Defeated | കോസ്റ്ററിക്കയോട് തോറ്റ്, പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളില്‍ കാലിടറി ജപ്പാന്‍

 


(www.kvartha.com) കപ്പ് പ്രതീക്ഷകളുമായെത്തിയ ജര്‍മ്മനിയെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് അട്ടിമറിച്ച ജപ്പാന്‍ ആദ്യ മത്സരത്തില്‍ സ്പെയിന്‍ പ്രഭാവത്തിന് മുന്നില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് നിഷ്പ്രഭമായിപ്പോയ കോസ്റ്റാറിക്കയുമായി ഏറ്റുമുട്ടുമ്പോള്‍, വമ്പന്മാരുടെ ഗ്രൂപ്പില്‍നിന്ന് ഒരു പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കുകയാവും ജപ്പാന്റെ ലക്ഷ്യമെന്നാണ് പ്രതീക്ഷിച്ചത്. ജര്‍മ്മനിയുടെയോ സ്‌പെയിനിന്റെയോ 'അന്തക'നായി ഒരു പ്രീ ക്വാര്‍ട്ടര്‍ എന്‍ട്രി!
           
Defeated | കോസ്റ്ററിക്കയോട് തോറ്റ്, പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളില്‍ കാലിടറി ജപ്പാന്‍

എന്നാല്‍ കാണികളുടെ നിര്‍ല്ലോഭ പിന്തുണയുണ്ടായിട്ടും, ജര്‍മ്മനിയോട് പോരാടിയ ജപ്പാനെയല്ല ഗ്രൗണ്ടില്‍ കണ്ടത്. സൂര്യന്‍ ഉച്ചിയില്‍ നില്‍ക്കുന്ന ഉച്ച നേരത്താണ് മത്സരമെന്നത് ഇരു ടീമുകളേയും കുഴക്കിയിട്ടുണ്ടാവണം. കോസ്റ്ററിക്ക കടുത്ത പ്രതിയോഗികളായിരിക്കുമെന്നും കായികക്ഷമതയിലും കളിയിലും മികച്ച ടീമാണെന്നും, ജപ്പാന്‍ പരിശീലകന്‍ ഹാജിം മൊറിയാസു നേരത്തെ പറഞ്ഞിരുന്നു. പന്ത് പരമാവധി നിയന്ത്രണത്തിലാക്കി കളി വരുതിയിലാക്കാനാവും തങ്ങളുടെ ശ്രമമെന്നും. അതൊന്നും പക്ഷെ ഗ്രൗണ്ടില്‍ കണ്ടില്ല.

സ്‌പെയിനില്‍ നിന്നേറ്റ പരാജയത്തില്‍നിന്ന് ഒരു പുനര്‍ജ്ജന്മം പ്രതീക്ഷിക്കാമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഞങ്ങള്‍ മരിച്ചിട്ടില്ല,' എന്നായിരുന്നു കോസ്റ്റാറിക്ക കോച്ച് ലൂയിസ് ഫെര്‍ണാണ്ടോ സുവാരസിന്റെ മറുപടി. വിജയം ലക്ഷ്യമാക്കിത്തന്നെയാണ് തങ്ങള്‍ ഇറങ്ങിയിരിക്കുന്നതെന്ന്, കളി തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ജപ്പാന്‍ പോസ്റ്റിലേക്ക് ആക്രമണം നടത്തി കോസ്റ്റാറിക്ക നിലപാടറിയിക്കുകയും ചെയ്തു..
    
Defeated | കോസ്റ്ററിക്കയോട് തോറ്റ്, പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളില്‍ കാലിടറി ജപ്പാന്‍

ഇരു ടീമുകളും പരസ്പ്പരം സൂക്ഷിച്ചാണ് കളിച്ചത്. ഒറ്റപ്പെട്ട മുന്നേറ്റങ്ങളൊഴിച്ചാല്‍ ഒന്നാം പകുതിയില്‍ പൊതുവെ ആക്രമണങ്ങള്‍ ഒഴിഞ്ഞു നിന്നു. ഗോളിമാര്‍ പരീക്ഷിക്കപ്പെടാതെ, പന്ത് മിക്കവാറും മധ്യനിരയില്‍ കറങ്ങി നടന്നതോടെ, മത്സരം വിരസമായി. ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ഇരു ഭാഗത്തും പൂജ്യം! അടുത്ത മത്സരം സ്‌പെയിനിനെതിരെയായിരിക്കെ, എങ്ങിനെയും ഈ മത്സരം ജയിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കാനുള്ള ആവേശമൊന്നും ജപ്പാന്‍ താരങ്ങളില്‍ കണ്ടില്ല. അതോടെ ആദ്യ പകുതി തീര്‍ത്തും വിരസമായ സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഒരല്‍പ്പംകൂടി ഉണര്‍ന്നു കളിക്കുന്ന ജപ്പാനെയാണ് കണ്ടത്. എങ്കിലും കളി വിരസമായിത്തന്നെ തുടര്‍ന്നു. ജപ്പാന്റെ മൂര്‍ച്ഛയില്ലാത്ത ആക്രമണങ്ങള്‍ക്ക് കീഴടങ്ങാന്‍ സ്‌പെയിനിനോട് ഏഴു ഗോള്‍ വഴങ്ങി ഏറെ പഴി കേട്ട കോസ്റ്ററിക്കയുടെ പ്രശസ്ത ഗോള്‍ കീപ്പര്‍ കീലര്‍ നവാസിനു മനസ്സില്ലായിരുന്നു.

മത്സരത്തിന്റെ 81-ആം മിനിറ്റില്‍ കോസ്റ്ററിക്ക ഗോള്‍ നേടി. കോസ്റ്ററിക്കയുടെ മുന്നേറ്റ താരം കീഷര്‍ ഫുള്ളറുടെ ബോക്‌സിനകത്തുനിന്നുള്ള ഇടങ്കാലനടി, ഡൈവ് ചെയ്ത ജാപ്പനീസ് ഗോളിയുടെ കയ്യിലുരുമ്മി പോസ്റ്റില്‍ കയറി.

പിന്നീടങ്ങോട്ട് ഗോള്‍ തിരിച്ചടിക്കാന്‍ ജപ്പാന്‍ താരങ്ങള്‍ ആവത് ശ്രമിച്ചെങ്കിലും, അപ്പോഴേക്കും റഫറിയുടെ ലോങ്ങ് വിസില്‍ മുഴങ്ങി.

ജപ്പാന്റെ പരാജയത്തോടെ, ടീമിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശന സാദ്ധ്യതകള്‍ പറ്റെ ദുര്‍ബ്ബലമായിരിക്കുകയാണ്. ഞായറാഴ്ച സ്‌പെയിനിനെതിരെ ജീവന്മരണ പോരാട്ടത്തിനൊരുങ്ങുന്ന ജര്‍മ്മനിക്ക് വലിയ ആശ്വാസവും. പ്രാഥമിക ഗ്രൂപ്പിലെ 'ഫൈനല്‍' എന്ന് പറയാവുന്ന സ്പെയിനെതിരായ മത്സരത്തില്‍ സമനില പിടിച്ചാലും, കോസ്റ്ററിക്കയ്ക്കെതിരെ മികച്ച വിജയം നേടാനായാല്‍ അവര്‍ക്ക് രണ്ടാം റൗണ്ടില്‍ കടക്കാം. ജപ്പാനെപ്പോലെ ജര്‍മ്മനിക്കെതിരെ ഒരു അട്ടിമറി ജയം നേടാനായാല്‍ കോസ്റ്ററിക്കയ്ക്കും പ്രാഥമിക റൌണ്ട് കടക്കാം!

Report: MUJEEBULLA KV

Keywords: No joy for Japan as they slump to defeat by Costa Rica, Qatar, FIFA-World-Cup-2022, Football, Trending, Gulf, World. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia