Chandrayaan | രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 3 യുടെ വിക്ഷേപണം വിജയകരം

 


ശ്രീഹരിക്കോട്ട: (www.kvartha.com) രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 3യുടെ വിക്ഷേപണം വിജയകരം. നേരത്തെ അറിയിച്ചതു പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നു ചന്ദ്രയാന്‍ 3 വഹിച്ച് എല്‍വിഎം3 എം4 റോകറ്റ് കുതിച്ചുയര്‍ന്നു. 140 കോടി ഇന്‍ഡ്യക്കാരുടെ സ്വപ്നങ്ങള്‍ ചിറകിലേറ്റിയാണ് ചന്ദ്രയാന്‍ മൂന്നിന്റെ കുതിപ്പ്.

ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ റോകറ്റാണ് 43.5 മീറ്റര്‍ പൊക്കവും നാലു മീറ്റര്‍ വിസ്തീര്‍ണവുമുള്ള എല്‍വിഎം3 എം4 റോകറ്റ്. ഇനി പ്രതീക്ഷയോടെയുള്ള നീണ്ട കാത്തിരിപ്പാണ്. ഒരു മാസത്തിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാന്‍ 3 സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ദൗത്യം വിജയം കാണുമ്പോള്‍ ചന്ദ്രനില്‍ സുരക്ഷിതമായി ഒരു പേടകം ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്‍ഡ്യ അറിയപ്പെടും.

ആഗസ്റ്റ് 24നാണ് ദൗത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ്. ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ്, ചന്ദ്രന്റെ മണ്ണിലൂടെയുള്ള റോവറിന്റെ സഞ്ചാരം, ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ എന്നിവയാണ് മൂന്നാം ദൗത്യത്തിലുള്ളത്.

പ്രൊപല്‍ഷന്‍ മൊഡ്യൂളിന്റെ സഹായത്തോടെ ഭൂമിയെ വലംവെക്കുന്ന പേടകം വരും ദിവസങ്ങളില്‍ ഭ്രമണപഥം ഘട്ടം ഘട്ടമായി വികസിപ്പിച്ച് 40 ദിവസം കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങും. ചന്ദ്രന്റെ കാന്തികവലയത്തില്‍ പ്രവേശിക്കുന്ന പേടകം 100 കിലോമീറ്റര്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തിലേക്ക് മാറും. ഭ്രമണപഥം ചെറുതാക്കുന്ന പ്രൊപല്‍ഷന്‍ മൊഡ്യൂള്‍, സോഫ്റ്റ് ലാന്‍ഡിങ്ങിനായി ചന്ദ്രന്റെ 30 കിലോമീറ്റര്‍ അടുത്തേക്ക് ലാന്‍ഡറിനെ എത്തിക്കും.

 

പ്രൊപല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിനുള്ള ശ്രമം തുടങ്ങും. ഇതിനായി വെലോസിറ്റി കുറക്കാന്‍ ലാന്‍ഡറിലെ നാല് ത്രസ്റ്ററുകള്‍ എതിര്‍ദിശയിലേക്ക് പ്രവര്‍ത്തിക്കും. ചന്ദ്രനോട് കൂടുതല്‍ അടുത്തെത്തുന്ന ലാന്‍ഡര്‍ നാലു കാലുകള്‍ ഉപയോഗിച്ച് സോഫ്റ്റ് ലാന്‍ഡിങ് ചെയ്യും.

ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുന്ന ലാന്‍ഡറിലെ റാംപിലൂടെ ആറു ചക്രങ്ങളുള്ള റോവര്‍ ഉരുണ്ടിറങ്ങും. ചന്ദ്രനില്‍ നിന്ന് ലാന്‍ഡറും റോവറും ശേഖരിക്കുന്ന വിവരങ്ങള്‍ ലാന്‍ഡര്‍ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിന് കൈമാറും. 14 ഭൗമദിനത്തിന് സമാനമായ ഒരു ചാന്ദ്രദിനത്തിലാണ് ലാന്‍ഡറും റോവറും ചന്ദ്രന്റെ ഉപരിതലത്തില്‍ പരീക്ഷണം നടത്തുക.

ലാന്‍ഡറും റോവറും പ്രൊപല്‍ഷന്‍ മൊഡ്യൂളും ഉള്‍പെടുന്നതാണ് 3900 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ മൂന്ന് പേടകം. 26 കിലോയുള്ള റോവര്‍ ഉള്‍പെടെ 1752 കിലോയാണ് ലാന്‍ഡറിന്റെ ആകെ ഭാരം. ചന്ദ്രയാന്‍ രണ്ടുമായി താരതമ്യം ചെയ്താല്‍ പരീക്ഷണ ഉപകരണങ്ങള്‍ കുറവായ പ്രൊപല്‍ഷന്‍ മൊഡ്യൂളിന്റെ ഭാരം 2148 കിലോഗ്രാമാണ്. 300 കോടി രൂപയാണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ആകെ ചിലവ്.

ചന്ദ്രയാന്‍ മൂന്നില്‍ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. ഇതില്‍ നാലെണ്ണം ലാന്‍ഡറിലും രണ്ടെണ്ണം റോവറിലും ഒരെണ്ണം പ്രൊപല്‍ഷന്‍ മൊഡ്യൂളിലുമാണ്. ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രത നിര്‍ണയിക്കാനുള്ള റേഡിയോ അനാടമി ഓഫ് മൂണ്‍ ബൗണ്ട് ഹൈപര്‍ സെന്‍സിറ്റീവ് അയണോസ്ഫിയര്‍ ആന്‍ഡ് അറ്റ്‌മോസ്ഫിയര്‍, ചന്ദ്രോപരിതലത്തിലെ ധ്രുവ പ്രദേശത്തിന്റെ താപനില പഠിക്കാനുള്ള ചന്ദ്ര സര്‍ഫേസ് തെര്‍മോഫിസികല്‍ എക്‌സ്‌പെരിമെന്റ്, ലാന്‍ഡിങ് സൈറ്റിലെ ഭൂകമ്പ സാധ്യത അളക്കാനുള്ള ഇന്‍സ്ട്രമെന്റ് ഫോര്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി, നാസയില്‍ നിന്നുള്ള ലേസര്‍ റിട്രോ റിഫ് ളക്ടര്‍ അറേ എന്നിവയാണ് ലാന്‍ഡറിലുള്ളത്.

Chandrayaan  | രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 3 യുടെ വിക്ഷേപണം വിജയകരം

ചന്ദ്രനിലെ രാസഘടന പരിശോധിക്കാനുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക് ഡൗണ്‍ സ്‌പെക്ട്രോസ് കോപ്, ചന്ദ്രനിലെ മൂലകഘടന നിര്‍ണയിക്കാനുള്ള ആല്‍ഫ പാര്‍ടികിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളാണ് റോവറിലുള്ളത്. ചന്ദ്രനെ വലംവെക്കുന്ന പ്രൊപല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ഭൂമിയെയും പ്രവഞ്ചത്തെയും നിരീക്ഷിക്കാനുള്ള സ്‌പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത് ആണ് മറ്റൊരു ഉപകരണം.

Keywords:  Chandrayaan 3 launch live updates: Journey to the Moon begins in Earth orbit, Chandrayaan 3 Launch, Sriharikota, News, Reflector, Research, Isro, Successfully, Moon, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia