Chandhini | പൊന്നോമന മകള്‍ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു; എത്തിയതോ ചേതനയറ്റ ശരീരം; വീട്ടില്‍ നിന്നും ഉയര്‍ന്നത് കൂട്ടനിലവിളികള്‍; മാതാപിതാക്കളുടെ കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു

 


ആലുവ: (www.kvartha.com) കാണാതായ മകള്‍ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ചുവയസ്സുകാരി ചാന്ദ്‌നിയുടെ മാതാപിതാക്കളായ രാംധര്‍ തിവാരിയും നീതു കുമാരിയും. എന്നാല്‍ വളരെ വൈകി അവരെ കാത്തിരുന്നതാകട്ടെ മകളുടെ മരണ വാര്‍ത്തയും.

മകള്‍ തിരിച്ചുവരില്ലെന്നും അവള്‍ മരിച്ചുവെന്നുമുള്ള സത്യം ഉള്‍ക്കൊള്ളാന്‍ ആ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. വീട്ടില്‍ നിന്നും കൂട്ട നിലവിളികള്‍ ഉയരുമ്പോള്‍ അത് കണ്ടുനില്‍ക്കുന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു. മാലിന്യ കൂമ്പാരത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയതോടെ കൊല്ലപ്പെട്ടത് ചാന്ദ്‌നി തന്നെയെന്ന് സ്ഥിരീകരിക്കാന്‍ പിതാവിനെ സ്ഥലത്തെത്തിച്ചു.

മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെയും നീതു കുമാരിയുടെയും മകളാണ് കൊല്ലപ്പെട്ട ചാന്ദ്‌നി. തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെണ്‍മക്കളുമാണ് രാംധറിനുള്ളത്.

മക്കളില്‍ രണ്ടാമത്തെയാളാണ് ചാന്ദ്‌നി. രാംധറും ഭാര്യ നീതു കുമാരിയും വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ആലുവയിലെ പെരിയാര്‍ തീരത്ത് ശനിയാഴ്ചയാണു ചാന്ദ്നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്.

മാലിന്യക്കൂമ്പാരത്തിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയെ പണം വാങ്ങിച്ചു മറ്റൊരാള്‍ക്കു കൈമാറിയെന്നായിരുന്നു പിടിയിലായ അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണു കുട്ടിയെ കൈമാറിയതെന്നും സകീര്‍ ഹുസൈന്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക് പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ അസ്ഫാക് മാത്രമാണ് കൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

വെള്ളിയാഴ്ച രാത്രിയാണ് അസഫാകിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അമിതമായ ലഹരിയിലായിരുന്നു പിടിക്കപ്പെടുമ്പോള്‍ അസഫാക് എന്നും ചോദ്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും പൊലീസ് രാവിലെ അറിയിച്ചിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയ വിവരം അറിയിക്കുന്നത്.

Chandhini | പൊന്നോമന മകള്‍ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു; എത്തിയതോ ചേതനയറ്റ ശരീരം; വീട്ടില്‍ നിന്നും ഉയര്‍ന്നത് കൂട്ടനിലവിളികള്‍; മാതാപിതാക്കളുടെ കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു


Keywords: Tragic end to kidnapping ordeal: Body of 5-year-old Chandhini found near Aluva market,  Aluva, News, Dead Body, Police, Custody, Crime, Criminal Case, Parents, Missing, Probe, Complaint, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia