Dependent Hiring | ആശ്രിത നിയമനം: ഉറപ്പുകള്‍ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25 % തുക പിടിക്കാന്‍ തീരുമാനം

 


തിരുവനന്തപുരം: (www.kvartha.com) സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം മരിച്ച ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നല്‍കി സര്‍കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സര്‍കാര്‍.

ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കാന്‍ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്നും സര്‍കാര്‍ അറിയിച്ചു.

സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതര്‍ക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നല്‍കാം. ആഹാരം, വസ്തു, പാര്‍പ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിര്‍വചനത്തില്‍പ്പെടുന്നത്.

ആശ്രിതരുടെ പരാതിയില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഖേന അന്വേഷണം നടത്തി റിപോര്‍ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിന്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കും. തഹസില്‍ദാരുടെ അന്വേഷണത്തില്‍ ആക്ഷേപമുള്ള ജീവനക്കാര്‍ക്ക് മൂന്ന് മാസത്തിനകം ജില്ലാ കലക്ടര്‍ക്ക് അപീല്‍ സമര്‍പ്പിക്കാം. പരാതിയില്‍ ജില്ലാ കലക്ടര്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ ആനുകൂല്യമുണ്ടെങ്കില്‍ മേല്‍പറഞ്ഞ സംരക്ഷണത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. എന്നാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷന്‍ എന്നിവ കൈപറ്റുന്ന ആശ്രിതരെ സംരക്ഷിക്കാന്‍ മേല്‍ വ്യവസ്ഥ പ്രകാരം ജോലി ലഭിച്ച ജീവനക്കാര്‍ ബാധ്യസ്ഥരാണ്.

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും

കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓര്‍ഡിനന്‍സ് 2023 അംഗീകരിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. 50 വര്‍ഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ് ഭേദഗതി ചെയ്യുക.

1973 ഏപ്രില്‍ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവില്‍ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാര്‍ഹിക, ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നികുതി നിര്‍ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സര്‍കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതിപിരിവ് സുതാര്യവും ഊര്‍ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി.

പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരുടെ അധികാരപരിധി ഉയര്‍ത്തും


പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരുടെ അധികാരപരിധി 10,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തും. ഇതിന് 1973ലെ ക്രിമിനല്‍ നടപടി സംഹിതയിലെ 29 -ാം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഹൈകോടതി രെജിസ്ട്രാര്‍ ജെനറല്‍ നല്‍കിയ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

മോടോര്‍ വാഹന നിയമ (ഭേദഗതി )ആക്റ്റ് 2019 നിലവില്‍ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തുമടങ്ങ് വര്‍ധച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് ചുമത്താവുന്ന പരമാവധി പിഴ 10,000 രൂപ മാത്രമായതിനാല്‍ നിലവിലുള്ള ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രോസിക്യൂഷന്‍ നടപടി ക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഭേദഗതി വരുത്താനുള്ള കരട് ബിലിന് അംഗീകാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കേരളപ്പിറവി ആഘോഷം

കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ എഴു വരെ തിരുവനന്തപുരത്ത് സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.

തുടര്‍ചാനുമതി

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ 1012 താല്‍കാലിക തസ്തികകള്‍ക്ക് (കേന്ദ്ര പ്ലാന്‍ വിഭാഗത്തിലെ 872 തസ്തികകളും സംസ്ഥാന പ്ലാന്‍ ഹെഡിലെ കംപ്യൂടര്‍ വിഭാഗത്തിലെ ഡെപ്യൂടി ഡയറക്ടറുടെ ഒരു തസ്തികയും നോണ്‍പ്ലാന്‍ ഹെഡിലെ 139 തസ്തികകളുമുള്‍പെടെ)01-04-2022 മുതല്‍ 31-03-2023 വരെയും 01-04-2023 മുതല്‍ 31-03-2024 വരെയും തുടര്‍ചാനുമതി നല്‍കും.

സംസ്ഥാനത്തെ 13 എല്‍ എ ജെനറല്‍ ഓഫീസുകളില്‍ ഉള്‍പെട്ട 248 തസ്തികള്‍ക്ക് 01-04-2023 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ചാനുമതി നല്‍കും.

ശമ്പള പരിഷ്‌ക്കരണം

കേരഫെഡിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം 01-07-2019 മുതല്‍ പ്രാബല്യത്തില്‍ നടപ്പാക്കുന്നതിന് അനുമതി നല്‍കി.

ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ സര്‍കാര്‍ അംഗീകാരമുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ നടപ്പിലാക്കും.

നിയമനം


ഗവണ്‍മെന്റ് ഐ ടി പാര്‍കുകളിലെയും അവയുടെ സാറ്റ് ലൈറ്റ് കാംപസുകളിലെയും ബില്‍റ്റ് - അപ് സ്‌പെയ്‌സ്, ഭൂമി എന്നിവ മാര്‍കറ്റ് ചെയ്യുന്നതിന് ഇന്റര്‍നാഷനല്‍ പ്രോപര്‍ടി കണ്‍സള്‍ടന്‍സിനെ നിയമിക്കുന്നതിന് അനുമതി നല്‍കി. ട്രാന്‍സാക്ഷന്‍/ സക്‌സസ് ഫീ അടിസ്ഥാനത്തിലാകും നിയമനം. അതത് ഗവണ്‍മെന്റ് ഐ ടി പാര്‍കുകളിലെ ചീഫ് എക്‌സിക്യൂടീവുമാര്‍ നിയമനം നടത്തും.

Dependent Hiring | ആശ്രിത നിയമനം: ഉറപ്പുകള്‍ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25 % തുക പിടിക്കാന്‍ തീരുമാനം

ഭൂമി കൈമാറ്റം ചെയ്യുന്നതിന് അനുമതി


ടെക് നോപാര്‍കിന്റെ മൂന്നാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിവാക്കിയ ആറ് ഭൂ ഉടമകളുടെ ഉടമസ്ഥതയിലുള്ള ഭൂമി നിബന്ധനകളോടെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇവരുടെ പട്ടയം പരിശോധിച്ച് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ ടെക് നോ പാര്‍ക് ചീഫ് എക്‌സിക്യൂടീവ് ഓഫീസറെ ചുമതലപ്പെടുത്തി. സ്ഥിരതാമസക്കാരായ ആറ് ഭൂ ഉടമകള്‍ക്ക് പുതിയ വാസസ്ഥലം ഉണ്ടാകുന്നതു വരെ മാറി താമസിക്കുന്നതിനുള്ള വാടകയായി ഓരോ കുടുംബത്തിനും ഒറ്റതവണയായി 50,000 രൂപ നല്‍കും.

Keywords:  Dependent hiring: Decision to withhold 25% from salary of non-guaranteed employees, Thiruvananthapuram, News, Salary, Protection, Techno Park, Family, IT Park, Motor Vehicle, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia