Silverline | മെട്രോമാന്‍ ശ്രീധരന്റെ വേഗറെയില്‍: അരയും തലയും മുറുക്കി സിപിഎം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി വന്ന വികസന കെണിയില്‍ പ്രതിരോധത്തിലായത് കോണ്‍ഗ്രസ്; ബിജെപി നിലപാട് മാറ്റത്തിന് പിന്നിലെന്ത്?

 


കണ്ണൂര്‍: (www.kvartha.com) രണ്ടാം പിണറായി സര്‍കാര്‍ വിവിധ കോണുകളില്‍ നിന്നും ഏറെ വിമര്‍ശനം കേട്ട കെ റെയില്‍ പദ്ധതി വീണ്ടും പുതിയ രൂപഭാവത്തില്‍ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍കാരിന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമായി. മെട്രോമാന്‍ ഇ ശ്രീധരന്‍ വഴി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ അതിവേഗ റെയില്‍വെ പദ്ധതിക്ക് കേന്ദ്രസര്‍കാര്‍ പച്ചക്കൊടി കാട്ടുമെന്ന ഉറപ്പ് ഡെല്‍ഹിയിലെ നയതന്ത്ര പ്രതിനിധി പ്രൊഫസര്‍ കെ വി തോമസിലൂടെ ലഭിച്ചുവെന്നതാണ് എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്നത്.

Silverline | മെട്രോമാന്‍ ശ്രീധരന്റെ വേഗറെയില്‍: അരയും തലയും മുറുക്കി സിപിഎം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി വന്ന വികസന കെണിയില്‍ പ്രതിരോധത്തിലായത് കോണ്‍ഗ്രസ്; ബിജെപി നിലപാട് മാറ്റത്തിന് പിന്നിലെന്ത്?

തങ്ങള്‍ റെയില്‍വെ വികസനത്തിന് എതിരല്ലെന്നും ഇത്തരം പദ്ധതികള്‍ നാടിന് ആവശ്യമാണെന്നുമുളള കെ റെയില്‍ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ചു നേരത്തെ എതിര്‍ത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന കാര്യങ്ങള്‍ പിണറായി സര്‍കാരിന് അനുകൂലമാക്കിയിരിക്കുകയാണ്. ഇതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി നേരിടാമെന്ന കണക്കുകൂട്ടലും സിപിഎമിനുണ്ട്.

വലുതായി ഭൂമി ഏറ്റെടുക്കല്‍ വേണ്ടാത്തതാണ് മെട്രോമാന്‍ ശ്രീധരന്റെ സെമി ഹൈസ്പീഡ് സ്വപ്‌ന പദ്ധതി. എലവേറ്റഡ്, അൻഡര്‍ ഗ്രൗൻഡ് പാതയാണിത്. അതുകൊണ്ടു തന്നെ വലിയ തോതില്‍ എതിര്‍പ്പുയരില്ലെന്നും വികസനമുദ്രാവാക്യം വോട്ടായി മാറുമെന്നും സര്‍കാരും പാര്‍ടിയും കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19-സീറ്റും നേടിയ യുഡിഎഫിനെ കുഴയ്ക്കുന്നതും ഇതു തന്നെയാണ്. കോണ്‍ഗ്രസിനെ വീഴ്ത്താനുളള ബിജെപി - സിപിഎം അന്തര്‍ധാരയാണ് പദ്ധതിക്ക് പിന്നിലെന്ന ആരോപണവുമായി കെ മുരളീധരന്‍ ഉള്‍പെടെയുളള നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തിറങ്ങിയതും ഇക്കാരണത്താലാണ്.

ബിജെപി കേന്ദ്രനേതാക്കളുമായി വ്യക്തിപരമായ അടുപ്പം പുലര്‍ത്തുന്ന കെ വി തോമസിനെ മുന്‍നിര്‍ത്തിയുളള നീക്കങ്ങള്‍ സംശയാസ്പദമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. കെ വി തോമസ് പണിയുന്നത് ഹൈസ്പീഡ് റെയിലല്ല കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമും തമ്മിലുളള പാലമാണെന്ന് കെ മുരളീധരന്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ പദ്ധതിയെ കുറിച്ചു പഠിച്ചിട്ടു തങ്ങള്‍ പ്രതികരിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുളളത്. സിപിഎം ഒരുക്കുന്ന വികസനകെണിയില്‍ വീഴാതിരിക്കാനുളള പ്രതിരോധമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.

നരേന്ദ്രമോദി സര്‍കാരിന്റെ വന്ദേഭാരത് ട്രെയിന്‍ വന്നതോടെ സംസ്ഥാന സര്‍കാർ സില്‍വര്‍ ലൈന്‍ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയതായി റിപോർട് ഉണ്ടായിരുന്നു. എന്നാല്‍ വന്ദേഭാരത് ട്രെയിനിന് കേരളത്തില്‍ കിട്ടിയ വന്‍ സ്വീകാര്യതയാണ് സര്‍കാരിനെ മാറ്റി ചിന്തിപ്പിച്ചത്. വന്ദേഭാരതിന് എല്ലാ റെയില്‍വെ സ്‌റ്റേഷനുകളിലും വന്‍സ്വീകരണമൊരുക്കി ബിജെപി പരമാവധി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് സിപിഎം വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും അതിവേഗ ട്രെയിനിന് അനുകൂലമാണെന്ന വികാരമാണ് ബിജെപി ആളിക്കത്തിച്ചത്.

ഇതോടെയാണ് ബിജെപി അനുകൂലിയെങ്കിലും മെട്രോമാന്‍ ശ്രീധരന്റെ സഹായം തേടാന്‍ എല്‍ഡിഎഫ് സര്‍കാരിനെ പ്രേരിപ്പിച്ചത്. നേരത്തെ സില്‍വര്‍ ലൈന്‍ പ്രായോഗികമല്ലെന്നു തുറന്നടിച്ച ശ്രീധരനെ കൊണ്ടു തന്നെ ബദല്‍ പദ്ധതിയുടെ പ്ലാൻ തയ്യാറാക്കാനും കഴിഞ്ഞു. പൊതുസമൂഹത്തില്‍ മെട്രോമാന്റെ വന്‍സ്വീകാര്യത മുന്‍നിര്‍ത്തി വീണ്ടും പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞാല്‍ ബിജെപിക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്ന കണക്കുകൂട്ടല്‍ വിജയിക്കുകയും ചെയ്തു. ഇനിയെല്ലാം യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കാനാണ് സര്‍കാര്‍ തീരുമാനം. ഇ ശ്രീധരന്‍ നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അദ്ദേഹവുമായി ചര്‍ച നടത്താനും കളമൊരുങ്ങിയിട്ടുണ്ട്.

കെ റെയില്‍ കോര്‍പറേഷന് കീഴിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി ആസൂത്രണം ചെയ്തതെങ്കില്‍ പുതിയ ഹൈസ്പീഡ് പാത ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഏല്‍പ്പിക്കണമെന്നാണ് ക. ശ്രീധരന്റെ നിര്‍ദേശം. എന്നാല്‍ കെ റെയില്‍ മുഖേനെ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് ഉപകരാര്‍ നല്‍കാമെന്നാണ് സംസ്ഥാന സര്‍കാരിന്റെ നിലപാട്. ഇതിനോട് കെ ശ്രീധരനും അനുയോജിക്കുമെന്നാണ് നിഗമനം. ശ്രീധരന്റെ ശുപാര്‍ശയില്‍ പരിഗണനയിലുളളത് 350-കിലോമീറ്റര്‍ വേഗതയുളള ബുളളറ്റ് ട്രെയിനുകളാണ്. വെറും രണ്ടുമണിക്കൂര്‍ 12 മിനുറ്റ് കൊണ്ടു തിരുവനന്തപുരത്തുനിന്നും കണ്ണൂരിലെത്താം. സില്‍വര്‍ ലൈനില്‍ ഇത് മൂന്നേ കാല്‍ മണിക്കൂറാണ്.

നിര്‍ദിഷ്ട റെയിലിന്റെ ദൈര്‍ഘ്യം 430 കിലോമീറ്ററില്‍ 105-കിലോമീറ്റര്‍ ദൂരം തുരങ്കപാതയാണ്. 2015-ല്‍ അതിവേഗ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ചിലവ് 1.27-ലക്ഷം കോടിയാണെങ്കില്‍ പുതിയ പദ്ധതിക്ക് ഇത്രയും ഭീമമായ സംഖ്യവേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല സില്‍വര്‍ ലൈന്‍ പോലെ പരിസ്ഥിതി നാശമുണ്ടാക്കുന്നതല്ല പുതിയ പദ്ധതി. ജനവാസ മേഖലയിലൂടെ തുരങ്കപാതയിലൂടെയായിരിക്കും ഇതു സഞ്ചരിക്കുക. ഇപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയ പാതയുടെ മധ്യത്തിലൂടെ നിര്‍മിക്കുന്ന തൂണിലൂടെയും പാളമിടാമെന്നാണ് കെ ശ്രീധരന്‍ നല്‍കിയ കുറിപ്പില്‍ പറയുന്നത്.

Keywords: News, Kannur, Kerala, E Sreedharan, Silverline Project, Politics, Congress, BJP,  E Sreedharan's Alternative Silverline Project and Kerala Politics.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia