Minister | പരാതി പരിഹാരത്തില്‍ വകുപ്പുകള്‍ തമ്മില്‍ കൂടിയാലോചനയും ഏകോപനവും വേണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

 


കണ്ണൂര്‍: (www.kvartha.com) പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്പരം കൂടിയാലോചനയും ഏകോപനവും വേണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ പിന്നോക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍.

'കരുതലും കൈത്താങ്ങും' അദാലത്തുകളില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിലെ പുരോഗതി അവലോകനം ചെയ്യാനായി ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്പര ധാരണയുണ്ടെങ്കില്‍ ജനങ്ങളുടെ പരാതികള്‍ തന്നെ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തില്‍ ഓരോ വകുപ്പും സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് പരസ്പരം വാദിക്കരുത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ വകുപ്പുകള്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യണം. പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണം.

ഓരോ വകുപ്പിലും പുതിയ ഉദ്യോഗസ്ഥര്‍ ചാര്‍ജെടുക്കുമ്പോള്‍ അതുവരെയുള്ള കാര്യങ്ങള്‍ പഠിക്കണം. ഒരു വകുപ്പിന് കിട്ടിയ പരാതി മറ്റൊരു വകുപ്പിന് കൈമാറുമ്പോള്‍ കൈമാറിക്കിട്ടിയ വകുപ്പ് അതില്‍ എന്തുചെയ്തുവെന്ന തുടര്‍ അന്വേഷണം കൂടി നടത്തണം. ആഗസ്റ്റ് 15ന് മുമ്പായി അവശേഷിക്കുന്ന പരാതികളും തീര്‍പ്പാക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ നാലിന് കോഴിക്കോട്ട് മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാതല അദാലത് നടക്കും. പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനൊപ്പം ഓരോ വകുപ്പിനും ചെയ്യാന്‍ കഴിയുന്ന വികസന പ്രവര്‍ത്തനങ്ങള്‍, എന്തൊക്കെ തടസ്സങ്ങള്‍ പരിഹരിക്കണം എന്നിവ കൂടി അതിലേക്കായി സമര്‍പ്പിക്കണം.

അവലോകന യോഗത്തില്‍ ഹാജരാവാതെ അവഗണിച്ച വകുപ്പുകള്‍ക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. താലൂക് തല അദാലത്തുകളില്‍ ജില്ലയില്‍ ഓണ്‍ലൈനായും നേരിട്ടും ആകെ 5,141 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 1,836 പരാതികള്‍ വിവിധ കാരണങ്ങളാല്‍ നിരസിച്ചു. ആകെ 3,305 പരാതികളാണ് മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തിന്റെ തുടര്‍ നടപടികള്‍ക്കായി പരിഗണിച്ചത്. ഇതില്‍ ആകെ 1,565 പരാതികള്‍ അദാലത്തില്‍വെച്ചും തുടര്‍നടപടികളുടെ ഭാഗമായും തീര്‍പ്പാക്കി.

1,740 പരാതികള്‍ വിവിധ വകുപ്പുകളുടേതായി തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്. ഇതില്‍ 54 പരാതികള്‍ സര്‍കാര്‍ തലത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടവയാണ്. ഇരിട്ടി താലൂകില്‍ 31, കണ്ണൂര്‍ താലൂകില്‍ എട്ട്, തലശ്ശേരി താലൂകില്‍ ഏഴ്, പയ്യന്നൂര്‍ താലൂകില്‍ ഏഴ്, തളിപ്പറമ്പ് താലൂകില്‍ ഒന്ന് പരാതികളാണ് സര്‍കാറിന്റെ തീരുമാനത്തിന് സമര്‍പ്പിച്ചത്. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, പി പ്രസാദ് എന്നിവര്‍ പങ്കെടുത്താണ് അഞ്ച് താലൂകുകളിലും അദാലത്തുകള്‍ നടത്തിയത്.

Minister | പരാതി പരിഹാരത്തില്‍ വകുപ്പുകള്‍ തമ്മില്‍ കൂടിയാലോചനയും ഏകോപനവും വേണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

കണ്ണൂര്‍ താലൂക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം കെ കെ ദിവാകരന്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Minister K Radhakrishnan says there should be consultation and coordination between departments in resolving complaints, Kannur, News, Politics, Complaints, Departments, Meeting, Collector, Adalat, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia