Follow KVARTHA on Google news Follow Us!
ad

Pinarayi Vijayan | രോഗാവസ്ഥയിലും കോണ്‍ഗ്രസ് പാര്‍ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്; അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണെന്നും അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍; ഇത്രയും തരംതാഴ്ന്ന രീതിയില്‍ രാഷ്ട്രീയമായി വേട്ടയാടിയ മറ്റൊരു നേതാവില്ലെന്ന് കെ സുധാകരന്‍

നിയമസഭയിലെത്തിയത് ഒരുമിച്ച് CM Pinarayi Vijayan, Oommen Chandy, Congress, Kerala News
തിരുവനന്തപുരം: (www.kvartha.com) രോഗാവസ്ഥയിലും കോണ്‍ഗ്രസ് പാര്‍ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചതെന്ന് അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യന്‍കാളി ഹാളില്‍ വൈകിട്ട് 4:30 ന് ആയിരുന്നു കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടി. കൃത്യസമയത്ത് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുകയും ചെയ്തു. എല്ലാ രാഷ്ട്രീയ പാര്‍ടികളിലേയും നേതാക്കളും മത അധ്യക്ഷന്‍മാരും പങ്കെടുത്തു.

ഉമ്മന്‍ ചാണ്ടിയും താനും 1970 ലാണ് നിയമസഭയിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ നിയമസഭയില്‍ കടന്നുവന്ന അംഗങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകത ഇതുവരെ പുതുപ്പള്ളി മണ്ഡലത്തെ തുടര്‍ചയായി പ്രതിനിധീകരിക്കാനായി എന്നതാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ ഇതു റെകോര്‍ഡാണ്. ഒന്നിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും തനിക്ക് തുടര്‍ചയായി സഭയിലെ അംഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി തുടര്‍ചയായി ആ ചുമതല ഭംഗിയായി നിറവേറ്റി. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്ന് കേരളത്തിനു മുന്നില്‍ അദ്ദേഹം തെളിയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഈ ഭരണപരിചയം അദ്ദേഹത്തിനു ശക്തി പകര്‍ന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. പാര്‍ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായി മാറി. അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്.

യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മന്‍ ചാണ്ടി മാറി. പ്രത്യേക നേതൃവൈഭവം അദ്ദേഹം പ്രകടിപ്പിച്ചു. രോഗത്തിനു മുന്നില്‍ തളരാതെ അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗകാലത്ത് ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോള്‍ ആരോഗ്യവിവരങ്ങളെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച കാര്യവും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ചികിത്സയ്ക്കിടെ ഒരു പൊതുപരിപാടിയില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ നേരത്തേതിനേക്കാള്‍ പ്രസരിപ്പും ഉന്‍മേഷവും കണ്ടു. നല്ല മാറ്റമാണല്ലോ വന്നിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ചികിത്സിച്ച ഡോക്ടറുടെ പേരു പറഞ്ഞു. ഇപ്പോള്‍ നല്ല മാറ്റമുണ്ടെന്നും പറഞ്ഞു. ഞാന്‍ ഡോക്ടറെ വിളിച്ച് അനുമോദിച്ചു.

ചികിത്സയുടെ ഭാഗമായി താന്‍ പറയുന്നത് അംഗീകരിക്കുമോ എന്നറിയില്ലെന്നും അദ്ദേഹം വിശ്രമിക്കാന്‍ തയാറാകില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. വിശ്രമം അദ്ദേഹത്തിന്റെ കൂടപ്പിറപ്പല്ല. രോഗം ബാധിച്ചപ്പോഴും പാര്‍ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. രോഗാവസ്ഥയിലും കേരളം മൊത്തം എത്തുന്ന ഉമ്മന്‍ ചാണ്ടിയെ ആണ് കണ്ടത്. വിയോഗം കോണ്‍ഗ്രസിനു കനത്ത നഷ്ടമാണ്. പെട്ടെന്ന് നികത്താവുന്ന വിയോഗമല്ല. യുഡിഎഫിനും വലിയ നഷ്ടം ഉണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയും തരംതാഴ്ന്ന രീതിയില്‍ രാഷ്ട്രീയമായി വേട്ടയാടിയ മറ്റൊരു നേതാവില്ലെന്ന് ചടങ്ങില്‍ അധ്യക്ഷനായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എതിരാളികള്‍ക്കെതിരെ അദ്ദേഹം മോശമായി പെരുമാറിയിട്ടില്ല. ആക്രമിച്ചവരെ പോലും പിന്നീട് ആശ്ലേഷിച്ചു. വെറുപ്പിന്റെ പ്രചാരകരെ സ്‌നേഹം കൊണ്ട് നേരിട്ടു. അദ്ദേഹത്തിന്റെ സമ്പത്ത് ജനങ്ങളുടെ സ്‌നേഹം മാത്രമായിരുന്നു.

വെട്ടിപ്പിടിക്കുന്നതിനേക്കാള്‍ വിട്ടുകൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ നേതാവായിരുന്നു. 20 മണിക്കൂര്‍ വരെ ജോലി ചെയ്തു. 18-20 മണിക്കൂര്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് ജനങ്ങളുടെ വിഷമങ്ങള്‍ കേട്ടു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം അടക്കമുള്ള വലിയ പദ്ധതികള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്.

അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലെ സത്യം നേരത്തെ അറിയാമായിരുന്നെങ്കിലും വൈകിയാണെങ്കിലും സത്യം കാര്‍മേഘപടലങ്ങള്‍ നീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും സുധാകരന്‍ പറഞ്ഞു.

CM Pinarayi Vijayan on Oommen Chandy, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Oommen Chandy, Congress, UDF, Kerala


Keywords: CM Pinarayi Vijayan on Oommen Chandy, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Oommen Chandy, Congress, UDF, Kerala. 

Post a Comment