APJ | ആരാണ് എപിജെ അബ്ദുല്‍ കലാം? ഓര്‍മകളില്‍ ഇന്‍ഡ്യയുടെ മിസൈല്‍ മാന്‍

 


-അൻസില അബൂബകർ

ന്യൂഡെല്‍ഹി: (www.kvartha.com) 'ഒരു രാഷ്ട്രത്തിന്റെ നല്ല തലച്ചോറുകള്‍ ഒരു പക്ഷെ ക്ലാസ് മുറികളിലെ അവസാന ബെഞ്ചുകളിലായിരിക്കും' എന്ന് പറഞ്ഞ അബ്ദുല്‍ കലാം. 'സ്വപ്നം കാണുക ആ സ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കുക ആ ചിന്തകളെ പ്രവര്‍ത്തികളിലൂടെ സ്വന്തമാക്കുക' എന്ന് പറഞ്ഞു. ഓരോ ഇന്‍ഡ്യക്കാരനെയും സ്വപ്നം കാണാന്‍ പഠിപ്പിച്ച അബ്ദുല്‍ കലാം. ജൂലൈ 27 കലാമിന്റെ ഓര്‍മദിനം എന്ന് പറഞ്ഞ് ആചരിക്കുമ്പോഴും അബ്ദുല്‍ കലാം എന്നത് ഓരോ ഇന്‍ഡ്യക്കാരന്റെയും തീരാ നഷ്ടമാണ്.

ഇന്‍ഡ്യയുടെ 11-ാമത്തെ രാഷ്ട്രപതിയാണ് എ പി ജെ അബ്ദുല്‍ കലാം. മുഴുവന്‍ പേര് അവുള്‍ പകീര്‍ ജൈനുലാബ്ദീന്‍ അബ്ദുല്‍ കലാം (അബുൽ ഫഖീർ സൈനുൽ ആബിദീൻ അബ്ദുല്‍ കലാം). 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് അദ്ദേഹം ജനിച്ചത്. പള്ളി ഇമാമായ സൈനുൽ ആബിദീന്റെ മകനായാണ് കലാമിന്റെ ജനനം. അമ്മ ഒരു സാധാരണ വീട്ടമ്മയായിരുന്നു. 

അബ്ദുല്‍ കലാമിന്റെ ജനനത്തിന് മുമ്പ് കലാമിന്റെ കുടുംബം സമ്പന്നമായിരുന്നു. കലാമിന്റെ പൂര്‍വികര്‍ക്ക് കച്ചവടം ആയിരുന്നു തൊഴില്‍. പിന്നീട് നഷ്ടം സംഭവിച്ച് അബ്ദുല്‍ കലാമിന്റെ ചെറുപ്പത്തില്‍ കുടുംബം ദാരിദ്ര്യത്തില്‍ ആവുകയായിരുന്നു. ചെറുപ്പകാലത്ത് പത്രം വിറ്റുകൊണ്ടായിരുന്നു അബ്ദുല്‍ കലാം പഠിച്ചിരുന്നത്.

കലാമിന്റെ ആദ്യകാല വിദ്യാഭ്യാസം രാമേശ്വരത്ത് തന്നെയായിരുന്നു. സെന്റ് ജോസഫ് കോളജില്‍ ആണ് കലാം തന്റെ ഉപരി പഠനം പൂര്‍ത്തീകരിച്ചത്. ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയതിനുശേഷം അദ്ദേഹം  ചെന്നൈ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്നോളജിയില്‍ എന്‍ജിനീയറിംഗിലും ബിരുദം നേടി. അതിനുശേഷം എയറനോടികല്‍ എന്‍ജിനീയറിംഗില്‍ പരിശീലനം നേടുന്നതിന് വേണ്ടി ബെഗ്‌ളൂറു എയറനോടികല്‍ ലിമിറ്റഡില്‍ ചേര്‍ന്നു.

