SC Verdict | 'പരാമാവധി ശിക്ഷ നല്‍കാന്‍ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല'; അപകീര്‍ത്തി കേസില്‍ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു; മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

 


ന്യൂഡെല്‍ഹി: (www.kvartha.com) മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു. കേസില്‍ രാഹുലിന് പരാമാവധി ശിക്ഷ നല്‍കാന്‍ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും. രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് കിട്ടും. സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി. സുപ്രിംകോടതിയുടെ വാദം പൂര്‍ത്തിയായി. അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.

പരാമവധി ശിക്ഷ നല്‍കുന്നതിന് വലിയ പ്രത്യാഘാതങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹം ലോക്‌സഭാംഗമായ വയനാട് മണ്ഡലത്തെയും ഇതു ബാധിക്കുമെന്നും കോടതി പറഞ്ഞു. 1 വര്‍ഷവും 11 മാസവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നതെങ്കില്‍ ലോക്‌സഭാംഗത്വത്തെ ബാധിക്കില്ലായിരുന്നുവെന്ന് വാദത്തിനിടെ തന്നെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചിരുന്നു. 

സ്റ്റേ അനുവദിക്കണമെങ്കില്‍ അതിശക്തമായ കാരണം ഉണ്ടാകണമെന്ന് അപകീര്‍ത്തി കേസില്‍ പരാതി നല്‍കിയ പൂര്‍ണേഷ് മോദിക്ക് വേണ്ടി മഹേഷ് ജഠ്മലാനി ചൂണ്ടിക്കാട്ടിയപ്പോള്‍ വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ഗവായി പറഞ്ഞത്. ഒരു മണ്ഡലം ജനപ്രതിനിധി ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്ന് കോടതി ചോദിച്ചു. 

പരാമവധി ശിക്ഷ കൊടുക്കുന്നതിന് വിചാരണക്കോടതി സ്വീകരിച്ച യുക്തിയെക്കുറിച്ചു കോടതി പരാമര്‍ശിച്ചു. ഒരാളുടെ അവകാശം മാത്രമല്ല, ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ മുഴുവന്‍ വിഷയമാണ്. ഇക്കാര്യം വിചാരണക്കോടതി പരിഗണിച്ചായിരുന്നോ? എംപിയെന്ന നിലയുള്ള പരിഗണന നല്‍കാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്  കോടതി ചൂണ്ടിക്കാട്ടി. 

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനുറ്റാണ് സമയം അനുവദിച്ചിരുന്നത്. സ്റ്റേ ആവശ്യം ഗുജറാത് ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീം കോടതിയില്‍ അപീല്‍ നല്‍കിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനുവേണ്ടി ഹാജരായത്. ഗുജറാതിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് പരാതിക്കാരന്‍. സുപ്രീം കോടതയില്‍ സമര്‍പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

പരാതിക്കാരന്റെ വാദങ്ങള്‍

യഥാര്‍ഥ വിഷയങ്ങള്‍ പറയുന്നില്ലെന്നും രാഹുല്‍ നടത്തിയ 50 മിനുറ്റ് പ്രസംഗത്തിന്റെ പൂര്‍ണരൂപമുണ്ടെന്നും അദ്ദേഹം വാദിച്ചു. മനപൂര്‍വമാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയോടുള്ള വിരോധത്തെ ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിക്കാന്‍ ഉപയോഗിച്ചു. വാക്കുകളില്‍ ഇത് ഒളിച്ചു കടത്തി. പ്രസംഗം ഓര്‍മ്മയില്ലെന്ന് രാഹുല്‍ പറഞ്ഞത് നുണയാണെന്നും അവര്‍ വാദിച്ചു. ഈ ഘട്ടത്തില്‍ ഒരു ദിവസം അമ്പത് പ്രസംഗം നടത്തുന്നവര്‍ എല്ലാം എങ്ങനെ ഓര്‍ത്തിരിക്കുമെന്ന് കോടതി ചോദിച്ചു.

വിചാരണ കോടതി രണ്ട് വര്‍ഷം എന്ന പരാമവധി ശിക്ഷയാണ് നല്‍കിയതെന്ന് പരാതിക്കാര്‍ വാദിച്ചു. തിരിച്ചറിയപ്പെടുന്ന സമുദായത്തെ ആകെ അധിക്ഷേപിച്ചതാണ് കുറ്റം. 9 സാക്ഷികളും ഇത് അംഗീകരിക്കുന്നു. ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന കോടതി വിധി പിന്‍വാതിലിലൂടെ അട്ടിമറിക്കുന്നതാകും സ്റ്റേയെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന സീറ്റ് ഒഴിഞ്ഞ് കിടക്കുന്നത് പ്രശ്‌നമല്ലേയെന്ന് കോടതി ചോദിച്ചു. 

വിചാരണ കോടതി രണ്ട് വര്‍ഷം എന്ന പരാമവധി ശിക്ഷയാണ് നല്‍കിയതെന്ന് പരാതിക്കാര്‍ വാദിച്ചു. തിരിച്ചറിയപ്പെടുന്ന സമുദായത്തെ ആകെ അധിക്ഷേപിച്ചതാണ് കുറ്റം. 9 സാക്ഷികളും ഇത് അംഗീകരിക്കുന്നു. ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന കോടതി വിധി പിന്‍വാതിലിലൂടെ അട്ടിമറിക്കുന്നതാകും സ്റ്റേയെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന സീറ്റ് ഒഴിഞ്ഞ് കിടക്കുന്നത് പ്രശ്‌നമല്ലേയെന്ന് കോടതി ചോദിച്ചു. 

വിധി

എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്ന് കോടതി ആവശ്യപ്പെട്ടു. ഒരു വര്‍ഷവും 11 മാസവും ശിക്ഷിച്ചാല്‍ പോലും രാഹുല്‍ ഗാന്ധി അയോഗ്യനാവില്ലായിരുന്നു. മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ചു. 

സ്ഥിരമായി ഇത്തരം പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തുവെന്ന് പരാതിക്കാരന്‍ കുറ്റപ്പെടുത്തി. ചൗക്കി ദാര്‍ ചോര്‍ എന്ന പരാമര്‍ശവും കോടതിയില്‍ പരാതിക്കാരന്‍ ഉയര്‍ത്തി. റഫാല്‍ ഇടപാടില്‍ മോദി പണം കട്ടുവെന്ന് സുപ്രീം കോടതി പറഞ്ഞെന്ന് രാഹുല്‍ പ്രസംഗിച്ചുവെന്നും കോടതിയുടെ ഉത്തരവ് പോലും വളച്ചൊടിച്ചുവെന്നും രാഹുലിനെതിരെ പരാതിക്കാര്‍ ആരോപിച്ചു. കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി രാഹുലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിലെ പ്രസംഗത്തില്‍ രാഹുല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഒരു സന്ദേശം ഈ ശിക്ഷയില്‍ നിന്ന് ലഭിക്കണം. അതിനായി പരാമവധി ശിക്ഷയായ രണ്ട് വര്‍ഷം തന്നെ നല്‍കണമെന്നും അതില്‍ കുറവ് വരുത്തരുതെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

പരമാവധി ശിക്ഷ എന്തിനായിരുന്നുവെന്ന് ജസ്റ്റിസ് നരസിംഹ ഈ ഘട്ടത്തില്‍ ചോദിച്ചു. പിന്നാലെ അഞ്ച് മിനിറ്റ് നേരത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചേര്‍ന്ന കോടതി, അപകീര്‍ത്തി കേസില്‍ എന്തിനാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്ന് വിചാരണക്കോടതി വ്യക്തമാക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ശിക്ഷാ വിധി സ്റ്റേ ചെയ്തതായി അറിയിക്കുകയായിരുന്നു.

കേസിനാസ്പദമായ സംഭവം ഇങ്ങനെ: 

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍, 'മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?' എന്നു നടത്തിയ പരമാര്‍ശമാണ് കേസിനടിസ്ഥാനം. പൂര്‍ണേശ് മോദി നല്‍കിയ പരാതിയില്‍ മാര്‍ച് 23നു സൂറത്ത് മജിസ്‌ട്രേട് കോടതി രാഹുലിന് 2 വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ജില്ലാ കോടതിയേയും ഗുജറാത് ഹൈകോടതിയേയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സൂറത്ത് മജിസ്‌ട്രേട് കോടതിയുടെ വിധിക്ക് പിന്നാലെ രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു. 

അതേസമയം, മജിസ്‌ട്രേട് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപീല്‍ ഇപ്പോഴും സൂറത്ത് ജില്ലാ കോടതിയിലുണ്ട്. അപീലില്‍ തീര്‍പ്പുണ്ടാകുംവരെ സൂറത്ത് ജില്ലാ കോടതി രാഹുലിനു ജാമ്യം നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അറസ്റ്റ് ഭീഷണിയില്ല. 

SC Verdict | 'പരാമാവധി ശിക്ഷ നല്‍കാന്‍ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല'; അപകീര്‍ത്തി കേസില്‍ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു; മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം


Keywords:  News, National, National-News, Modi Surname Case, SC, Rahul Gandhi, Plea, Gujarat, Court Verdict, Modi Surname Case: SC to hear Rahul Gandhi's plea against Gujarat court verdict.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia