Follow KVARTHA on Google news Follow Us!
ad

Obituary | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു

അഞ്ചു തവണ നിയമസഭാംഗമായിരുന്നു Vakkom Purushothaman, Dead, Politician, Obituary, Kerala News
തിരുവനന്തപുരം: (www.kvartha.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം.

മൂന്നുതവണ സംസ്ഥാന മന്ത്രിസഭയിലും രണ്ടു തവണ ലോക് സഭയിലും അംഗമായിരുന്ന വക്കം ആന്‍ഡമാനിലും മിസോറമിലും ത്രിപുരയിലും ഗവര്‍ണറായി. അഞ്ചു തവണ നിയമസഭാംഗമായിരുന്നു. രണ്ടു തവണകളിലായി ഏറ്റവുമധികം കാലം നിയമസഭാ സ്പീകറായിരുന്നുവെന്ന റെകോര്‍ഡും വക്കത്തിന്റെ പേരിലാണ്. 

കര്‍ഷക തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപം നല്‍കിയതും ഏലാ പ്രോഗ്രാം, സ്‌കൂള്‍ ഹെല്‍ത് കാര്‍ഡ്, റഫറല്‍ ആശുപത്രി സമ്പ്രദായം തുടങ്ങിയവ നടപ്പിലാക്കിയതും സര്‍കാരിന്റെ സംസ്ഥാനതല ഓണാഘോഷത്തിന് തുടക്കം കുറിച്ചതും വക്കം പുരുഷോത്തമനാണ്. 1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 

1928 ഏപ്രില്‍ 12 ന് വക്കം കടവിളാകത്തു വീട്ടില്‍ കെ ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമന്‍ 1946 ല്‍ വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. 1952 ല്‍ ആദ്യ പഞ്ചായത് തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച് വക്കം പഞ്ചായത് അംഗമായി.

1956 ല്‍ ഹൈകോടതി ബെഞ്ചിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്നു ബിരുദവും അലിഗഡ് സര്‍വകലാശാലയില്‍നിന്ന് എംഎയും എല്‍എല്‍ബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ ആര്‍ ശങ്കറിന്റെ നിര്‍ബന്ധം കാരണമാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലെത്തിയത്.

1967 ലും 1969 ലും നിയമസഭയിലേക്കു മത്സരിച്ച വക്കം പരാജയപ്പെട്ടു. 1970 ല്‍ ആറ്റിങ്ങലില്‍ കാട്ടായിക്കോണം ശ്രീധറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കുള്ള ആദ്യ വിജയം നേടിയത്. 1971 മുതല്‍ 1977 വരെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ കൃഷി, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി. അക്കാലത്താണ് കര്‍ഷക തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപം നല്‍കിയത്. അഞ്ചുവര്‍ഷം നിയമമന്ത്രിയുടെ ചുമതലയും വഹിച്ചു.

1977,1980,1982 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആറ്റിങ്ങലില്‍നിന്നു വിജയിച്ചു. 1980 ല്‍ ഇകെ നായനാര്‍ മന്ത്രസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി. 1996 ല്‍ ആനത്തലവട്ടം ആനന്ദനോടു പരാജയപ്പെട്ടെങ്കിലും 2001ല്‍ കടകംപള്ളി സുരേന്ദ്രനെ തോല്‍പിച്ച് വീണ്ടും നിയമസഭയിലെത്തി. 2004 ലെ ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധന, എക്‌സൈസ്, ലോടറി വകുപ്പുകളുടെ ചുമതല ലഭിച്ചു. 1982, 84, 2001,2004 കാലത്ത് നിയമസഭാ സ്പീകറായിരുന്നു.

1984 ല്‍ സ്പീകര്‍ സ്ഥാനം രാജിവച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. ആലപ്പുഴയിലെ കന്നിമത്സരത്തില്‍ സുശീലാ ഗോപാലനെ പരാജയപ്പെടുത്തി പാര്‍ലമെന്റില്‍ എത്തി. 89 ല്‍ വിജയം ആവര്‍ത്തിച്ചെങ്കിലും 91 ല്‍ ടിജെ ആഞ്ചലോസിനോട് പരാജയപ്പെട്ടു. എംപിയായിരിക്കെ മൂന്നു വര്‍ഷം പബ്ലിക് അന്‍ഡര്‍ ടേകിങ് കമിറ്റി ചെയര്‍മാനായിരുന്നു. ലോക്‌സഭാംഗമായിരുന്ന കാലം മുഴുവന്‍ അദ്ദേഹം സഭയുടെ പാനല്‍ ഓഫ് ചെയര്‍മാനില്‍ ഉള്‍പെട്ടിരുന്നു.
 
Senior Congress leader Vakkom Purushothaman passes away, Thiruvananthapuram, News, Politics, Governor, Minister, Vakkom Purushothaman, Dead, Politician, Obituary, Kerala

1993 ല്‍ ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റു. 2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു. 2014 ല്‍ ത്രിപുര ഗവര്‍ണറുടെ ചുമതലയും വഹിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായും കെപിസിസി ജെനറല്‍ സെക്രടറിയായും കെപിസിസി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 25 വര്‍ഷം എഐസിസി അംഗമായിരുന്നു. കേരളാ യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, സിന്‍ഡികറ്റ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ഭാര്യ: മെഡികല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.ലില്ലി. മക്കള്‍: ബിനു, ബിന്ദു, പരേതനായ ബിജു.

Keywords: Senior Congress leader Vakkom Purushothaman passes away, Thiruvananthapuram, News, Politics, Governor, Minister, Vakkom Purushothaman, Dead, Politician, Obituary, Kerala.

Post a Comment