പിന്നീട് ഡി ആര്‍ ഡി ഒ യില്‍ സയന്റിഫിക് അസിസ്റ്റന്റ് ആയി ജോലിയില്‍ കയറി. അതിനുശേഷം എയര്‍ക്രാഫ്ട് ആന്‍ഡ് ആര്‍മമെന്റ് ടെസ്റ്റിംഗ് യൂനിറ്റില്‍ പരിശീലനം നേടിയതിന് പിന്നാലെ എയറനോടികല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ നിയമിതനായി. 1964ല്‍ ആണ് തിരുവനന്തപുരത്തെ ഐ എസ് ആര്‍ ഒയില്‍ ജോയിന്‍ ചെയ്യുന്നത്.

മിസൈല്‍ സാങ്കേതിക വിദഗ്ധനും എന്‍ജിനീയറും ആയിരുന്നു അദ്ദേഹം. മിസൈല്‍ സാങ്കേതിക മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവന കണക്കിലെടുത്ത് കൊണ്ടാണ് അദ്ദേഹത്തിന് 'ഇന്‍ഡ്യയുടെ മിസൈല്‍ മാന്‍' എന്ന പേര് വന്നത്. 2002ലാണ് അദ്ദേഹം ഇന്‍ഡ്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റത്. 2007 ല്‍ രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിനുശേഷം അദ്ദേഹം അദ്ദേഹത്തിന്റെ ഇഷ്ട മേഖലയായ അധ്യാപനത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞു.

SLV പ്രൊജക്റ്റ് ഡയറക്ടര്‍ ആയി 1973 ല്‍ നിയമിതനായി. അഗ്‌നി, പൃഥ്വി എന്നീ മിസൈലുകളുടെ നിര്‍മാതാവാണ് അദ്ദേഹം. തുടര്‍ന്ന് DRDO ഡയറക്ടര്‍, സമഗ്ര മിസൈല്‍ പദ്ധതിയുടെ മേധാവി, ശാസ്ത്ര കാര്യ ഉപദേഷ്ടാവ് എന്നിങ്ങനെയുള്ള പദവികള്‍ അദ്ദേഹം അലങ്കരിച്ചു. 2002 ല്‍ ആണ് അദ്ദേഹം അന്നത്തെ ഭരണ കക്ഷിയായിരുന്ന ബിജെപിയുടെയും പ്രതിപക്ഷ പാര്‍ടിയായിരുന്ന കോണ്‍ഗ്രസിന്റെയും പിന്തുണയോടെ രാഷ്ട്രപതിയായത്.

അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ജീവിത പാഠങ്ങളും എന്നും പ്രചോദനമാണ്. അമേരികയിലെ ഹൂവര്‍ അവാര്‍ഡ് നേടിയ ആദ്യത്തെ ഏഷ്യക്കാരനാണ് എപിജെ അബ്ദുള്‍കലാം. അദ്ദേഹം ഭാരതത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തുകൊണ്ട് രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചു. 

2015 വരെ അദ്ദേഹം തിരുവനന്തപുരത്തെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സ്‌പേസ് സയന്‍സ് ടെക്‌നോളജിയുടെ ചാന്‍സലറായി പ്രവര്‍ത്തിച്ചിരുന്നു. 2015 ജൂലൈ 27 നാണ് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞത്. മേഘാലയിലെ ഷില്ലോങ്ങില്‍ ഐഐഎമില്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണാണ് അദ്ദേഹം മരണപ്പെട്ടത്.

'സ്വപ്നം ഉറങ്ങുമ്പോള്‍ കാണുന്നതല്ല ഉറങ്ങാന്‍ സമ്മതിക്കാത്തതാണ്'- ഈ വാക്കുകളെ നെഞ്ചിലേറ്റിക്കൊണ്ട് കാണുന്ന സ്വപ്നം നിറവേറ്റുന്ന തലമുറ ഉയര്‍ന്നു വരട്ടെ...

APJ | ആരാണ് എപിജെ അബ്ദുല്‍ കലാം? ഓര്‍മകളില്‍ ഇന്‍ഡ്യയുടെ മിസൈല്‍ മാന്‍


Keywords: News, National, National-News, Apj, Kalam, Life, President Of India, Missile Man, Abdul Kalam Death Anniversary: The Impact Of Missile Man’s Presidency On India.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia