Show cause Notice | പിടിവിടാതെ ഗവര്‍ണര്‍: സംസ്ഥാനത്തെ 2 വൈസ് ചാന്‍സലര്‍മാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോടിസ് നല്‍കി

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോടിസ് നല്‍കി. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എം മുബാറക് പാശയ്ക്കുമാണ് കാരണം കാണിക്കല്‍ നോടിസ് അയച്ചിരിക്കുന്നത്. നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ഗവര്‍ണര്‍ സൂചിപ്പിച്ചിരുന്നു.

ഇരു വിസിമാരുടെയും നിയമനത്തില്‍ യു ജി സി ചട്ടലംഘനമുണ്ടായിട്ടുണ്ടെന്ന് രാജ്ഭവന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം എസ് രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഗവര്‍ണറുടെ നീക്കം. സുപ്രീംകോടതി വിധിയുടെ സാഹചര്യത്തില്‍ രണ്ടുപേര്‍ക്കും സ്ഥാനത്തു തുടരാന്‍ കഴിയില്ലെന്ന് നോടിസില്‍ ചൂണ്ടിക്കാട്ടുന്നു.

Show cause Notice | പിടിവിടാതെ ഗവര്‍ണര്‍: സംസ്ഥാനത്തെ 2 വൈസ് ചാന്‍സലര്‍മാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോടിസ് നല്‍കി

സമീപകാലത്താണ് ഇരു സര്‍വകലാശാലകളും രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. സര്‍കാര്‍ വിസിയുടെ പേര് നിര്‍ദേശിക്കുകയും ഗവര്‍ണര്‍ അത് അംഗീകരിക്കുകയുമായിരുന്നു. സാധാരണ പുതിയ സര്‍വകലാശാല

രൂപവത്കരിക്കുമ്പോള്‍ ഈ രീതിയില്‍ തന്നെയാണ് നിയമനം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ നിയമനങ്ങളെ ചോദ്യം ചെയ്യാനാകും.

ഇരു സര്‍വകലാശാലകള്‍ക്കും യു ജി സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇവയിലെ വിസി നിയമനം യു ജി സി ചട്ടപ്രകാരം നടത്തേണ്ടതുണ്ട്. അതിനാലാണ് നിലവിലെ വിസിമാരെ ഒഴിവാക്കി, സെര്‍ച് കമിറ്റി രൂപവത്കരിച്ച് പുതിയ വി സിമാരെ കണ്ടെത്താനുള്ള നടപടിയിലേക്ക് ഗവര്‍ണര്‍ കടക്കുന്നത്.

സംസ്ഥാനത്തെ ഒന്‍പതു സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് നേരത്തെ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ അന്തിമതീരുമാനം എടുക്കുന്നതുവരെ വിസിമാര്‍ക്ക് തുടരാമെന്ന് കഴിഞ്ഞദിവസം ഹൈകോടതി വ്യക്തമാക്കിയിരുന്നു. പുറത്താകാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ഒന്‍പതു വിസിമാര്‍ക്ക് അടുത്തമാസം മൂന്നുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

കേരള, എംജി, കാലികറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവയിലെ വിസിമാര്‍ക്കാണ് ആദ്യം നോടിസ് നല്‍കിയത്.

സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമേ അഞ്ച് സര്‍വകലാശാലകളിലെ വിസിമാരെ നിയമിച്ചത് പാനല്‍ ഇല്ലാതെയാണെന്ന് ഗവര്‍ണറുടെ നിര്‍ദേശത്തില്‍ പറയുന്നു. മറ്റുള്ളവരുടെ നിയമനത്തിനു പാനല്‍ ഉണ്ടായിരുന്നെങ്കിലും സെര്‍ച് കമിറ്റിയില്‍ അകാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഡോ.രാജശ്രീയെ നീക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കാന്‍ സര്‍കാരും സര്‍വകലാശാലയും തയാറെടുക്കുന്നതിനിടെ ആണ് ഗവര്‍ണറുടെ നടപടി.

Keywords: Show cause Notice by Governor to Digital and Sree Narayana Guru University Vice Chancellors, Thiruvananthapuram, News, Politics, Trending, Notice, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia