KT Jaleel | '56 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരാളുടെ ഒരു ചില്ലിക്കാശിന്റെ കറ എന്റെ ദേഹത്ത് പറ്റിയിട്ടുണ്ടെന്ന് ലീഗോ യൂത് ലീഗോ തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ ഇനാം നല്‍കും'; പറയുന്നത് ആദ്യം പ്രാവര്‍ത്തികമാക്കി മറ്റുള്ളവരോട് അഭ്യര്‍ഥിക്കുന്ന ശീലമേ ഉള്ളൂ; അന്നും ഇന്നും ആരില്‍ നിന്നെങ്കിലും പിരിച്ച് മുക്കുന്ന ഏര്‍പ്പാട് എനിക്കില്ലെന്നും കെ ടി ജലീല്‍

 


മലപ്പുറം: (www.kvartha.com) 'ഖ്വാഇദെമില്ലത്ത് സാധ'വുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍. ഫേസ് ബുക് പോസ്റ്റിലൂടെയാണ് ജലീലിന്റെ പ്രതികരണം. തനിക്കെതിരെ കള്ളപ്രചരണം നടത്താന്‍ ലീഗ് സൈബര്‍ പോരാളികള്‍ വിഷയം വ്യാപകമായി ഉപയോഗിച്ചുവെന്നും 'താനൂരിന്റെ കണക്കും' പൊക്കിപ്പിടിച്ച് സമൂഹമാധ്യമങ്ങളില്‍ അവര്‍ തിമര്‍ത്താടുന്നത് കൊണ്ടാണ് പഴയ കാര്യങ്ങള്‍ വീണ്ടും ഓര്‍മിപ്പിച്ച് പോസ്റ്റിടേണ്ടി വന്നതെന്നും പറഞ്ഞ ജലീല്‍ അതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

മന്ത്രിയായിരുന്ന കാലത്ത് താനൂരിലെ അനിഷ്ടസംഭവത്തിന്റെ പശ്ചാതലത്തില്‍ അന്ന് മന്ത്രിയായിരുന്ന ഞാന്‍ കേടുപാടുകള്‍ പറ്റിയ സഹോദര മതസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രഖ്യാപിച്ചിരുന്നുവെന്നും ജലീല്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. അതിലേക്കുള്ള വ്യക്തിപരമായ തന്റെ വിഹിതമായ 25000 രൂപ താനൂര്‍ എംഎല്‍എയും ഇപ്പോഴത്തെ മന്ത്രിയുമായ വി അബ്ദുറഹിമാന് ബാങ്ക് മുഖേന കൈമാറിയ വിവരവും അദ്ദേഹം എടുത്തു പറഞ്ഞു. പറയുന്നത് ആദ്യം പ്രാവര്‍ത്തികമാക്കി മറ്റുള്ളവരോട് അഭ്യര്‍ഥിക്കുന്ന ശീലമേ തനിക്കുള്ളൂ എന്നും ജലീല്‍ വ്യക്തമാക്കി.

അന്ന് ഫേസ്ബുകില്‍ കുറിച്ചത് പണം തന്നവരുടെ പേരുകളല്ലെന്നും മറിച്ച് ആവശ്യമെങ്കില്‍ സംഭാവന നല്‍കാന്‍ തയാറായ എന്റെ സുഹൃത്തുക്കളുടെ പേരുകളാണെന്നും ജലില്‍ ചൂണ്ടിക്കാട്ടി. എന്നെപ്പോലെ എന്റെ സ്‌നേഹിതന്‍മാരായ നാലോ അഞ്ചോ പേരും അവര്‍ വാഗ്ദാനം ചെയ്ത പ്രകാരം പെട്ടന്നുതന്നെ പണം ബാങ്ക് മുഖേന റഹ് മാന് അയച്ച് കൊടുത്തുവെന്നും കുറച്ചു സംഖ്യയേ ആവശ്യം വരൂ എന്നതിനാല്‍ പണം നല്‍കാന്‍ മുന്നോട്ടു വന്നവരോട് അയക്കേണ്ടെന്ന് പറഞ്ഞതായും ജലീല്‍ പോസ്റ്റില്‍ വെളിപ്പെടുത്തി.

കിട്ടിയ സംഖ്യയില്‍ നിന്ന് കുറച്ചുസംഖ്യ രണ്ടോ മൂന്നോ കച്ചവടക്കാര്‍ക്ക് നല്‍കി. അതില്‍ കെ ആര്‍ ബേകറി ഉടമ ബാലേട്ടന്‍ എന്നയാള്‍ ഇനി താനൂരില്‍ കച്ചവടം തുടരുന്നില്ലെന്ന് തീരുമാനിക്കുകയും കെട്ടിട ഉടമയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഷോപ് അടക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്ന് തുറന്നുപറയുകയും ചെയ്തു.

മാത്രമല്ല, ബാലേട്ടന്‍ നഷ്ടം വന്നതിന് സഹായം വേണ്ടെന്ന് സ്‌നേഹത്തോടെ അറിയിക്കുകയും ചെയ്തു. അതോടെ റഹ് മാന്റെ അകൗണ്ടില്‍ എനിക്ക് പുറമെ പണമയച്ച സുഹൃത്തുക്കളുടെ പങ്കിലെ ബാക്കി സംഖ്യ താനൂരിലെ ഒരു പാവപ്പെട്ട സ്ത്രീക്ക് സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ വീടുണ്ടാക്കി കൊടുക്കുന്ന പദ്ധതിയിലേക്ക് പണമയച്ചവരുടെ സമ്മതപ്രകാരം ചിലവഴിക്കുകയായിരുന്നു. ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും ഇന്ന് ജീവിച്ചിരിപ്പുണ്ടെന്നും സംശയമുള്ളവര്‍ക്ക് അവരോട് ചോദിക്കാമെന്നും ജലീല്‍ പോസ്റ്റിലൂടെ അറിയിച്ചു.

ലീഗിലായിരുന്ന കാലത്തും ഇപ്പോഴും ആരില്‍ നിന്നെങ്കിലും പിരിച്ച് മുക്കുന്ന ഏര്‍പ്പാട് തനിക്കില്ലെന്നും ജലീല്‍ തറപ്പിച്ചുപറഞ്ഞു. യൂത് ലീഗ് സെക്രടറിയായിരിക്കെ സംസ്ഥാന സമ്മേളനം നടത്തിയ വകയില്‍ ഒന്‍പത് ലക്ഷത്തോളം രൂപ ബാക്കിയാക്കി ബാഫഖി യൂത് സെന്റര്‍ നവീകരിച്ച യൂത് ലീഗ് ജെനറല്‍ സെക്രടറിയാണ് താനെന്നും ജലില്‍ ഓര്‍മിപ്പിച്ചു.

സമ്മേളനത്തിന്റെ വരവ് ചിലവ് കണക്കുകള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കിയ സന്ദര്‍ഭം ഒരിക്കലും മറക്കില്ലെന്നും കണക്കുകളെല്ലാം നോക്കി ബാക്കിയായ ലക്ഷങ്ങള്‍ കണ്ട അദ്ദേഹം ചിരിച്ചു കൊണ്ട് തന്നെ അഭിനന്ദിക്കുകയും സമ്മേളനം നടത്തി പണം ബാക്കിയാവുന്നത് ലീഗില്‍ അപൂര്‍വമാണെന്ന് പറഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു.

ഒരാളില്‍ നിന്നും താനൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും പിരിച്ചിട്ടില്ല. പൊതുമരാമത്ത് പ്രവൃത്തികള്‍ എടുക്കുന്ന കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് പോലും ഒരു നയാപൈസ പിരിക്കാത്ത ഒരാള്‍ എങ്ങനെയാണ് ദുരന്തങ്ങളെ അവസരമായി കണ്ട് പണപ്പിരിവ് നടത്തുകയെന്നും ചോദിച്ച ജലീല്‍ 'പിരിവ് കല'യില്‍ ഞാനെന്നും തോറ്റിട്ടേയുള്ളൂവെന്നും വ്യക്തമാക്കുന്നു.

എന്റെ 56 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരാളുടെ ഒരു ചില്ലിക്കാശിന്റെ കറ എന്റെ ദേഹത്ത് പറ്റിയിട്ടുണ്ടെന്ന് ലീഗോ യൂത് ലീഗോ തെളിയിച്ചാല്‍ അവര്‍ക്ക് ഞാന്‍ ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നും ജലീല്‍ പ്രഖ്യാപിച്ചു.

പിരിക്കുന്ന ഓരോ രൂപക്കും പടച്ചതമ്പുരാനോട് കണക്കു പറയേണ്ടി വരും എന്ന ഉത്തമ ബോധ്യമാണ് ലീഗിലായിരുന്നപ്പോഴും ഇപ്പോഴും എന്നെ നയിക്കുന്നതെന്നും മരണം വരെ നാഥന്‍ അതു നിലനിര്‍ത്തിത്തരട്ടേ എന്ന് അഞ്ചുനേരവും പ്രാര്‍ഥിക്കാറുണ്ടെന്നും ജലീല്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

താനൂരിലെ അനിഷ്ടസംഭവത്തിന്റെ പശ്ചാതലത്തില്‍ അന്ന് മന്ത്രിയായിരുന്ന ഞാന്‍ കേടുപാടുകള്‍ പറ്റിയ സഹോദര മതസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള വ്യക്തിപരമായ എന്റെ വിഹിതമായ 25000 രൂപ താനൂര്‍ എം.എല്‍.എയും ഇപ്പോഴത്തെ മന്ത്രിയുമായ വി അബ്ദുറഹിമാന് ബാങ്ക് മുഖേന കൈമാറുകയും ചെയ്തു. പറയുന്നത് ആദ്യം പ്രാവര്‍ത്തികമാക്കി മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുന്ന ശീലമേ എനിക്കുള്ളൂ.

അന്ന് ഫേസ്ബുകില്‍ കുറിച്ചത് പണം തന്നവരുടെ പേരുകളല്ല. ആവശ്യമെങ്കില്‍ സംഭാവന നല്‍കാന്‍ തയാറായ എന്റെ സുഹൃത്തുക്കളുടെ പേരുകളാണ്. എന്നെപ്പോലെ എന്റെ സ്‌നേഹിതന്‍മാരായ നാലോ അഞ്ചോ പേരും അവര്‍ വാഗ്ദാനം ചെയ്ത പ്രകാരം പെട്ടന്നുതന്നെ പണം ബാങ്ക് മുഖേന റഹ്‌മാന് അയച്ച് കൊടുത്തു. കുറച്ചു സംഖ്യയേ ആവശ്യം വരൂ എന്ന് കണ്ടപ്പോള്‍ ബാക്കിയുള്ളവരോട് പണം അയക്കേണ്ടെന്നും അറിയിച്ചു.

കിട്ടിയ സംഖ്യയില്‍ നിന്ന് കുറച്ചുസംഖ്യ രണ്ടോ മൂന്നോ കച്ചവടക്കാര്‍ക്ക് നല്‍കി. കെ ആര്‍ ബേകറി ഉടമ ബാലേട്ടന്‍ ഇനി താനൂരില്‍ കച്ചവടം തുടരുന്നില്ലെന്ന് തീരുമാനിച്ചു. കെട്ടിട ഉടമയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഷോപ് അടക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്ന് അദ്ദേഹം ഞങ്ങളോട് പറയുകയും ചെയ്തു. ബാലേട്ടന്‍ നഷ്ടം വന്നതിന് സഹായം വേണ്ടെന്ന് സ്‌നേഹത്തോടെ അറിയിച്ചു. 

അതോടെ റഹ്‌മാന്റെ അക്കൗണ്ടില്‍ എനിക്ക് പുറമെ പണമയച്ച സുഹൃത്തുക്കളുടെ പങ്കിലെ ബാക്കി സംഖ്യ താനൂരിലെ ഒരു പാവപ്പെട്ട സ്ത്രീക്ക് സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ വീടുണ്ടാക്കി കൊടുക്കുന്ന പദ്ധതിയിലേക്ക് പണമയച്ചവരുടെ സമ്മതപ്രകാരം ചെലവിട്ടു. ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും ഇന്ന് ജീവിച്ചിരിപ്പുണ്ട്. ആരും മരിച്ചിട്ടില്ല. സംശയമുള്ളവര്‍ക്ക് അവരോട് ചോദിക്കാം.

ലീഗിലായിരുന്ന കാലത്തും ഇപ്പോഴും ആരില്‍ നിന്നെങ്കിലും പിരിച്ച് മുക്കുന്ന ഏര്‍പ്പാട് എനിക്കില്ല. യൂത്ത് ലീഗ് സെക്രട്ടറിയായിരിക്കെ സംസ്ഥാന സമ്മേളനം നടത്തിയ വകയില്‍ ഒന്‍പത് ലക്ഷത്തോളം രൂപ ബാക്കിയാക്കി ബാഫഖി യൂത്ത് സെന്റര്‍ നവീകരിച്ച യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയാണ് ഞാന്‍. സമ്മേളനത്തിന്റെ വരവ് ചെലവ് കണക്കുകള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കിയ സന്ദര്‍ഭം ഒരിക്കലും മറക്കില്ല. എല്ലാം നോക്കി ബാക്കിയായ ലക്ഷങ്ങള്‍ കണ്ട അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു: 'സമ്മേളനം നടത്തി പണം ബാക്കിയാവല്‍ ലീഗില്‍ അപൂര്‍വ്വമാണ്'. എന്റെ പുറത്ത് തങ്ങള്‍ രണ്ട് കൊട്ടും കൊട്ടി.

ഞാന്‍ ഒരാളില്‍ നിന്നും താനൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും പിരിച്ചിട്ടില്ല. പൊതുമരാമത്ത് പ്രവൃത്തികള്‍ എടുക്കുന്ന കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് പോലും ഒരു നയാപൈസ പിരിക്കാത്ത ഒരാള്‍ എങ്ങിനെയാണ് ദുരന്തങ്ങളെ അവസരമായി കണ്ട് പണപ്പിരിവ് നടത്തുക? 'പിരിവ് കല'യില്‍ ഞാനെന്നും തോറ്റിട്ടേയുള്ളൂ.

എന്റെ 56 വര്‍ഷ ജീവിതത്തിനിടയില്‍ ഒരാളുടെ ഒരു ചില്ലിക്കാശിന്റെ കറ എന്റെ ദേഹത്ത് പറ്റിയിട്ടുണ്ടെന്ന് ലീഗോ യൂത്ത്‌ലീഗോ തെളിയിച്ചാല്‍ അവര്‍ക്ക് ഞാന്‍ ഒരു ലക്ഷം രൂപ ഇനാം നല്‍കും. ഇത് വാക്കാണ്. വാക്കാണ് ഏറ്റവും വലിയ സത്യം.

പിരിക്കുന്ന ഓരോ രൂപക്കും പടച്ചതമ്പുരാനോട് കണക്കു പറയേണ്ടി വരും എന്ന ഉത്തമ ബോദ്ധ്യമാണ് ലീഗിലായിരുന്നപ്പോഴും ഇപ്പോഴും എന്നെ നയിക്കുന്നത്. മരണം വരെ നാഥന്‍ അതു നിലനിര്‍ത്തിത്തരട്ടേ എന്ന് അഞ്ചുനേരവും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. 'ഖ്വാഇദെമില്ലത്ത് സാധ'വുമായി ബന്ധപ്പെട്ടുണ്ടായ വിവാദം എനിക്കെതിരെ കള്ളപ്രചരണം നടത്താന്‍ ലീഗ് സൈബര്‍ പോരാളികള്‍ വ്യാപകമായി ഉപയോഗിച്ചു. 'താനൂരിന്റെ കണക്കും' പൊക്കിപ്പിടിച്ച് സമൂഹമാധ്യമങ്ങളില്‍ അവര്‍ തിമര്‍ത്താടുന്നത് കൊണ്ടാണ് പഴയ കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിച്ച് പോസ്റ്റിടേണ്ടി വന്നത്. ക്ഷമിക്കണം....

KT Jaleel | '56 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരാളുടെ ഒരു ചില്ലിക്കാശിന്റെ കറ എന്റെ ദേഹത്ത് പറ്റിയിട്ടുണ്ടെന്ന് ലീഗോ യൂത് ലീഗോ തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ ഇനാം നല്‍കും'; പറയുന്നത് ആദ്യം പ്രാവര്‍ത്തികമാക്കി മറ്റുള്ളവരോട് അഭ്യര്‍ഥിക്കുന്ന ശീലമേ ഉള്ളൂ; അന്നും ഇന്നും ആരില്‍ നിന്നെങ്കിലും പിരിച്ച് മുക്കുന്ന ഏര്‍പ്പാട് എനിക്കില്ലെന്നും കെ ടി ജലീല്‍


 

Keywords: KT Jaleel FB post about social media controversy in Tanur, Malappuram, News, Politics, Controversy, KT Jaleel, FB Post, Social Media, Muslim League, Youth League,  Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia