്ളതാണ് വസ്തുത.

വലിയ ബഹളങ്ങൾ കൊണ്ടു ശ്രദ്ധ നേടാൻ ശ്രമിക്കുന്ന റിപ്പോർട്ടർ ചാനലാണ് ഇതിൽ ഏറ്റവും ഭീകരമായി തോന്നിയത്. 24 ചാനലിൽ നിന്നും കൂട്ടത്തോടെ കുറ്റി പറിച്ചെത്തിയ മാധ്യമ സിംഹങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ നിഷ്പക്ഷ വിലയിരുത്തൽ നടത്തുന്നതിന് പകരം സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ ഉയർത്തി പിടിച്ചു ചക്കാളത്തി പോരു നടത്തി പ്രേക്ഷകരെ വെറുപ്പിച്ചുവോയെന്ന ചോദ്യമാണ് ഉയരുന്നത്.
ഡോ. അരുൺ കുമാർ, സുജയ പാർവതി, സ്മൃതി പരുത്തിക്കാട്, ഉണ്ണി ബാലകൃഷ്ണൻ എന്നിവരായിരുന്നു പതിവു പോലെ രംഗത്തുണ്ടായിരുന്നു.

ഇതിൽ ഇപ്പോൾ വന്ന തെരഞ്ഞെടുപ്പ് ഫലത്തെ തനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയുന്നില്ലെന്നു തുറന്നു പറയുന്നതായിരുന്നു അരുൺ കുമാറിന്റെ വാഗ്ധോരണി. കടുത്ത ഇടതുപക്ഷ വിശ്വാസവും അന്ധമായ ബിജെപി വിരുദ്ധതയു കൊണ്ട് തെരഞ്ഞെടുപ്പ് വിശകലനത്തെ മറ്റൊരു രീതിയിൽ കാണുകയായിരുന്നു അദ്ദേഹം. ഒരു ഘട്ടത്തിൽ ബിജെപിക്ക് വോട്ടുചെയ്തത് നിരക്ഷരരായ ജനങ്ങളാണെന്നും അദ്ദേഹം കടത്തി പറഞ്ഞു. സൗത്ത് ഇന്ത്യയിൽ ബിജെപിക്ക് എൻട്രി പ്രതീക്ഷിക്കേണ്ടെന്നും നോർത്ത് ഇന്ത്യയിൽ മാത്രമേ അവർക്ക് വിജയം നേടാൻ കഴിയുകയുള്ളുവെന്നും അരുൺ കുമാർ താത്വിക വിശലകനം നടത്തുകയും ചെയ്തു ഇതിനെ എതിർത്തുകൊണ്ടു സുജയ പാർവതിയെന്ന ബിജെപി അനുകൂല മാധ്യമ പ്രവർത്തക നടത്തിയ ഇടപെടലുകൾ പരസ്പരമുള്ള വാഗ്വാദത്തിൽ പതിവു പോലെ കലാശിക്കുകയും ചെയ്തു.

സൗത്തുമില്ല നോർത്തുമില്ല ഒരേയൊരു ഇന്ത്യ

നേരത്തെ ഒരു വിഭാഗം മാധ്യമ പ്രവർത്തകരും ചില ഇടതു ബുദ്ധിജീവികളും ഊന്നി പറഞ്ഞിരുന്ന ആശയങ്ങളിലൊന്നാണിത്. South Indian enclave ഒക്കെ ഇതിന്റെ ഭാഗമായി സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ചു മാധ്യമ ബുദ്ധിജീവി, സ്വ ചിന്തകരുടെ സംഗമം നടത്തുമെന്ന പ്രചാരണവുമുണ്ടായി. രാജ്യം ഭരിക്കുന്ന ബിജെപിയെ ചെറുക്കുന്ന സംസ്ഥാനങ്ങളാണ് സൗത്ത് ഇന്ത്യയിലുള്ളത്. അതുകൊണ്ടു തന്നെ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധത്തിന്റെ ഉറവിടമായും നിഷ്പക്ഷ ബുദ്ധിജീവികൾ സൗത്ത് ഇന്ത്യയെ വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിൽ അന്തർലീനമായ ഒരു വിഭാഗിയതയുടെ ധ്വനി പലപ്പോഴും പുറത്തു വരുന്നുണ്ട്.

ഇന്ത്യയെന്ന മഹാരാജ്യം നാളെ ബിജെപി മാത്രമല്ല മറ്റു പലരും ഭരിച്ചേക്കും. അത്രമാത്രം സാധ്യതകൾ ഈ ജനാധിപത്യ രാജ്യത്തുണ്ട്. കോൺഗ്രസോ ആപ്പോ ഭാവിയിൽ ഇന്ത്യ ഭരിക്കില്ലെന്ന് പറയാനാവില്ല. എന്നാൽ ബിജെപിയുടെ സാന്നിധ്യം മാത്രം പരിഗണിച്ച് സൗത്ത് അല്ലെങ്കിൽ നോർത്ത് എന്നൊക്കെ ജനങ്ങൾ കാണുന്ന ചാനലിൽ കയറി ഒരു പരിണിതപ്രഞ്‌ജനായ മാധ്യമ പ്രവർത്തകൻ തന്നെ ഊന്നി ഊന്നി പറയുമ്പോൾ എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്. പലയിടങ്ങളിൽ പലസംസ്കാരങ്ങൾ നിലനിൽക്കുന്ന നാനാത്വത്തിൽ ഏകത്വം, ഇതല്ല സ്വാതന്ത്രാനന്തരം ആദ്യ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു പറഞ്ഞ നമ്മുടെ നാട്. ഈ സവിശേഷതയെ ഇങ്ങനെ വേർതിരിച്ചെടുത്തു പ്രത്യേക സന്ദർഭങ്ങളിലെടുത്തു പറയുന്നത് സദുദ്ദേശപരമാണോയെന്ന ആശങ്ക പ്രേക്ഷകരിൽ നിന്നുമുയരുന്നണ്ട്.

രാജ്യത്തെ കാശ്മീർ മുതൽ കന്യാകുമാരി ഒറ്റക്കെട്ടായി കാണുന്ന ഒരേയൊരു ഇന്ത്യയെന്ന ആശയം വിസ്മരിക്കുന്ന രീതിയിലുള്ള പരാമർശം ആരുടെ പക്ഷത്തു നിന്നുവന്നാലും ഗുരുതര വീഴ്ച തന്നെയാണ്. തെരഞ്ഞെടുപ്പ് വരും പോകും മോദിയോ രാഹുലോ, കൊജ്രിവാളോ ഇനിയും ഇന്ത്യ ഭരിച്ചേക്കാം. ഇതിനൊക്കെ കാരണമാവുന്നത് ദേശഭേദമില്ലാതെ ഇന്ത്യൻ പൗരൻമാർ അഞ്ചു വർഷം കൂടുമ്പോൾ വോട്ടുചെയ്യുന്നത് നമ്മുടെ ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള കൂറുകൊണ്ടാണെന്ന് മറന്നു പോവരുത്, ഇന്ത്യ ജീവിക്കുന്നത് ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ്. അല്ലാത ഇലക്ട്രോണിക്സ് വോട്ടിങ് മെഷീനിലല്ല.

(ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ലേഖകന്റെ സ്വന്തം അഭിപ്രായങ്ങളാണ്. ഇതിലെ പരാമർശങ്ങളിൽ സ്ഥാപനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് അറിയിക്കുന്നു - എഡിറ്റർ)

Keywords: News, Kerala, Kannur, Politics, Election, Result, Media, Electronic Voting Machine, Assembly election results and media.
< !- START disable copy paste -->

Post a Comment