Gyanvapi Mosque | ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ തടയണമെന്ന ഹരജിയില്‍ വിധി ആഗസ്റ്റ് 3 ന്; അതുവരെ സ്റ്റേ തുടരും

 


ന്യൂഡെല്‍ഹി: (www.kvartha.com) ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ തടയണമെന്ന ഹരജിയില്‍ ആഗസ്റ്റ് മൂന്നിന് വിധി പറയുമെന്ന് അലഹബാദ് ഹൈകോടതി. അതുവരെ സര്‍വേക്കുള്ള സ്റ്റേ തുടരുമെന്നും കോടതി ഉത്തരവിട്ടു. ഈ മാസം 21 ന് ആണ് സര്‍വേ നടത്താന്‍ വാരാണസി കോടതി ഉത്തരവിട്ടത്. ഇതിനെതിരെ അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമിറ്റി അലഹബാദ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറാണ് മസ്ജിദ് കമിറ്റിയുടെ ഹര്‍ജിയില്‍ വാദം കേട്ടത്.

ക്ഷേത്രമാണെന്നതിന് തങ്ങളുടെ പക്കല്‍ തെളിവില്ലെന്ന് പറഞ്ഞ ഹിന്ദു യുവതികള്‍ തങ്ങളുടെ അവകാശ വാദത്തിന് കോടതി മുഖേന തെളിവുണ്ടാക്കാനാണ് സര്‍വേക്ക് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് മസ്ജിദ് കമിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഫ് എസ് എ നഖ്‌വി കോടതിയെ ബോധിപ്പിച്ചച്ചത്. പുരാവസ്തു വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലം പഠിച്ച് മറുപടി നല്‍കാന്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.

സര്‍വേ നടത്തുന്നതിനായി ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗ്യാന്‍വാപി മസ്ജിദില്‍ എത്തിച്ച ഉപകരണങ്ങളുടെ ഫോടോകള്‍ മസ്ജിദ് കമിറ്റി അലഹബാദ് ഹൈകോടതിക്ക് കൈമാറി. ഈ ഉപകരണങ്ങള്‍ കുഴിക്കുന്നതിനുള്ളതാണെന്നും മസ്ജിദ് കമിറ്റിയുടെ അഭിഭാഷകര്‍ വാദിച്ചു. ഗ്യാന്‍വാപി മസ്ജിദില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അതിനാല്‍ സര്‍വേയുടെ ഭാഗമായി കുഴിക്കുന്നത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും മസ്ജിദ് കമിറ്റി വാദിച്ചു.

ബുധനാഴ്ച ഹൈകോടതിയില്‍ നേരിട്ട് ഹാജരായ ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ അഡീഷനല്‍ ഡയറക്ടര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുരാവസ്തു വകുപ്പ് നടത്തുന്ന സര്‍വേ കൊണ്ട് ഗ്യാന്‍വാപി മസ്ജിദിന്റെ കെട്ടിടത്തിന് ഒരു തകരാറുമുണ്ടാക്കില്ലെന്ന് ബോധിപ്പിച്ചിരുന്നു. സത്യവാങ് മൂലത്തിലെ പ്രസക്ത ഭാഗം ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ അഡീഷനല്‍ ഡയറക്ടര്‍ തന്നെയാണ് കോടതിയില്‍ വായിച്ചത്.

Gyanvapi Mosque | ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ തടയണമെന്ന ഹരജിയില്‍ വിധി ആഗസ്റ്റ് 3 ന്; അതുവരെ സ്റ്റേ തുടരും

ജിപിആര്‍ (ഗ്രൗന്‍ഡ് പെനിറ്റ് റേറ്റിങ് റഡാര്‍) രീതി ഉപയോഗിച്ച് നടത്തുന്ന സര്‍വേ കൊണ്ട് പള്ളിയുടെ കെട്ടിടത്തിന് ഒരു തകരാറും സംഭവിക്കില്ലെന്ന് കേന്ദ്ര സര്‍കാറിന്റെ അഡീഷനല്‍ സോളിസിറ്റര്‍ ബോധിപ്പിച്ചുവെങ്കിലും പള്ളി പരിസരത്ത് പുരാവസ്തു വകുപ്പ് നടത്താനിരിക്കുന്ന സര്‍വേ പ്രവൃത്തിയില്‍ സംശയമുണ്ടെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ എ എസ് ഐ ഉദ്യോഗസ്ഥനെ നേരിട്ട് കോടതിയില്‍ വിളിച്ച് വരുത്തിയത്.

Keywords:  Allahabad HC reserves order for August 3, stay on ASI survey of Gyanvapi mosque, New Delhi, News, Religion, Court, Survey, Justice, ASI survey, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia