Pannyan Ravindran | പാര്‍ടി പറഞ്ഞിട്ടും തലസ്ഥാന നഗരിയില്‍ നിന്നും മടങ്ങാതെ പന്ന്യന്‍ രവീന്ദ്രന്‍; തിരുവനന്തപുരത്ത് തന്നെ തുടരാന്‍ തീരുമാനം

 


കണ്ണൂര്‍: (www.kvartha.com) പ്രായപരിധി പിന്നിട്ടതിന്റെ പേരില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രനോട് സ്വദേശമായ കണ്ണൂരിലേക്ക് മടങ്ങാന്‍ പാര്‍ടി അഖിലേന്‍ഡ്യ നേതൃത്വം നിര്‍ദേശിച്ചെങ്കിലും തിരുവനന്തപുരത്ത് തന്നെ തുടരാനാണെന്ന് താല്‍പര്യമെന്ന് പന്ന്യന്‍. കണ്ണൂരില്‍ നിന്ന് ആറുപതിറ്റാണ്ടുകള്‍ക്ക് മുന്‍പെ തിരുവനന്തപുരത്തേക്ക് തിരിച്ച പന്ന്യന്‍ രവീന്ദ്രന് തലസ്ഥാന നഗരിതന്നെയായിരുന്നു രാഷ്ട്രീയ തട്ടകം.
             
Pannyan Ravindran | പാര്‍ടി പറഞ്ഞിട്ടും തലസ്ഥാന നഗരിയില്‍ നിന്നും മടങ്ങാതെ പന്ന്യന്‍ രവീന്ദ്രന്‍; തിരുവനന്തപുരത്ത് തന്നെ തുടരാന്‍ തീരുമാനം

തിരുവനന്തപുരത്തോട് ഏറെ വൈകാരികമായ ബന്ധം പുലര്‍ത്തുന്ന കണ്ണൂരിലെ നേതാക്കളിലൊരാളാണ് പന്ന്യന്‍. ദേശീയ കൗണ്‍സിലില്‍ മാത്രമല്ല സംസ്ഥാന സമിതിയിലും ഇപ്പോള്‍ പന്ന്യന്‍ അംഗമല്ല. അതുകൊണ്ടു തന്നെ ബന്ധപ്പെട്ട ജില്ലാഘടകങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കണമെന്നാണ് പാര്‍ടി നിര്‍ദേശം. എന്നാല്‍ സ്വദേശം കണ്ണൂരാണെങ്കിലും കണ്ണൂരിലേക്ക് മടങ്ങിവരാന്‍ പന്ന്യന് താല്‍പര്യമില്ലെന്നാണ് സൂചനകള്‍. കണ്ണൂരിലെ പാര്‍ടി ജില്ലാകമിറ്റി ഉന്നത നേതാവിനെ സ്വീകരിക്കാന്‍ തയ്യാറാണെങ്കിലും തിരുവനന്തപുരം ജില്ലാകമിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് പന്ന്യന് താല്‍പര്യമാണെന്നാണ് സൂചന.

തലസ്ഥാനത്തെ മിക്ക സാമൂഹ്യ, സാംസ്‌കാരിക പരിപാടികളിലെയും നിറഞ്ഞ സാന്നിധ്യം കൂടിയാണ് പന്ന്യന്‍. പ്രായപരിധിയാല്‍ ഒഴിവാക്കപ്പെട്ട മുതിര്‍ന്ന നേതാക്കളെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാക്കാളായി ഉള്‍പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നുവെങ്കിലും പരിഗണിക്കപ്പെടാത്തതാണ് പന്ന്യന്‍ ഉള്‍പെടെയുളള മൂന്ന് തലമുതിര്‍ന്ന നേതാക്കള്‍ക്ക് തിരിച്ചടിയായത്.

കെഇ ഇസ്മാഈല്‍, സി ദിവാകരന്‍ എന്നിവരാണ് പ്രായപരിധിയില്‍ ഒഴിവാക്കപ്പെട്ട മറ്റു നേതാക്കള്‍. സംസ്ഥാന നിര്‍വാഹക സമിതി നിര്‍ദേശം നടപ്പിലാക്കപ്പെടുകയാണെങ്കില്‍ ഇസ്മാഈല്‍ പാലക്കാടും സി ദിവാകരന്‍ തിരുവനന്തുപുരം കേന്ദ്രമായും പ്രവര്‍ത്തിക്കേണ്ടതായി വരും. മറ്റൊരു മുതിര്‍ന്ന നേതാവ് എകെ ചന്ദ്രനോട് സ്വദേശമായ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും പാര്‍ടി നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പ്രായപരിധി 75-ആയി നിശ്ചയിച്ചതോടെയാണ് ഈ നാലുനേതാക്കളും നേതൃനിരയില്‍ നിന്നും ഒഴിവായത്. ജില്ലാഘടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാനായിരുന്നു പാര്‍ടിയുടെ നിര്‍ദേശം.

എന്നാല്‍, ദേശീയ, സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളെ ഒറ്റയടിക്ക് ജില്ലയിലേക്ക് തരം താഴ്ത്തിയതിനെതിരെ പാര്‍ടിയില്‍ അതൃപ്തി പുകയുന്നുണ്ട്. മുതിര്‍ന്ന നേതാവായ പന്ന്യന്‍ കണ്ണൂരില്‍ തന്റെ പ്രവര്‍ത്തനതട്ടകം മാറ്റുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നാണ് കണ്ണൂരിലെ പാര്‍ടി നേതൃത്വം നല്‍കുന്ന സൂചന. കണ്ണൂര്‍ ജില്ലയിലെ പൊതുപരിപാടികളില്‍ പന്ന്യന്‍ സജീവസാന്നിധ്യമാകുന്നത് പാര്‍ടിക്ക് കരുത്തേകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുന്‍ തിരുവനന്തപുരം എംപി, സംസ്ഥാന സെക്രടറി, ദേശീയ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച പന്ന്യന്‍ അടിയന്തിരാവസ്ഥകാലത്ത് അതിക്രൂരമായ പൊലിസ് മര്‍ദനവും ജയില്‍വാസവും അനുഭവിക്കേണ്ടി വന്ന നേതാക്കളിലൊരാളാണ്.

Keywords:  Latest-News, Kerala, Kannur, Thiruvananthapuram, Top-Headlines, CPM, Political-News, Politics, Pannyan Ravindran, Pannyan Ravindran did not return from Thiruvananthapuram.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia