Bill | പ്രതിപക്ഷത്തെ ഭൂരിപക്ഷം എംപിമാരേയും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ക്രിമിനല്‍ ബിലുകള്‍ പൊളിച്ചെഴുതുന്ന ബിലുകള്‍ ലോക് സഭയില്‍; വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

 


ന്യൂഡെല്‍ഹി: (KVARTHA) പ്രതിപക്ഷത്തെ ഭൂരിപക്ഷം എംപിമാരേയും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതാ, ഭാരതീയ സാക്ഷ്യ ബിലുകള്‍(Bill) വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്കുവെച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ.

Bill | പ്രതിപക്ഷത്തെ ഭൂരിപക്ഷം എംപിമാരേയും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ക്രിമിനല്‍ ബിലുകള്‍ പൊളിച്ചെഴുതുന്ന ബിലുകള്‍ ലോക് സഭയില്‍; വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഇന്‍ഡ്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്‍ഡ്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിതാ ബിലുകളാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഈ ബിലുകള്‍ സഭയില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമിറ്റിക്ക് വിട്ട ബിലുകളില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെ മൂന്ന് ബിലുകളും കേന്ദ്രം പിന്‍വലിച്ചിരുന്നു. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമിറ്റിയുടെ ശുപാര്‍ശകള്‍ കൂടി ഉള്‍പെടുത്തിയ ബിലുകളാണ് അമിത് ഷാ ഇപ്പോള്‍ അവതരിപ്പിച്ചത്.

മൂന്നില്‍ രണ്ട് പ്രതിപക്ഷ എംപിമാരും സസ്പെന്‍ഡ് ചെയ്യപ്പട്ടതിന് പിന്നാലെയാണ് അമിത് ഷാ ബിലുകള്‍ വീണ്ടും അവതരിപ്പിക്കുന്നത്. 543 അംഗ ലോക്സഭയില്‍ പ്രതിപക്ഷത്ത് 199 എംപിമാരാണുള്ളത്. ഇതില്‍ 95 പേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇരുസഭകളിലും നിന്നായി 141 എംപിമാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തത്.

ക്രിമിനല്‍ നിയമങ്ങളില്‍ സമൂലമാറ്റം ലക്ഷ്യമിട്ടുള്ള മൂന്ന് ബിലുകള്‍ കഴിഞ്ഞ ഓഗസ്റ്റ് 11-ന് അമിത് ഷാ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് 18-ന് സ്റ്റാന്‍ഡിങ് കമിറ്റിക്ക് വിട്ട ബിലുകളില്‍ റിപോര്‍ട് സമര്‍പ്പിച്ചത് നവംബര്‍ പത്തിനായിരുന്നു. ബിലുകളില്‍ സുപ്രധാന ഭേദഗതികള്‍ കമിറ്റി നിര്‍ദേശിച്ചിരുന്നു.

അതേസമയം ഭൂരിപക്ഷം എംപിമാരും സഭയില്‍ നിന്നും പുറത്തുപോയ അവസരത്തില്‍ ബില്‍ അവതരിപ്പിച്ച സര്‍കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്രിമിനല്‍ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ബിലുകള്‍ ലോക്‌സഭയുടെ പരിഗണനയ്ക്ക് വെച്ച സാഹചര്യത്തില്‍ സഭയില്‍ നിന്ന് പ്രതിപക്ഷാംഗങ്ങളെ മാറ്റിനിര്‍ത്താനാണ് സര്‍കാരിന്റെ ഉദ്ദേശ്യമെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

പാര്‍ലമെന്റില്‍ നിന്ന് 141 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത കേന്ദ്രസര്‍കാര്‍ നടപടി എകാധിപത്യത്തെ കൂട്ടുപിടിച്ച് ബിജെപി സര്‍കാര്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്ന തങ്ങളുടെ ആരോപണത്തെ ശരിവെയ്ക്കുന്നതാണ്. പൗരന്മാരുടെ അവകാശങ്ങളെ തടയുന്ന അതിക്രൂരമായ അധികാരക്രമങ്ങള്‍ അനുവദിക്കുന്ന ക്രിമിനല്‍ നിയമഭേദഗതി പോലെയുള്ള പ്രധാനബിലുകള്‍ പരിഗണനയ്ക്കു വെച്ചതായി നമുക്കെല്ലാവര്‍ക്കുമറിയാം. ഈ ബിലുകള്‍ ചര്‍ച ചെയ്യപ്പെടുമ്പോള്‍ പ്രതിപക്ഷ സ്വരം രാജ്യത്തെ ജനങ്ങള്‍ കേള്‍ക്കാതിരിക്കാനാണ് മോദി സര്‍കാരിന്റെ ശ്രമം. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെല്ലാമാണ് അവര്‍ പയറ്റുന്നത് എന്നും ഖാര്‍ഗെ ആരോപിച്ചു.

പാര്‍ലമെന്റിലുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നും അതേക്കുറിച്ച് വിശദമായ ചര്‍ച നടത്തുകയും ചെയ്യണമെന്ന ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ലാ എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

ലോക്സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെയാണ് കൂട്ടത്തോടെ സ്പീകര്‍ സസ്‌പെന്‍ഡ് ചെയ്തത്.

Keywords:  2/3rd Opposition Missing, Lok Sabha Takes Up New Criminal Laws For Passage, New Delhi, News, Opposition Missing, Lok Sabha, Bill, Amit Shah, Criticism, Politics, Congress, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia