Allegation | 'നൗശാദിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞത് പൊലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന്; ദേഹം നോവിച്ചു, പുറം അടിച്ചുകലക്കി, വായിലേക്ക് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, മുഖത്തുനോക്കി പച്ചത്തെറി വിളിച്ചു'; ഗുരുതര ആരോപണങ്ങളുമായി ഭാര്യ അഫ്‌സാന

 


പത്തനംതിട്ട: (www.kvartha.com) ഒന്നര വര്‍ഷം മുന്‍പു പത്തനംതിട്ടയില്‍നിന്നു കാണാതായശേഷം തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍നിന്നും നൗശാദിനെ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അഫ്‌സാന.

പൊലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് നൗശാദിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതെന്ന് അഫ്‌സാന മാധ്യമങ്ങളോടു പറഞ്ഞു. നൗശാദിനെ കാണാതായതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അറിയില്ലെന്ന് പറഞ്ഞു. ഇതോടെ വനിത പൊലീസ് ഉള്‍പെടെയുള്ളവര്‍ മര്‍ദിച്ചു. കുഞ്ഞുങ്ങളെ പോലും കാണിക്കില്ലെന്ന് പറഞ്ഞപ്പോഴാണ് കൊന്നുകുഴിച്ചുമൂടിയെന്ന് പറഞ്ഞതെന്നും അഫ് സാന പറഞ്ഞു.

മൊഴിക്കു പിന്നാലെ അഫ്‌സാനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നൗശാദിനെ ജീവനോടെ കണ്ടെത്തിയതോടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് പൊലീസിനെതിരെ ആരോപണങ്ങളുമായി അഫ് സാന രംഗത്തെത്തിയത്.

നൗശാദിന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നുവെന്നും അഫ്‌സാന പറഞ്ഞു. താന്‍ നൗശാദിനെ മര്‍ദിച്ചു എന്നത് കളവാണ്. നാടുവിടാന്‍ കാരണമെന്താണെന്ന് അറിയില്ല. നൗശാദ് മദ്യപിച്ച് തന്നെയും കുട്ടികളെയും നിരന്തരം മര്‍ദിച്ചിരുന്നുവെന്നും അഫ്‌സാന പറഞ്ഞു.

അഫ് സാനയുടെ വാക്കുകള്‍:


കസ്റ്റഡിയിലിരിക്കെ വനിതാ പൊലീസ് ഉള്‍പെടെ ക്രൂരമായി മര്‍ദിച്ചു. നല്ലപോലെ ദേഹം നോവിച്ചു. ഞാന്‍ ഇങ്ങനെ അടി കൊണ്ടിട്ടില്ല. എന്റെ പുറം ഒക്കെ അടിച്ചുകലക്കി. എനിക്ക് ഒരുപാട് നേരം നില്‍ക്കാന്‍ വയ്യ. നൗശാദിന് എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ എനിക്കറിയില്ലെന്നു പറഞ്ഞു. അതിനുശേഷം അവര്‍ പറഞ്ഞത് മാത്രമാണ് ഞാന്‍ ചെയ്തത്.

എന്റെ രണ്ടു കുഞ്ഞുങ്ങളെ പോലും കാണിക്കില്ലെന്നു പറഞ്ഞപ്പോഴാണ് കൊന്നെന്നു സമ്മതിച്ചത്. വാപ്പയെ പ്രതിചേര്‍ക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞു. എനിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ഇപ്പോഴാണ് അറിയുന്നത്.

വാര്‍ത്തകള്‍ കേട്ടപ്പോഴാണ് അവിടെ കൊണ്ടുപോയത് ഈ കുറ്റങ്ങള്‍ ചാര്‍ത്താനാണെന്ന് മനസ്സിലായത്. രണ്ടു ദിവസം ഭക്ഷണം തന്നില്ല, വെള്ളം കിട്ടിയില്ല, ഉറങ്ങാന്‍ സമ്മതിച്ചില്ല. പൊലീസുകാര്‍ മുഖത്തുനോക്കി പച്ചത്തെറിയാണ് വിളിച്ചിരുന്നത്. 

വനിതാ പൊലീസും ഉയര്‍ന്ന പൊലീസുകാരടക്കം അടിച്ചു. മുറിവുകള്‍ പുറത്തുകാണിക്കാന്‍ പോലും പറ്റില്ല. വായിലേക്ക് കുരുമുളക്
സ്‌പ്രേ പ്രയോഗിച്ചു. ഇല്ലാത്ത കാര്യങ്ങളെല്ലാം എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. പൊലീസ് പറയുന്നിടത്ത് കൂടെ ചെല്ലണമെന്നായിരുന്നു അവരുടെ ആവശ്യം. രാത്രി മുഴുവന്‍ വാഹനത്തില്‍ കറക്കി പുലര്‍ചെ മൂന്ന് മണിക്കാണ് എന്നെ സ്റ്റേഷനില്‍ കൊണ്ടുവന്നത്.

ഉറങ്ങരുതെന്നും ഉറങ്ങിയാല്‍ അടിക്കണമെന്നും പറഞ്ഞേല്‍പ്പിച്ചിരുന്നു. അങ്ങനെ കുറെ അടികൊണ്ടു. വേദന സഹിക്കാനാകാത്തത് കൊണ്ടാണ് കൊന്നെന്നു സമ്മതിച്ചത്. പൊലീസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയില്‍ കാണിച്ചത്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും- എന്നും അഫ്‌സാന പറഞ്ഞു.

2021 നവംബറിലാണ് നൗശാദിനെ കാണാതാകുന്നത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം, തുടരന്വേഷണത്തിനിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ്, ഭര്‍ത്താവിനെ താന്‍ കൊന്നുകുഴിച്ചിട്ടെന്ന് അഫ്‌സാന 'സമ്മതിച്ചത്'. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടല്‍ പൊലീസ് വ്യാഴാഴ്ച ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന അടൂര്‍ പരുത്തിപാറയിലെ വീട്ടിലും പരിസരത്തും തറ കുഴിച്ചും സമീപത്തെ സെമിത്തേരിയിലെ കല്ലറ തുറന്നും പരിശോധിച്ചെങ്കിലും തെളിവുകള്‍ ലഭിച്ചില്ല.

തുടര്‍ന്ന് കബളിപ്പിക്കല്‍ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി വ്യാഴാഴ്ച അഫ്‌സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കി വീണ്ടും ചോദ്യംചെയ്യാനിരിക്കെയാണ് നൗശാദ് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചത്. ഇടുക്കി തൊമ്മന്‍കുത്തിലെ ജോലിസ്ഥലത്തുനിന്നാണ് നൗശാദിനെ കണ്ടെത്തിയത്. അഫ്‌സാനയ്‌ക്കെതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപോര്‍ട് നല്‍കുമെന്നും പൊലീസിനെ കബളിപ്പിച്ചുവെന്ന കേസ് നിലനില്‍ക്കുമെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

Allegation | 'നൗശാദിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞത് പൊലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന്; ദേഹം നോവിച്ചു, പുറം അടിച്ചുകലക്കി, വായിലേക്ക് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, മുഖത്തുനോക്കി പച്ചത്തെറി വിളിച്ചു'; ഗുരുതര ആരോപണങ്ങളുമായി ഭാര്യ അഫ്‌സാന

Keywords: Naushad's wife Afsana made serious allegations against police, Pathanamthitta, News Afsana, Allegation, Media, Police, Attack, Pepper Spray, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia