AMR Committee | എല്ലാ ബ്ലോകുകളിലും എഎംആര്‍ കമിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; കാര്‍സാപ് 2022 റിപോര്‍ട് പുറത്തിറക്കി; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം

 


തിരുവനന്തപുരം: (www.kvartha.com) എല്ലാ ബ്ലോകുകളിലും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (AMR) കമിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാര്‍സാപിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ആന്റിബയോടിക് സാക്ഷരതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് 191 ബ്ലോകുകളിലും എഎംആര്‍ കമിറ്റികള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബ്ലോക് ലെവല്‍ എഎംആര്‍ കമിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും, ഊര്‍ജിതപ്പെടുത്തുന്നതിനും വേണ്ടി ഉടന്‍ സര്‍കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും. ഇത്തരത്തില്‍ കേരളത്തിലെ എല്ലാ ആശുപത്രികളെയും ആന്റിബയോടിക് സ്മാര്‍ട് ആശുപത്രികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

കാര്‍സാപ് 2022ന്റെ റിപോര്‍ട് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ചര്‍ചകള്‍ നടക്കുകയും ചെയ്തു. കേരളത്തിലെ ആന്റിബയോടിക് പ്രതിരോധത്തിന്റെ തോത് അറിയുവാനും അതിനനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനുമാണ് 2022ലെ റിപോര്‍ട് പ്രസിദ്ധീകരിച്ചത്.

ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോടിക് പ്രതിരോധത്തിന്റെ തോത് കൂടുന്നതായി വിലയിരുത്തപ്പെട്ടു. മതിയായ കുറിപ്പടികള്‍ ഇല്ലാതെ ആന്റിബയോടിക് മരുന്നുകള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിനുപുറമേ കാലാവധി കഴിഞ്ഞ ആന്റിബയോടിക്കുകളെ നശിപ്പിക്കുന്ന രീതികളെക്കുറിച്ചും ചര്‍ച നടന്നു.

മത്സ്യകൃഷി, കോഴി വളര്‍ത്തല്‍, മൃഗപരിപാലനം എന്നിവയില്‍ ഒരുപോലെ തന്നെ ആന്റിബയോടിക് പ്രതിരോധത്തിന്റെ ആവശ്യകതയും അതിന്റെ ഭാഗമായി നടക്കുന്ന പഠനങ്ങളും യോഗത്തില്‍ ചര്‍ചയായി. എല്ലാവരും ചേര്‍ന്നുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഉയര്‍ന്നുവന്നു.

മനുഷ്യരില്‍ മാത്രമല്ല മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയില്‍ കൂടുതലായി അശാസ്ത്രീയമായ ആന്റിബയോടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമേ പരിസ്ഥിതിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ട്.

ആന്റിബയോടിക് സാക്ഷര കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി മലയാളത്തിലുള്ള നിര്‍ദേശങ്ങളും ചിത്രങ്ങളും അടങ്ങിയ എഎംആര്‍ ബുക്, ബ്ലോക് എഎംആര്‍ കമിറ്റികളും ജില്ലാ എഎംആര്‍ കമിറ്റികളും വഴി പൊതുജനങ്ങള്‍ക്ക് ആന്റിബയോടിക് പ്രതിരോധത്തിന്റെ അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മലയാളത്തിലുള്ള ലഘുലേഖകളും മന്ത്രി പ്രകാശനം ചെയ്തു.

AMR Committee | എല്ലാ ബ്ലോകുകളിലും എഎംആര്‍ കമിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; കാര്‍സാപ് 2022 റിപോര്‍ട് പുറത്തിറക്കി; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം

മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസര്‍ ഡോ. എംസി ദത്തന്‍, ഫുഡ് സേഫ്റ്റി കമീഷണര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെജെ റീന, മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഡബ്ല്യു എച് ഒ പ്രതിനിധി (ടെക്നികല്‍ ഓഫീസര്‍ ഫോര്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) ഡോ. അനുജ് ശര്‍മ, ലോകബാങ്ക് പ്രതിനിധി ഡോ. സതീഷ് ചന്ദ്രന്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, എഎംആര്‍ സര്‍വയലന്‍സ് നോഡല്‍ ഓഫീസര്‍ ഡോ. സരിത, കര്‍സാപ് നോഡല്‍ ഓഫീസര്‍ ഡോ. മഞ്ജുശ്രീ, വര്‍കിംഗ് കമിറ്റി കണ്‍വീനര്‍ ഡോ. അരവിന്ദ്, എസ് എച് എസ് ആര്‍ സി എക്സിക്യുടീവ് ഡയറക്ടര്‍ ഡോ. ജിതേഷ്, പബ്ലിക് ഹെല്‍ത് ലാബ് ഡയറക്ടര്‍ ഡോ. സുനിജ, ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ശിവപ്രസാദ്, ഡ്രഗ്സ് കണ്‍ട്രോളര്‍ ഡോ. സുജിത്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രടറി ഡോ. ഷീല മോസസ്, ഫിഷറീസ് ആന്‍ഡ് അക്വകള്‍ചര്‍ നോഡല്‍ ഓഫീസര്‍ ഡോ. ദേവിക പിള്ള, മൃഗസംരക്ഷണ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. സഞ്ജയ്, സ്റ്റുഡന്റ് എഡ്യൂകേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. റിയാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords:  Kerala becomes the first state to establish AMR committee in all blocks, Thiruvananthapuram, News, Health, Health and Fitness, Health Minister, Veena George, Meeting, Hospital, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia