Vehicles | കാൽനട യാത്രക്കാരന്റെ ജീവൻ കവർന്നെടുത്ത 'കൊലക്കയർ'; പല ചരക്കുവാഹനങ്ങളും കുതിച്ചുപായുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പരിഗണനയും നൽകാതെ; അധികൃതർക്കും മൗനം; കോട്ടയത്തെ സംഭവം വിരൽചൂണ്ടുന്നത്

 


കോട്ടയം: (www.kvartha.com) ലോറി ജീവനക്കാരുടെ അനാസ്ഥ കാരണം ഒരു മനുഷ്യജീവനാണ് കഴിഞ്ഞദിവസം വിലകൊടുക്കേണ്ടി വന്നത്. സംക്രാന്തിയിൽ ഓടുന്ന ലോറിയിൽ നിന്നു വീണ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരൻ മരിച്ച സംഭവം ഉദ്യോഗസ്ഥ അനാസ്ഥയുടെയും തെളിവായി. നിയമങ്ങൾ കാറ്റിൽ പറത്തി പല ചരക്ക് വാഹനങ്ങളും സംസ്ഥാനത്തുടനീളം ഓടുമ്പോഴും പൊലീസും മോടോർ വാഹന വകുപ്പും നിഷ്‌ക്രിയരാവുകയാണെന്നാണ് ആരോപണം. അധികൃതർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോട്ടയത്തിലേത് പോലെയുള്ള മാരകമായ അപകടങ്ങൾ ഇനിയും ആവർത്തിക്കേണ്ടി വരുമെന്നാണ് ജനങ്ങൾ പറയുന്നത്.

Vehicles | കാൽനട യാത്രക്കാരന്റെ ജീവൻ കവർന്നെടുത്ത 'കൊലക്കയർ'; പല ചരക്കുവാഹനങ്ങളും കുതിച്ചുപായുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പരിഗണനയും നൽകാതെ; അധികൃതർക്കും മൗനം; കോട്ടയത്തെ സംഭവം വിരൽചൂണ്ടുന്നത്

കട്ടപ്പന സ്വദേശിയും സംക്രാന്തിയിലെ താമസക്കാരനുമായ വി എസ് മുരളിയാണ് (50) ദാരുണമായ അപകടത്തിൽ മരിച്ചത്. ബൈക് യാത്രക്കാരായ ദമ്പതികൾ ബിജുവിനും ജ്യോതിക്കും കയർ കുരുങ്ങി പരുക്കേറ്റിരുന്നു. ബൈകിലെത്തിയ ക്ഷേത്രം മേൽശാന്തി ഹരിനാരായണനും കയർ കുരുങ്ങി അപകടത്തിൽപ്പെട്ടു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പച്ചക്കറി കയറ്റിവന്ന ലോറിയിൽ കയർ അലക്ഷ്യമായി തൂങ്ങിയതാണ് അപകടത്തിന് കാരണമായത്.

സംക്രാന്തിയിൽ പ്രഭാത സവാരിക്കിടെ ചായ കുടിക്കാൻ കടയിലെത്തിയ മുരളി ഈ കയറിൽ കുരുങ്ങുകയായിരുന്നു. ഇക്കാര്യം ലോറി ഡ്രൈവറോ സഹായിയോ അറിഞ്ഞിട്ടില്ലെന്നാണ് ഇവരുടെ മൊഴി. മുരളിയെയും വലിച്ച് ലോറി ഇരുന്നൂറ് മീറ്ററോളം മുന്നോട്ട് നീങ്ങി. റോഡിൽ വീണ മുരളിയുടെ ഒരു കാല് അറ്റുപോയിരുന്നു. ഇതിനിടെ മുരളിയുടെ തല റോഡരികിലെ പോസ്റ്റിൽ തട്ടി വീണത് അപകടത്തിന്റെ തീവ്രത കൂട്ടി.

സർവനിയമങ്ങൾ കാറ്റിൽപറത്തി ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ നിരത്തിൽ ജനങ്ങളുടെ സുരക്ഷയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിൽ വസ്തുക്കളുമായി പോകുന്ന വാഹനങ്ങളും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. എതിരെയും പിന്നിലൂടെയും വരുന്ന വാഹനങ്ങള്‍ക്കും കാൽനട യാത്രക്കാരും അപകടത്തിൽ പെടാൻ ഇടയാക്കുന്നു.

പുറത്തേക്കു തള്ളി നില്‍ക്കുന്ന ഭാഗങ്ങളും മുറുക്കിക്കെട്ടാത്തത് മൂലം കയറുകൾ അഴിഞ്ഞുവീഴുന്നതും കയർ അഴിയുമ്പോൾ ചരക്കുകളും റോഡിലേക്ക് പതിക്കുന്നതുമൊക്കെ വൻ ദുരന്തങ്ങൾക്കാണ് ഇടയാക്കുക. മറ്റു യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഇരുമ്പു കമ്പികള്‍, പി വി സി പൈപുകൾ, മുളകൾ, മരത്തിന്റെ ഉരുപ്പടികൾ തുടങ്ങിയവ വാഹനത്തിന്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് സർകാർ നിരോധിച്ചിട്ടുണ്ട്.

1988ലെ മോടോർ വെഹികിൾസ് ആക്ടിന്റെ സെക്ഷൻ 190 (3) പ്രകാരം പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഇരുമ്പ് ദണ്ഡുകളും മറ്റ് സാധനങ്ങളും കൊണ്ടുപോകുന്നത് ശിക്ഷാർഹമാണ്. നിരോധനം ഉണ്ടായിരുന്നിട്ടും റോഡുകളിൽ, നിയമങ്ങൾ ലംഘിച്ച് ധാരാളം ഗതാഗത വാഹനങ്ങൾ ഓടുന്നത് കാണാം. ഇരുചക്രവാഹനങ്ങളും കാറുകളും അപകടത്തിൽപ്പെട്ട് ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടും ഗതാഗതവകുപ്പിനും ട്രാഫിക് പൊലീസിനും അറുതിവരുത്താൻ കഴിഞ്ഞിട്ടില്ല.

കൂടാതെ പല വാഹനങ്ങളിലെയും ജീവനക്കാരും ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പരിഗണനയും നൽകാതെയാണ് റോഡിലൂടെ കുതിച്ചുപായുന്നത്. ചെറിയതും പലപ്പോഴും നിസാരവുമാക്കുന്ന അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കുമെന്നതാണ് കോട്ടയത്തെ ദാരുണ സംഭവം ജീവനക്കാർക്ക് നൽകുന്ന പാഠം. ഇനിയെങ്കിലും അധികൃതരും വാഹന ഉടമകളും ജീവനക്കാരും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ പറയുന്നത്.

Keywords: News, Kottayam, Kerala, Traffic Rules, MVD, Vehicles,   Concern over goods vehicles violating rules.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia