BJP agents held | തെലങ്കാനയില്‍ ടിആര്‍എസ് എംഎല്‍എമാരെ 'വാങ്ങാന്‍' കോടിക്കണക്കിന് രൂപയുമായി എത്തിയവര്‍ പിടിയില്‍; പിന്നില്‍ ബി ജെ പിയാണെന്ന് ആരോപണം

 


ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (TRS) നാലു എംഎല്‍എമാരെ 'വാങ്ങാന്‍' കോടിക്കണക്കിനു രൂപയുമായി എത്തിയവര്‍ പിടിയിലായതായി പൊലീസ്. 

ഡെകാന്‍ പ്രൈഡ് ഹോടല്‍ ഗ്രൂപ് ഉടമയും കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡിയുടെ അനുയായിയുമായ നന്ദകുമാര്‍, ഡെല്‍ഹി ഫരീദാബാദ് സ്വദേശിയായ പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ, തിരുപ്പതി സ്വദേശി ദര്‍ശകന്‍ ഡി സിംഹയാജി എന്നിവരെയാണ് സൈദരാബാദ് പൊലീസ് പിടികൂടിയത്. 

നാല് എംഎല്‍എമാരെയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ (KCR) ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്ക് കൊണ്ടുപോയി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഹൈദരാബാദ് നഗരത്തിനു പുറത്തുള്ള മൊയ്‌നാബാദ് അസീസി നഗറിലെ ഫാം ഹൗസില്‍ നിന്ന് 15 കോടി രൂപ അടങ്ങിയ ബാഗുകള്‍ അടക്കമാണ് മൂന്നു പേരും പിടിയിലായത്. അടുത്തിടെ, ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു.

ഇതിന്റെ ഭാഗമായി നന്ദകുമാറാണ് എംഎല്‍എമാരായ രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരെ സമീപിച്ചത്. നന്ദകുമാര്‍ മുന്‍പും പല എംഎല്‍എമാരെയും സമീപിച്ചിരുന്നു. വിവരം അറിഞ്ഞ ടിആര്‍എസ്, നന്ദകുമാറിന്റെ പ്രലോഭങ്ങള്‍ക്ക് അനുകൂലമായി പ്രതികരിച്ച ശേഷം പൊലീസിനെ വിവരം അറിയിച്ചു.

25 കോടി രൂപയും സ്ഥാനമാനങ്ങളുമാണ് ഓഫര്‍ ചെയ്തത്. ഇതനുസരിച്ചു കച്ചവടം ഉറപ്പിക്കാനായി മൂന്നുപേരും ഫാം ഹൗസില്‍ എത്തിയപ്പോള്‍ എംഎല്‍എമാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സൈദരാബാദ് കമിഷണര്‍ സ്റ്റീഫന്‍ രവീന്ദ്ര നേരിട്ടെത്തിയാണ് മൂന്നു പേരെയും പിടികൂടിയത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുനുഗോഡ് മണ്ഡലത്തിലെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതിനിടെയാണ് നാടകീയ സംഭവം. മുനുഗോഡില്‍ ബിജെപിയാണ് ടിആര്‍എസിന്റെ എതിരാളികള്‍. എന്നാല്‍, മുനുഗോഡില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും അദ്ദേഹത്തിന്റെ പാര്‍ടിയും 'കുതിരക്കച്ചവട നാടകം' സംഘടിപ്പിച്ചതാണെന്ന് തെലങ്കാന ബിജെപി നേതാവ് ഡി കെ അരുണയും നിസാമാബാദിലെ ബിജെപി എംപി ഡി അരവിന്ദും ആരോപിച്ചു. നേരത്തെ മഹാരാഷ്ട്രയിലും കര്‍ണാടകയിലും കുതിര കച്ചവടം നടന്നിരുന്നു.

BJP agents held | തെലങ്കാനയില്‍ ടിആര്‍എസ് എംഎല്‍എമാരെ 'വാങ്ങാന്‍' കോടിക്കണക്കിന് രൂപയുമായി എത്തിയവര്‍ പിടിയില്‍; പിന്നില്‍ ബി ജെ പിയാണെന്ന് ആരോപണം

Keywords: Three BJP agents held with cash trying to buy TRS MLAs in Hyderabad, Hyderabad, News, Politics, BJP, Arrested, Police, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia