AK Antony | ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം കണ്ട് വികാരാധീനനായി എകെ ആന്റണി; പ്രിയ നേതാവിനെ ഒരുനോക്ക് കാണാനായി തലസ്ഥാന നഗരിയില്‍ എത്തിയത് ആയിരങ്ങള്‍

 


തിരുവനന്തപുരം: (www.kvartha.com) മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മന്‍ ചാണ്ടിക്ക് (79) ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാന നഗരം. പ്രിയ നേതാവിനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ എത്തിയത്. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗ്ലൂറിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ചെ 4.25നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഗര്‍ഖെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖര്‍ ബെഗ്ലൂറിലെത്തി മുന്‍ മുഖ്യമന്ത്രിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. മുന്‍മന്ത്രി ടി ജോണിന്റെ ബെംഗ്ലൂറിലെ വസതിയിലായിരുന്നു പൊതുദര്‍ശനം.

ബെംഗ്ലൂറില്‍ നിന്ന് മൃതദേഹം പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തിരുവനന്തപുരത്തെത്തിച്ചത്. തുടര്‍ന്ന് വിലാപയാത്രയായി സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക്. വിമാനത്താവളത്തില്‍നിന്ന് പുതുപ്പള്ളി ഹൗസിലേക്കുള്ള വിലാപയാത്രയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വഴിയരികില്‍ കാത്തുനിന്നത് പതിനായിരങ്ങളാണ്.

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം കണ്ട് എകെ ആന്റണി വികാരാധീനനായി. മൃതദേഹത്തെ ഏറെനേരം നോക്കിനിന്ന  ആന്റണിയുടെ  ഭാര്യ എലിസബത്തും ഒപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെയും മകന്‍ ചാണ്ടി ഉമ്മനെയും ആന്റണി ആശ്വസിപ്പിച്ചു. ചാണ്ടി ഉമ്മനെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചശേഷമാണ് ആന്റണി പുറത്തിറങ്ങിയത്.

ഭൗതികശരീരം സെക്രടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന്, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍തഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനം. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും പൊതുദര്‍ശനമുണ്ടാകും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അറിയിച്ചു.

AK Antony | ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം കണ്ട് വികാരാധീനനായി എകെ ആന്റണി; പ്രിയ നേതാവിനെ ഒരുനോക്ക് കാണാനായി തലസ്ഥാന നഗരിയില്‍ എത്തിയത് ആയിരങ്ങള്‍

സെക്രടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍തഡോക്‌സ് വലിയ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍.

Keywords:  AK Antony emotional after seeing Oommen Chandy's dead body, Thiruvananthapuram, News, Politics, AK Antony, Congress Leader,  Dead Body, Church, Flight, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia